വെറുതെ കിടക്കില്ല, ആ ബസുകൾ ഓടിത്തുടങ്ങി
text_fieldsമേപ്പാടി: ഉരുൾ ദുരന്തത്തിൽ തകർന്ന വെള്ളാർമല, മുണ്ടക്കൈ സ്കൂളുകൾക്ക് മണിപ്പാൽ ഫൗണ്ടേഷൻ നൽകിയ രണ്ട് സ്കൂൾ ബസുകളും ഇനി വെറുതെ കിടക്കില്ല. ഏറെക്കാലമായി ബസുകൾ സ്കൂൾ മുറ്റത്ത് വെറുതെ കിടക്കുന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതുസംബന്ധിച്ച് ‘മാധ്യമം’നവംബർ 23ന് വാർത്ത നൽകിയതോടെ ബസുകൾ ഓടിക്കാൻ സ്കൂൾ അധികൃതർ നടപടി തുടങ്ങി. ഒടുവിൽ കഴിഞ്ഞദിവസം മുതൽ ബസുകൾ ഓടിത്തുടങ്ങി.
നിലവിൽ സ്കൂൾ പ്രവർത്തിക്കുന്നത് മേപ്പാടിയിലാണ്. ഒക്ടോബർ10 നാണ് മണിപ്പാൽ ഫൗണ്ടേഷൻ സംഭാവനയായി രണ്ട് ബസുകൾ നൽകിയത്. എന്നാൽ ഒന്നര മാസത്തിലേറെയായി ബസുകൾ സ്കൂൾ മുറ്റത്ത് വെറുതെ കിടക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ രണ്ടു ബസുകളും ഓടിത്തുടങ്ങി. ബസിനു വരുന്ന ചെലവുകൾ ആര് വഹിക്കും എന്നതു സംബന്ധിച്ച അനിശ്ചിതത്വമായിരുന്നു ബസ് ഓടിക്കാതിരുന്നതിന് കാരണമായി പറഞ്ഞിരുന്നത്.
ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്ന് വിവിധ പ്രദേശങ്ങളിലായി താമസിക്കുന്ന വെള്ളാർമല, മുണ്ടക്കൈ പ്രദേശത്തെ കുട്ടികൾക്ക് സ്കൂളിലെത്താനായാണ് ഫൗണ്ടേഷൻ ബസുകൾ സംഭാവന ചെയ്തത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ്, കലക്ടർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബസുകൾ കൈമാറിയത്. രണ്ട് മാസത്തെ ചെലവുകൾക്കുള്ള പണം സംഭാവനയായി ലഭിച്ചെങ്കിലും ബസുകൾ ഓടിക്കാനുള്ള നടപടി സ്വീകരിക്കാൻ വൈകുകയായിരുന്നു. നവംബർ 28ന് ഇന്ററർവ്യൂ നടത്തി ഡ്രൈവർമാർ, ആയ എന്നിവരെ നിയമിച്ചു. ബസുകൾ ഓടാൻ തുടങ്ങിയതോടെ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും ഒരുപോലെ സന്തോഷത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.