മധുര ചോളം വയനാടൻ മണ്ണിലും വിളയും
text_fieldsമേപ്പാടി: കർണാടകയിലെ വയലുകളിൽ മാത്രം കാണാറുള്ള മധുര ചോളം (സ്വീറ്റ് കോൺ) വയനാടൻ മണ്ണിലും വിളയുമോ എന്ന പരീക്ഷണം വിജയം. ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽപ്പെട്ട ചൂരിക്കുനി വയലിൽ സുഹൃത്തുക്കളും അയൽവാസികളുമായ ഒ.വി. വിത്സൻ, ജാസിദ്, പ്രവീൺ കൂനംപറമ്പിൽ എന്നിവർ ചേർന്നാണ് കൃഷി പരീക്ഷിച്ചത്. കാലാവസ്ഥ പ്രതികൂലമായതിനാൽ പ്രതീക്ഷിച്ചത്ര വിജയമായില്ലെങ്കിലും കൃഷി നഷ്ട കച്ചവടമാകില്ലെന്ന പ്രതീക്ഷയിലാണ് മൂവരും. വരും ദിവസങ്ങളിൽ വിളവെടുപ്പ് നടത്താനൊരുങ്ങുകയാണിവർ.
ധാതുക്കൾ, പോഷകങ്ങൾ എന്നിവയാൽ സമൃദ്ധമായ മധുര ചോളം ഇവിടെ സാധാരണയായി ലഭിക്കാറുമില്ല. കഴിഞ്ഞ സീസണിൽ തണ്ണി മത്തൻ, വള്ളിപ്പയർ കൃഷികൾ നടത്തി വിജയം വരിച്ചിരുന്നു. അതിന് കൃഷി വകുപ്പിന്റെ സബ്സിഡിയും ലഭിച്ചു. ചോള കൃഷിക്ക് പക്ഷെ സബ്സിഡിയൊന്നുമില്ല. തുടർച്ചയായ മഴ വില്ലനാവുകയും ചെയ്തു.
വിൽസന്റെ ഒന്നേകാൽ ഏക്കർ വയലിലാണ് ഇവർ 10000 ത്തോളം ചോള തൈകൾ നട്ടത്. കർണാടകയിൽ നിന്നാണ് വിത്ത് വാങ്ങിയത്. വളവും പരിചരണവും നൽകിയപ്പോൾ സാമാന്യം ഭേദപ്പെട്ട വിളവും ലഭിച്ചു. ഇവിടെ വിപണിയിൽ ഇപ്പോൾ വില അൽപം കുറവാണ്.
55000 രൂപ മുടക്കി കൃഷി നടത്തിയെങ്കിലും അതിന്റെ ഇരട്ടിയെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണിവർ. വാഹനങ്ങളിൽ കൊണ്ടു നടന്ന് വിൽക്കുന്നവർക്കും, ആവശ്യക്കാരായ പ്രദേശവാസികൾക്കും വിൽക്കാൻ കഴിയുമെന്നാണിവരുടെ പ്രതീക്ഷ. ഇട വിളയായി മുളക് തൈകളും നട്ടിട്ടുണ്ട്. സൂര്യകാന്തി, ചെണ്ടുമല്ലി കൃഷിയിലും ഒരു കൈ നോക്കാനൊരുങ്ങുകയാണ് മൂവരും. അയൽ സംസ്ഥാനങ്ങളിൽ കൃഷി ചെയ്യുന്നതും വയനാട്ടുകാർ വിപണിയിൽ നിന്ന് വാങ്ങുന്നതുമായ പല കാർഷിക വിളകളും ഇവിടെത്തന്നെ ഉൽപാദിപ്പിക്കാൻ കഴിയുമെന്ന് തെളിയിക്കുകയാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.