മാലിന്യ സംസ്കരണവുമായി ശുചിത്വ മിഷൻ
text_fieldsമേപ്പാടി: ഉരുൾപൊട്ടൽ പ്രദേശത്തെയും ക്യാമ്പുകളിലെയും മാലിന്യ പ്രശ്നങ്ങൾ ഫലപ്രദമായും കാര്യക്ഷമമായും പരിഹരിച്ച് ദുരന്ത മേഖലയിലെ മാലിന്യ സംസ്കരണത്തിൽ പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ശുചിത്വ മിഷൻ. ദുരന്തത്തെ തുടര്‍ന്ന് നൂറു കണക്കിന് ദുരിതബാധിതരെ പാര്‍പ്പിച്ചിരിക്കുന്ന ക്യാമ്പുകളിലും രക്ഷാപ്രവര്‍ത്തനത്തിനായി നിരവധി പേരുടെ സാന്നിധ്യമുള്ള ദുരന്തഭൂമിയിലും മാലിന്യനീക്കവും സംസ്കരണവും വെല്ലുവിളിയായപ്പോള്‍ അതേറ്റെടുത്തത് ശുചിത്വ മിഷനാണ്. ജൈവ അജൈവ മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കിയും ആവശ്യത്തിന് ബയോ ടോയ്ലറ്റുകൾ സ്ഥാപിച്ചും ശൗചാലയ മാലിന്യം ശാസ്ത്രീയമായി സംസ്കരിച്ചും ക്യാമ്പുകളിൽ പ്രത്യേക ഹെൽപ് ഡെസ്കുകൾ തയാറാക്കിയുമാണ് ശുചിത്വ മിഷൻ മാലിന്യ പ്രശ്നങ്ങൾ പരിഹരിച്ചത്. ചൂരൽമല പ്രദേശത്ത് ഏഴ് ബയോ ടോയ്ലറ്റുകളും വിവിധ ക്യാമ്പുകളിലായി 39 ബയോ ടോയ്ലറ്റുകളും ശുചിത്വ മിഷന് സ്ഥാപിച്ചു. സെപ്റ്റിക് ടാങ്കുകളിൽ നിന്നും മാലിന്യം ശാസ്ത്രീയമായി ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനുമായി രണ്ടു മൊബൈൽ ട്രീറ്റ്മെന്റ് യൂനിറ്റുകളും കൽപറ്റയിൽ സ്ഥിതിചെയ്യുന്ന ഫീക്കൽ സ്ളഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റുമാണ് ഉപയോഗപ്പെടുത്തിയത്. ഇതുവരെ 32 കിലോ ലിറ്റർ ശൗചാലയ മാലിന്യം ശാസ്ത്രീയമായി സംസ്കരിച്ചു. ക്യാമ്പുകളിലെയും താല്‍ക്കാലിക കേന്ദ്രങ്ങളിലെയും മുഴുവൻ ശൗചാലയങ്ങളും രണ്ടു മണിക്കൂർ ഇടവേളകളിൽ വൃത്തിയാക്കുകയും ഇതിനായി ഹരിതകർമ സേനയെയും മറ്റു വളന്റിയർമാരെയും ചുമതലപ്പെടുത്തുകയും ചെയ്തു.
ജൈവ, അജൈവ മാലിന്യങ്ങളുടെ സംസ്കരണത്തിനായി ക്യാമ്പുകളിൽ നിന്നും ഹരിതകർമ സേന വളന്റിയർമാരുടെ നേതൃത്വത്തിൽ മാലിന്യം പ്രത്യേക ബിന്നുകളിൽ ശേഖരിക്കുകയും തരം തിരിച്ച് ജൈവ മാലിന്യം പന്നിഫാമുകൾക്ക് കൈമാറ്റം ചെയ്യുകയും കൂടുതലായി വരുന്നവ കൽപറ്റയിലെ വിൻഡ്രോ കമ്പോസ്റ്റ് യൂനിറ്റിൽ ശാസ്ത്രീയമായി സംസ്കരിക്കുകയുമാണ് ചെയ്യുന്നത്. അജൈവമാലിന്യങ്ങൾ ക്ലീൻ കേരള കമ്പനി, ഗ്രീൻ വേമ്സ് എന്നീ സ്ഥാപനങ്ങൾക്കാണ് കൈമാറുന്നത്. ഇതിനോടകം 12 ടൺ ജൈവ മാലിന്യവും 13 ടൺ അജൈവമാലിന്യവുമാണ് ശാസ്ത്രീയമായി സംസ്കരിച്ചത്. ക്യാമ്പുകളിൽ സാനിറ്ററി മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് രണ്ടു ഇൻസിനറേറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. ബയോ മെഡിക്കൽ മാലിന്യവും അധികമായി വരുന്ന സാനിറ്ററി മാലിന്യവും ആക്രി എന്ന സ്ഥാപനത്തിനാണ് കൈമാറുന്നത്. മാലിന്യ സംസ്കരണത്തിന് വിവിധ ക്യാമ്പുകളിലായി ഹരിതകർമ സേന പ്രവർത്തകർ ഉൾപ്പെട്ടെ 200 വളന്റിയർമാരാണ് പ്രവർത്തിക്കുന്നത്. ശുചിത്വ മിഷന്റെ നേതൃത്വത്തിലുള്ള ഹെല്പ് ഡെസ്കുകളും ക്യാമ്പുകളിൽ പ്രവര്‍ത്തിക്കുന്നു. ജൈവ മാലിന്യം കുറക്കുന്നതിന്റെ ഭാഗമായി ക്യാമ്പുകളിൽ സ്റ്റീൽ പ്ലേറ്റ്, സ്റ്റീൽ ഗ്ലാസ് എന്നിവ വിതരണം ചെയ്തിട്ടുണ്ട്.
രക്ഷാപ്രവർത്തന മേഖലകളിലെ മാലിന്യം നീക്കം ചെയ്യുന്നതിനായി സന്നദ്ധ വളന്റിയർമാരുടെ സഹായത്തോടെ പ്രത്യേക ക്ലീനിങ് ഡ്രൈവുകൾ സംഘടിപ്പിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കെട്ടിട മാലിന്യങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ മാലിന്യങ്ങളും ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള പദ്ധതികൾ ശുചിത്വമിഷന്റെ നേതൃത്വത്തിൽ തയാറാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.