തെരുവുനായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പ്; ഷെൽട്ടർ ഹോം പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി
text_fieldsമേപ്പാടി: തെരുവ് നായ്ക്കളിൽനിന്ന് കടിയേറ്റ് മനുഷ്യർക്ക് പേവിഷ ബാധയുണ്ടാകുന്നത് തടയുക എന്ന ലക്ഷ്യത്തോടെ സർക്കാർ പ്രഖ്യാപിച്ച വാക്സിനേഷൻ, വന്ധ്യംകരണ പദ്ധതികൾ പാതിവഴിയിൽ നിലച്ചു. മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് ഗ്രാമപഞ്ചായത്തുകൾ പദ്ധതി നടപ്പാക്കണമെന്നായിരുന്നു സർക്കാർ നിർദേശം. ആദ്യപടിയെന്ന നിലയിൽ വളർത്തുനായ്ക്കൾ, പൂച്ചകൾ എന്നിവക്ക് കുത്തിവെപ്പ് നടത്താനും തുടർച്ചയെന്നോണം തെരുവുനായ്ക്കൾക്കുകൂടി വാക്സിൻ നൽകി അവയക്ക് ഷെൽട്ടർ ഹോമുകൾ ഒരുക്കി സംരക്ഷിക്കുമെന്നുമായിരുന്നു പ്രഖ്യാപനം.
എന്നാൽ മൂപ്പൈനാട്, മേപ്പാടി പഞ്ചായത്തുകളിൽ സെപ്റ്റംബർ അവസാന വാരത്തിൽ വളർത്തുനായ്ക്കൾക്കുള്ള കുത്തിവെപ്പ് മാത്രമാണ് നടന്നത്. 30 ദിവസം തികയുമ്പോൾ എടുക്കേണ്ട രണ്ടാം ഡോസ് കുത്തിവെപ്പ് പോലും പൂർത്തീകരിക്കാനായില്ല. അപൂർവം ചിലർ സ്വന്തം നിലക്ക് നായ്ക്കളെ മൃഗാശുപത്രികളിലെത്തിച്ച് രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്തു എന്നുമാത്രം. വളർത്തുനായ്ക്കൾക്ക് പഞ്ചായത്ത് ലൈസൻസ് നിർബന്ധമാക്കുകയും ലൈസൻസ് ഫീസ് വർധിപ്പിക്കുകയുംകൂടി ചെയ്തു.
തെരുവുനായ്ക്കൾക്ക് ഷെൽട്ടർ ഹോം ഒരുക്കാനും കുത്തിവെപ്പ് നടത്താനുമുള്ള ചുമതല പഞ്ചായത്തുകളെ ഏൽപിച്ചതോടെയാണ് പദ്ധതി പാളിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തങ്ങൾക്ക് ഇതിനുള്ള ഫണ്ട് അനുവദിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി പഞ്ചായത്തുകൾ കൈകഴുകി. ഇതിനിടയിൽ കുളമ്പുരോഗ കുത്തിവെപ്പ് പദ്ധതി കൂടി വന്നതോടെ മൃഗസംരക്ഷണ വകുപ്പധികൃതരും അലസതയിലായി. അമിത ജോലിഭാരം എന്നത് ചൂണ്ടിക്കാട്ടിയാണ് അവരും പിന്നോട്ടടിച്ചത്. ഇതോടെ വളർത്തുനായ്ക്കൾക്കുള്ള കുത്തിവെപ്പ് മാത്രമായി പദ്ധതി ചുരുങ്ങി. ഇതാകട്ടെ നായ്ക്കളെ ഓമനിച്ച് വളർത്തുന്നവർ സ്വന്തംനിലക്ക് ചെയ്തുവന്നിരുന്നതുമാണ്. മുമ്പ് കുത്തിവെപ്പ് എടുത്തവരാണ് പലരും ബൂസ്റ്റർ ഡോസ് എന്ന നിലക്ക് രണ്ടാമതും കുത്തിവെപ്പിച്ചത്.
ജനങ്ങൾക്ക് ഭീഷണി ഉയർത്തുന്നത് വളർത്തുനായ്ക്കളല്ല, തെരുവ് നായ്ക്കളാണ്. നിരവധി പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റതുമായി ബന്ധപ്പെട്ടുണ്ടായ ബഹളങ്ങൾക്കിടയിലാണ് സർക്കാർ പദ്ധതി പ്രഖ്യാപിച്ചത്. അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ തെരുവ് നായ്ക്കൾക്കുള്ള പ്രതിരോധ കുത്തിവെപ്പ്, വന്ധ്യംകരണം എന്നിവ വിജയകരമായി പുരോഗമിക്കുമ്പോഴാണ് ഇവിടെ പദ്ധതി പാതിവഴിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.