കുന്നിടിച്ച് മണ്ണ് ഖനനം; പരസ്പരം പഴിചാരി സർക്കാർ വകുപ്പുകൾ
text_fieldsമേപ്പാടി: കോട്ടപ്പടി വില്ലേജ് പരിധിക്കുള്ളിൽ വ്യാപകമായി നടക്കുന്ന മണ്ണ് ഖനനം വലിയ ചർച്ചയായതോടെ, ഇതുമായി ബന്ധപ്പെട്ട വിവിധ സർക്കാർ വകുപ്പുകൾ പരസ്പരം പഴിചാരി ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയുന്നു.
പശ്ചിമഘട്ടത്തിന്റെ ഭാഗമായ മേപ്പാടി പഞ്ചായത്തിൽ കുന്നുകൾ ഇടിച്ച് പരിധിയിലേറെ ആഴത്തിൽ മണ്ണ് ഖനനം നടത്തുന്നതിന് ആരാണ് അനുമതി നൽകുന്നത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. മണ്ണ് ഖനനാനുമതി നൽകുന്നത് മൈനിങ് ആൻഡ് ജിയോളജി വകുപ്പെന്നായിരുന്നു പൊതു ധാരണ.
എന്നാൽ, ഗ്രാമ പഞ്ചായത്ത് ലാൻഡ് ഡെവലപ്മെൻറ്പെർമിറ്റ്, ബിൽഡിങ് പെർമിറ്റ് എന്നിവ നൽകിയതിനാലാണ് മണ്ണ് നീക്കം ചെയ്യുന്നതിന് നിബന്ധനകൾക്ക് വിധേയമായി മിനറൽ ട്രാൻസിറ്റ് പാസ് തങ്ങൾക്കു നൽകേണ്ടി വരുന്നതെന്നാണ് ജിയോളജി വകുപ്പു മേധാവികൾ പറയുന്നത്. അതിനുള്ള തുക കക്ഷികളിൽനിന്ന് ഈടാക്കുകയും ചെയ്യുന്നുണ്ടെന്ന് അവർ പറയുന്നു. മണ്ണിടിക്കുന്ന ഭൂമിയുടെ ഘടന, അതിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ എന്നിവ പരിശോധിക്കേണ്ടത് ഗ്രാമ പഞ്ചായത്താണെന്നതാണ് പുതിയ വാദം.
വില്ലേജ് അധികാരികൾക്ക് ഇപ്പോൾ ഇക്കാര്യത്തിൽ പ്രത്യേക അധികാരമൊന്നുമില്ലെന്നാണ് സൂചന. പരാതികൾ ഉയർന്നു വരുമ്പോൾ വില്ലേജ് ഓഫിസർ സ്ഥലത്തെത്തി പ്രവൃത്തി തൽക്കാലം നിർത്തിവെക്കാനുള്ള സ്റ്റോപ് മെമ്മോ നൽകുന്നു എന്നു മാത്രം. ഒന്നോ രണ്ടോ ദിവസം മാത്രമാണതിന്റെ ആയുസ്സ്.
മണ്ണ് നീക്കം ചെയ്യുമ്പോഴും മറ്റൊരിടത്ത് നിക്ഷേപിക്കുമ്പോഴും ജിയോളജി വകുപ്പിന്റെ പാസിൽ പറയുന്ന നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്ന പരിശോധനയും നടക്കുന്നില്ല. ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവുകൾ കർശനമായി പാലിക്കേണ്ടതാണെന്ന് പാസിൽ ജിയോളജി വകുപ്പ് പരാമർശിക്കുന്നു.
എന്നാൽ, ജില്ല ദുരന്ത നിവാരണ അതോറിറ്റി ഇക്കാര്യത്തിൽ ഒരു മാനദണ്ഡവും മുന്നോട്ടുവെച്ചതായി അറിവില്ല. ശക്തമായ മഴ പെയ്യുന്ന ഘട്ടങ്ങളിൽ എക്സ്കവേറ്ററുകൾ ഉപയോഗിക്കുന്നതിന് ഏതാനും ദിവസത്തേക്ക് നിയന്ത്രണമേർപ്പെടുത്തുന്നതിനപ്പുറത്തേക്ക് അവർ ഒന്നും ചെയ്യാറില്ല.
ഗ്രാമ പഞ്ചായത്തിന്റെ മേൽപറഞ്ഞ രണ്ട് പെർമിറ്റുകൾ, ജിയോളജി വകുപ്പിന്റെ ട്രാൻസിറ്റ് പാസ് എന്നിവയെ മറയാക്കി വലിയ തോതിലുള്ള മണ്ണ് ഖനനമാണ് മാസങ്ങൾക്കിടെ കോട്ടപ്പടി വില്ലേജിൽ നടന്നത്. ഒരു ക്യുബിക് മീറ്റർ മണ്ണിന് 40 രൂപയാണ് ജിയോളജി വകുപ്പ് റോയൽറ്റി ഈടാക്കുന്നത്. 2000 ക്യു.മീറ്റർ മണ്ണ് നീക്കം ചെയ്യാനുള്ള പാസ് ഉപയോഗിച്ച് അതിന്റെ പതിന്മടങ്ങ് മണ്ണെടുക്കുകയും എടുക്കുന്ന മണ്ണ് വിൽപന നടത്തുകയും ചെയ്യുന്ന രീതിയുമുണ്ട്.
റോയൽറ്റിയായി അടച്ചതിന്റെ എത്രയോ മടങ്ങ് തുകയാണ് മണ്ണ് വിൽപനയിലൂടെ കക്ഷികൾ സമ്പാദിക്കുന്നത്. പരാതി ഉയർന്നതിനെത്തുടർന്ന് മേപ്പാടി കോട്ടപ്പടി വില്ലേജിൽ മണ്ണ് ഖനനം നടക്കുന്ന സ്ഥലങ്ങൾ തിങ്കളാഴ്ച വയനാട് സബ് കലക്ടർ ശ്രീലക്ഷ്മി, ജില്ല ജിയോളജിസ്റ്റ്, വൈത്തിരി അഡീഷനൽ തഹസിൽദാർ എം.എസ്. ശിവദാസൻ, കോട്ടപ്പടി വില്ലേജ് ഓഫിസർ എന്നിവർ സന്ദർശിച്ചു. ഇതു സംബന്ധിച്ച് വില്ലേജ് ഓഫിസറോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അടിക്കടി ഉരുൾപൊട്ടലും മണ്ണിടിച്ചിലും നടക്കുന്ന ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളിൽ അനിയന്ത്രിതമായി മണ്ണ് ഖനനം നടക്കുമ്പോൾ ജില്ല ദുരന്തനിവാരണ അതോറിറ്റി (ഡി.ഡി.എം.എ) നോക്കുകുത്തിയായി നിൽക്കുന്നു എന്ന ആക്ഷേപം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.