വയനാട് പൊലീസിന് ‘ഒപ്പം ചിരിച്ച്’ വിദ്യാർഥികള്‍
text_fieldsമേപ്പാടി: ദിവസങ്ങളായി സ്കൂളിനു മുന്നിലൂടെയും നാട്ടിലൂടെയും ചീറിപ്പാഞ്ഞ ആംബുലന്‍സുകളുടെ ശബ്ദം, നേരിട്ടും വാര്‍ത്തകളിലൂടെയുമറിഞ്ഞ സഹജീവികളുടെയും കൂട്ടുകാരുടെയും നൊമ്പരപ്പെടുത്തുന്ന സങ്കട കഥകള്‍, സ്കൂളിലെ ക്ലാസ് മുറികളില്‍ മുഴുവനും അലയടിച്ച ഉറ്റവരെയും നാടിനെയും വീടിനെയും നഷ്ടപ്പെട്ടവരുടെ സങ്കടക്കടല്‍... ശ്വാസമടക്കി പിടിച്ച് ഇതുവരെ അനുഭവിച്ച വിഷമതകളെയെല്ലാം ബലൂണുകളിലേക്ക് നിറക്കുന്നതായി സങ്കൽപിച്ച് മേപ്പാടി സ്കൂളിലെ ഹയര്‍ സെക്കൻഡറി വിഭാഗം വിദ്യാർഥികള്‍ ബലൂണുകള്‍ ഊതിവീര്പ്പിച്ചുതുടങ്ങി. അവരുടെ സങ്കടങ്ങളും പ്രശ്നങ്ങളും മാനസിക ബുദ്ധിമുട്ടുകളുമെല്ലാം നിറഞ്ഞ ബലൂണുകളെ അവര്‍ തട്ടിക്കളിച്ചു, പിന്നെ മത്സരിച്ച് പൊട്ടിച്ചു. ബലൂണുകൾ പൊട്ടിയപ്പോള്‍ ക്ലാസ് മുറികളിലാകെ പൊട്ടിച്ചിരികളുയര്‍ന്നു.
28 ദിവസത്തിനു ശേഷമാണ് ക്ലാസ് മുറികളില്‍ വിദ്യാർഥികളുടെ കളിചിരികളുയര്‍ന്നത്. അതുവരെ സ്കൂളില്‍ തളംകെട്ടിനിന്ന സങ്കടങ്ങളെ അവര്‍ പുറത്തേക്ക് പായിച്ചു. വയനാട് പൊലീസിന്റെ ‘ഒപ്പം ചിരിക്കാം’ പദ്ധതിയുടെ ഭാഗമായി ജി.എച്ച്.എസ്.എസ് മേപ്പാടിയിലെത്തിയ പൊലീസ് സംഘമാണ് വിവിധ ഗെയിമുകളും കലാപരിപാടികളുമായി വിദ്യാർഥികള്‍ക്കൊപ്പം ചേര്‍ന്നത്. പൊലീസ് ഉദ്യോഗസ്ഥരും കൗണ്‍സലര്‍മാരും സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളും അടങ്ങുന്ന സംഘത്തെ വിദ്യാര്‍ഥികള്‍ സന്തോഷത്തോടെയാണ് യാത്രയാക്കിയത്. പദ്ധതിയുടെ ഭാഗമായി ചൊവ്വാഴ്ച നാല് കുടുംബങ്ങളെ സന്ദര്‍ശിച്ച് കൗണ്‍സലിങ് നടത്തി. നാല് ദിവസങ്ങളായി 68 കുടുംബങ്ങൾക്കാണ് വീടുകളിലെത്തി മാനസിക പിന്തുണ നല്‍കിയത്.
ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ നിർദേശപ്രകാരം അഡീഷനല്‍ എസ്.പിയും സോഷ്യല്‍ പൊലീസിന്റെ ഡി ക്യാപ് പദ്ധതിയുടെ ജില്ല നോഡല്‍ ഓഫിസറുമായ വിനോദ് പിള്ള, അസി. നോഡല്‍ ഓഫിസര്‍ കെ. മോഹന്‍ദാസ്, പ്രോജക്ട് അസിസ്റ്റന്റ് ടി.കെ. ദീപ, ഡി.സി.ആര്.സി, ഡി- ഡാഡ് പദ്ധതിയുടെ കീഴിലുള്ള കൗണ്‍സലേഴ്സ്, സ്റ്റുഡന്റ് പൊലീസ് കാഡറ്റുകള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.