ഉരുൾ ദുരന്തം; 123 സ്ഥലങ്ങളില്‍ സർവേക്കല്ലിട്ടു
text_fieldsമേപ്പാടി: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ പ്രദേശത്തെ ഗോ, നോ ഗോ സോണ്‍ മേഖലയില്‍ രണ്ടു ദിവസങ്ങളിലായി നടന്ന അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയായി. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലായി 123 സ്ഥലങ്ങളിലാണ് അടയാളപ്പെടുത്തലിന്റെ ഭാഗമായി സർവേക്കല്ലിട്ടത്. അടയാളപ്പെടുത്തലിന്റെ ഭാഗമായി സ്ഥാപിച്ച സർവേ കല്ല് പറിച്ചുമാറ്റിയാലും കണ്ടെത്താന്‍ കഴിയും വിധത്തില്‍ ജിയോ കോഡിനേറ്റ് ഉള്‍പ്പെടുത്തിയാണ് സ്ഥാപിച്ചത്.
ജനുവരി ഏഴിന് ആരംഭിച്ച അടയാളപ്പെടുത്തലില്‍ വെള്ളരിമല വില്ലേജ് ഓഫിസിന് സമീപത്തുനിന്ന് ഡാം സൈറ്റ് വരെയും തിരിച്ച് ചൂരല്‍മല ടൗണ്‍, ഹൈസ്കൂള്‍ റോഡ്, ഏലമല പുഴ വരെ 39 കല്ലുകളാണ് ആദ്യ ദിനത്തില്‍ സ്ഥാപിച്ചത്. രണ്ടാം ദിനത്തില്‍ മുണ്ടക്കൈ-പുഞ്ചിരിമട്ടം വനം മേഖലയില്‍നിന്ന് രണ്ടു ടീമുകളായി തിരിഞ്ഞ് 81 സ്ഥലങ്ങളിലുമാണ് അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയാക്കിയത്.
ഉരുള്‍ അവശിഷ്ടങ്ങള്‍ അടിഞ്ഞ് കൂടിയ ഭാഗത്തുനിന്ന് ശേഷിക്കുന്ന സ്ഥലങ്ങളില്‍ വരും കാലത്ത് മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയാണെങ്കില്‍ അതിന്റെ ആഘാതം എത്രത്തോളമെത്തും എന്നതിന്റെ അടയാളപ്പെടുത്തലാണ് സര്‍ക്കാര്‍ നിശ്ചയിച്ച വിദഗ്ധ സമിതി ചെയര്മാന് ജോണ്‍ മത്തായിയുടെ നേതൃത്വത്തില്‍ നടത്തിയത്. വിദഗ്ധ സമിതി മാര്‍ക്ക് ചെയ്ത സ്ഥലങ്ങള്‍ ആധികാരികമാക്കി നിലവില്‍ പ്രസിദ്ധീകരിച്ച കരട് ഗുണഭോക്തൃ ലിസ്റ്റിനോടൊപ്പം പുതിയതായി എ, ബി ലിസ്റ്റുകള്‍ മാനന്തവാടി സബ് കലക്ടര്‍ തയാറാക്കും.
സര്‍ക്കാര്‍ ഉത്തരവിന് വിധേയമായി പുനരധിവാസ ടൗണ്‍ഷിപ്പിനായുള്ള ഗുണഭോക്തൃ പട്ടിക സബ് കലക്ടര്‍ തയാറാക്കി ദുരന്തനിവാരണ അതോറിറ്റിയുടെ അംഗീകാരത്തോടെ പ്രസിദ്ധീകരിക്കും. ദുരന്തം നേരിട്ട് ബാധിച്ചവര്‍, ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങൾ എന്നിവരെയാണ് ഒന്നാംഘട്ട പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇവര്‍ക്ക് പുറമെ ആദ്യപട്ടികയില്‍ ഉള്‍പ്പെടാത്തതും വിദഗ്ധ സമിതിക്ക് പോകാന്‍ പറ്റാത്തതായി അടയാളപ്പെടുത്തിയ പ്രദേശത്തുള്ളവരെ കൂടി പരിഗണിച്ച് എ ലിസ്റ്റ് തയാറാക്കും.
പോകാന്‍ പറ്റുന്ന സ്ഥലങ്ങളെന്ന് അടയാളപ്പെടുത്തുകയും എന്നാല്‍, പോകാന്‍ പറ്റാത്ത മേഖലയിലൂടെ മാത്രം വഴി സൗകര്യവുമുള്ള ഒറ്റപ്പെട്ട കുടുംബങ്ങളെ ബി ലിസ്റ്റിലേക്ക് പരിഗണിച്ച് പട്ടിക തയാറാക്കി ജനുവരി 22 നകം പ്രസിദ്ധീകരിക്കും.
ലിസ്റ്റ് പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം ആക്ഷേപങ്ങളും പരാതികളും അറിയിക്കാം. ടൗണ്‍ഷിപ്പിനായുള്ള അന്തിമ ഗുണഭോക്തൃ പട്ടിക ഫെബ്രുവരി 12 ഓടെ പൂര്‍ത്തിയാവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.