മേപ്പാടി- ചൂരൽമല റോഡ് നവീകരണം എങ്ങുമെത്തിയില്ല
text_fieldsമേപ്പാടി: കിഫ്ബിയിൽനിന്ന് 40 കോടിയിലേറെ രൂപ ഉപയോഗിച്ച് 2018 മേയിൽ തുടങ്ങിയ മേപ്പാടി ചൂരൽമല റോഡ് നവീകരണം ഇതുവരെ 20 ശതമാനം പോലും പൂർത്തീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. 12.80 കി.മീ. പാതയാണിത്. 18 മാസംകൊണ്ട് പണി പൂർത്തീകരിക്കണമെന്നാണ് കരാർ. എന്നാൽ, അത്രയും കാലമായിട്ടും പ്രവൃത്തി എവിടെയുമെത്തിയില്ല. റോഡ് വീതി കൂട്ടാൻ എസ്റ്റേറ്റുകൾ ഭൂമി വിട്ടു കൊടുക്കാത്തതിനാൽ പ്രവൃത്തി നടക്കുന്നില്ലെന്നാണ് കരാറുകാർ പറയുന്നത്. എന്നാൽ, ഈ കാരണം അടിസ്ഥാനരഹിതമാണെന്ന് ചൂരൽമല കേന്ദ്രമായി പ്രവർത്തിക്കുന്ന റോഡ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ഇരുവശത്തും ഓവുചാൽ അടക്കം 12 മീറ്റർ വീതിയാണ് വേണ്ടത്. അതിൽ ഒമ്പതു മീറ്ററാണ് ടാറിങ്. ഇപ്പോൾ ഒമ്പതു മീറ്റർ നിലവിലുണ്ട്. ടാറിങ് നടത്തുന്നതിന് ഒരു തടസ്സവുമില്ല. ഓവുചാൽ നിർമിക്കുന്നതിന് മാത്രമാണ് ബുദ്ധിമുട്ട് വരുക. ഭൂമി വിട്ടുകിട്ടുന്നതു സംബന്ധിച്ചുള്ള ചർച്ചകൾ നടന്നുവരുന്നുണ്ട്. ടാറിങ് പ്രവൃത്തി നടത്തുന്നതിന് അതു തടസ്സമാകുന്നില്ലെന്നിരിക്കെ രണ്ടര വർഷം പിന്നിട്ടിട്ടും 20 ശതമാനം പോലും പ്രവൃത്തി നടത്താത്തതിന് ന്യായീകരണമില്ലെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
100 മീറ്റർ ദൂരം പോലും ടാറിങ് നടത്തിയിട്ടില്ല. കാലാവധി നീട്ടിക്കൊടുത്തുകൊണ്ട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും കരാറുകാർക്ക് ഒത്താശ ചെയ്യുകയാണെന്ന് ആരോപണമുണ്ട്. എസ്റ്റിമേറ്റ് പുതുക്കി കൂടുതൽ വാങ്ങിയെടുക്കാനുള്ള കരാറുകാരുടെയും പൊതുമരാമത്ത് ഉന്നത ഉദ്യോഗസ്ഥരുടെയും ഗൂഢാലോചനയാണിതിന് പിന്നിലെന്നും ആക്ഷൻ കമ്മിറ്റി ആരോപിച്ചു.
റോഡ് പൊളിച്ചിട്ട നിലയിലാണ്. പല ഭാഗത്തും കലുങ്കുകളുടെ പണി തുടങ്ങിയത് പൂർത്തീകരിച്ചിട്ടില്ല. വാഹന ഗതാഗതം വളരെ ദുഷ്കരമാണ്. പൊടിശല്യംകൊണ്ട് ജനങ്ങൾ വലഞ്ഞു. ഒരു രോഗിയെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാൻപോലും നിവൃത്തിയില്ല. നാട്ടുകാരും ആക്ഷൻ കമ്മിറ്റിയും പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുകയാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.