നിയന്ത്രണങ്ങളിൽ ഇളവില്ല; വിനോദ കേന്ദ്രങ്ങളിലേക്ക് നിരാശ യാത്ര
text_fieldsമേപ്പാടി: പ്രതിദിന സന്ദർശകർക്കുള്ള നിയന്ത്രണത്തിൽ ഇളവ് വരുത്താത്തത് കാരണം വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തി നിരാശരായി മടങ്ങുന്ന സഞ്ചാരികളുടെ എണ്ണം വർധിക്കുന്നു. പ്രവേശനം പരിമിതപ്പെടുത്തിയത് കാരണം മേപ്പാടി സൂചിപ്പാറ, ചെമ്പ്രപീക്ക് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശിക്കാനാവാതെ ഇതര ജില്ലകളിൽ നിന്നടക്കം എത്തുന്ന നൂറുകണക്കിന് സഞ്ചാരികളാണ് തിരിച്ചുപോവേണ്ടിവരുന്നത്. വനം വകുപ്പിന് കീഴിലുള്ള വനസംരക്ഷണ സമിതികളാണ് ഈ രണ്ട് കേന്ദ്രങ്ങളിലെയും നടത്തിപ്പുകാർ.
നിയന്ത്രണം വന സംരക്ഷണ സമിതികളുടെ വരുമാനത്തിൽ വലിയ കുറവ് ഉണ്ടാക്കിയിട്ടുണ്ട്. ഒരു ദിവസം 1200 പേർക്ക് മാത്രമേ സൂചിപ്പാറയിൽ പ്രവേശനാനുമതിയുള്ളു. ചെമ്പ്രയിൽ 200 പേർക്ക് മാത്രമാണ് അനുമതി. ജില്ലയിലെ ഒരു പരിസ്ഥിതി സംഘടനയുടെ ഹരജിയെത്തുടർന്ന് കോടതിയാണ് പ്രതിദിന സന്ദർശകരുടെ എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്തിയത്. സന്ദർശകരുടെ എണ്ണം വർധിക്കുന്നത് വനത്തിന്റെ സംരക്ഷണത്തിന് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
ഇതേത്തുടർന്ന് കോടതി നിയമിച്ച കമീഷന്റെ റിപ്പോർട്ട് കൂടി പ രിഗണിച്ചായിരുന്നു ഉത്തരവ്. വർഷങ്ങൾക്ക് മുമ്പ് ഏർപ്പെടുത്തിയ നിയന്ത്രണം ഇപ്പോഴും തുടരുകയാണ്. ഇത് നീക്കിക്കിട്ടാൻ അധികൃതരുടെ ഭാഗത്തുനിന്ന് തുടർ നടപടികൾ ഉണ്ടായിട്ടില്ല.
നിയന്ത്രണത്തെക്കുറിച്ച് അറിയാതെ കേന്ദ്രങ്ങളിലെത്തുന്ന നൂറുക്കണക്കിന് സഞ്ചാരികളാണ് നിത്യേന പ്രവേശനം ലഭിക്കാതെ നിരാശരായി മടങ്ങുന്നത്. പകരം അവർ സമീപ പ്രദേശങ്ങളായ അട്ടമല, തൊള്ളായിരം കണ്ടി എന്നിവിടങ്ങളിലുള്ള സ്വകാര്യ കേന്ദ്രങ്ങളിലേക്കാണ് പോവുന്നത്.
അവിടേക്ക് സഞ്ചാരികളെ കൂട്ടിക്കൊണ്ടു പോകാനും ആളുകളുണ്ട്. സ്വകാര്യ വിനോദ സഞ്ചാര കേന്ദ്രങ്ങളും വനവുമായി ബന്ധപ്പെട്ട് സ്ഥിതി ചെയ്യുന്നവയാണ്. എന്നാൽ, അവിടെ നിയന്ത്രണങ്ങളൊന്നുമില്ല. ഡി.ടി.പി.സി. നിയന്ത്രണത്തിലുള്ള കാന്തൻപാറയിലും സന്ദർശകർക്ക് വിലക്കില്ല.
മാറിയ സാഹചര്യം കോടതിയെ ബോധ്യപ്പെടുത്തി നിയന്ത്രണത്തിൽ ഇളവു വരുത്തണമെന്ന് ആവശ്യപ്പെടേണ്ട വനം വകുപ്പിന്റെ നിസ്സംഗത ഫലത്തിൽ സ്വകാര്യ മേഖലയെ സഹായിക്കുകയാണെന്നാണ് ആരോപണം. സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായപ്പോഴും പ്രയോജനം വനം വകുപ്പ് ഉപയോഗപ്പെടുത്തുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.