ഒരാഴ്ചക്കിടയിൽ ചത്തത് ആറു കാട്ടുപന്നികൾ; പോസ്റ്റുമോർട്ടം നടത്താതെ കുഴിച്ചുമൂടി വനംവകുപ്പധികൃതർ
text_fieldsമേപ്പാടി: മാരിയമ്മൻ ക്ഷേത്ര വളപ്പിന് സമീപം സ്വകാര്യ സ്ഥലത്ത് ഒരാഴ്ചക്കുള്ളിൽ ചത്തത് ആറു കാട്ടുപന്നികൾ. ജഡങ്ങൾ പോസ്റ്റുമോർട്ടം നടത്താതെ അധികൃതർ കുഴിച്ചുമൂടി.
കാട്ടുപന്നികളുടെ ജഡം ചീഞ്ഞഴുകി ദുർഗന്ധം വമിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ക്ഷേത്രത്തിന് മുൻവശത്തായി മതിൽക്കെട്ടിനോട് ചേർന്ന് പണി പൂർത്തീകരിക്കാതെ ഒഴിഞ്ഞുകിടക്കുന്ന സ്വകാര്യ കെട്ടിടത്തിന്റെ സമീപമാണ് ജഡങ്ങൾ കാണപ്പെട്ടത്. വിഷം ഉള്ളിൽച്ചെന്നോ, ഷോക്കേറ്റോ, എന്തെങ്കിലും വൈറസ് ബാധയോ കാരണമാണ് കാട്ടുപന്നികൾ ചത്തുവീണത് എന്ന സംശയം ഉയർന്നിട്ടുണ്ട്.
എന്നാൽ, സംശയ ദൂരീകരണത്തിനായി പോസ്റ്റുമോർട്ടം നടത്താതെ എല്ലാ ജഡങ്ങളും തിരക്കിട്ട് വനം വകുപ്പധികൃതർ കുഴിച്ചുമൂടുകയാണുണ്ടായത്. ഇതിന്റെ കാരണം അന്വേഷിച്ചപ്പോൾ പോസ്റ്റുമോർട്ടം നടത്തിയാൽ ജഡം കിടന്ന സ്ഥലമുടമക്കെതിരെ കേസെടുക്കേണ്ടി വരുമെന്നും അതൊഴിവാക്കാനാണ് ചെയ്യാതിരുന്നതെന്നുമാണ് വനം വകുപ്പ് അധികൃതർ പറഞ്ഞത്. ജഡങ്ങൾ കൊണ്ടുപോയി കുഴിച്ചിട്ടുവെന്നും അധികൃതർ പറഞ്ഞു. കാട്ടുപന്നികൾ കൂട്ടത്തോടെ ചത്ത കാരണം അന്വേഷിക്കണമെന്ന് ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.
പോസ്റ്റുമോർട്ടം നടത്താതെ ധിറുതി പിടിച്ച് പന്നിയുടെ ജഡങ്ങൾ മറവ് ചെയ്ത വനം വകുപ്പ് അധികൃതരുടെ നടപടിക്കെതിരെയും വിമർശനമുയർന്നിട്ടുണ്ട്. ക്ഷേത്രത്തിനുള്ളിലേക്ക് ദുർഗന്ധമെത്തുന്നത് ആരാധനക്കെത്തുന്ന വിശ്വാസികൾക്കും ദുരിതമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.