കുരുന്നുകൾക്കായി അതിജീവനം
text_fieldsമേപ്പാടി: കുരുന്നുകളുടെ കണ്ണീർ തുടച്ച് പാട്ടുപാടിയും കൂട്ടുകൂടിയും ഒരു ദിനം. ദുരന്തം നിഴൽ വീഴ്ത്തിയ ഇന്നലെകളില്‍നിന്ന് കുട്ടികളെ പുതിയ പുലരികളിലേക്ക് കൈപിടിക്കാന്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാടും ചലച്ചിത്ര ഹാസ്യനടന് വിനോദ് കോവൂരും മനഃശാസ്ത്ര വിദഗ്ധൻ ഡോ. മോഹൻ റോയിയും മേപ്പാടിയിലെത്തി. ഉറ്റവരെയും നാടിനെയും ഒരു രാത്രികൊണ്ട് നഷ്ടമായ കുരുന്നുകള്‍ക്കിടയില്‍ അതിജീവനത്തിനായി ഇവര്‍ കലാപരിപാടികള്‍ ഒരുക്കി. ഭീതിദമായ ദുരന്തരാത്രിയിലെ നടുക്കങ്ങളെ മറികടക്കാന്‍ സംസ്ഥാന ബാലാവകാശ കമീഷനാണ് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കുട്ടികള്‍ക്കായി പ്രത്യേക വേദിയൊരുക്കിയത്.
കുഞ്ഞുകുഞ്ഞു കഥകളും അതിലൊളിപ്പിച്ച മായാജാലങ്ങളുമായാണ് ഗോപിനാഥ് മുതുകാട് കുട്ടികളുടെ മുന്നിലെത്തിയത്. എല്ലാം മറന്ന് കുട്ടികളെല്ലാം മുതുകാടിന്റെ മായജാലങ്ങളില്‍ മാന്ത്രികരായി. ജാലവിദ്യകള്‍ പഠിക്കാനും കുട്ടികള്‍ക്കിടയില്‍ തിടുക്കമായി. ഉത്സാഹത്തിന്റെയും നൈപുണ്യത്തിന്റെയും മായാജാലങ്ങള്‍ക്കിടയില്‍ ഗോപിനാഥ് മുതുകാട് കുട്ടികളെയും ചേര്‍ത്തുപിടിച്ചു. എളുപ്പം പഠിച്ചെടുക്കാവുന്ന മാജിക്കുകളും അതിന്റെ പിന്നാമ്പുറങ്ങളുമെല്ലാം കുട്ടികള്‍ക്കായി പരിചയപ്പെടുത്തി. അതിനൊപ്പം അതിജീവിക്കാനുള്ള കരുത്തുപകരുന്ന കഥകള്‍ കൂടി പങ്കുവെച്ചതോടെ ദുഃഖം തളംകെട്ടിനിന്ന ക്യാമ്പിന് അല്പമെങ്കിലും ആശ്വാസത്തിന്റെ തലോടലായി.
വിനോദ് കോവൂരിന്റെ പാട്ടിനൊത്ത് കുട്ടികള്‍ താളം പിടിച്ചു. കഥകള്‍ക്കൊപ്പം സഞ്ചരിച്ചു. ശബ്ദാനുകരണത്തിന്റെയും ഏകാഭിനയത്തിന്റെയും വേറിട്ട വഴികളില്‍ അവര്‍ എല്ലാം മറന്നു. മനഃശാസ്ത്ര വിദഗ്ധൻ ഡോ. മോഹൻ റോയി കുട്ടികളുമായി സംവദിച്ചു. മേപ്പാടി സെന്റ് ജോസഫ് യു.പി സ്കൂൾ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നീ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കലാപരിപാടികൾ അരങ്ങേറിയത്.
ബാലാവകാശ കമീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ, കമീഷൻ അംഗങ്ങളായ ഡോ. എഫ്. വിൽസൺ, ബി. മോഹൻ കുമാർ, കെ.കെ. ഷാജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. എ.ഡി.എം. കെ. ദേവകി, ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ കാർത്തിക അന്ന തോമസ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ കെ.ഇ. ജോസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.