പള്ളിക്കവല-ഏഴാം ചിറ റോഡ് തകർന്നിട്ട് മൂന്ന് വർഷം; യാത്രാ പ്രശ്നം രൂക്ഷമാകും
text_fieldsമേപ്പാടി: ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലൂടെ കടന്നുപോകുന്ന പള്ളിക്കവല - ഏഴാംചിറ-വാഴവറ്റ റോഡ് തകർന്ന് വാഹന ഗതാഗതം ദുഷ്കരമായി. മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കാര പുഴയിലേക്ക് മേപ്പാടി ഭാഗത്തു നിന്നും വിനോദസഞ്ചാരികളുടെ നിരവധി വാഹനങ്ങൾ നിത്യേന ഇതുവഴി കടന്നുപോകുന്നു. കാർഷിക മേഖലയായ ഇവിടത്തെ നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡ് മൂന്നു വർഷത്തോളമായി തകർന്നു കിടക്കുന്നു.
മഴ പെയ്തതോടെ റോഡിലെ നിരവധി കുഴികളിൽ ചളി വെള്ളം കെട്ടിക്കിടന്ന് ഇതുവഴിയുള്ള വാഹനയാത്ര ദുരിതപൂർണമാക്കിയിരിക്കുകയാണ്. നിരവധി ആദിവാസി കോളനികളും ഇവിടെയുണ്ട്. എല്ലാവരും ഇപ്പോൾ യാത്രാ പ്രശ്നം നേരിടുകയാണ്. റോഡിന്റെ ശോച്യാവസ്ഥ കാരണം ഇതുവഴിയുള്ള ഏക സ്വകാര്യ ബസും സർവിസ് നിർത്താനൊരുങ്ങുകയാണ്. സ്കൂൾ തുറന്നു കഴിഞ്ഞാൽ പ്രദേശത്തുള്ള നിരവധി വിദ്യാർഥികളുടെ യാത്ര പ്രശ്നം ഇതോടെ രൂക്ഷമാകും.
മേപ്പാടി, മീനങ്ങാടി, കൽപറ്റ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ യാത്രാ ചെയ്യാൻ ഏറെ കഷ്ടപ്പെടുന്ന സ്ഥിതിയാണ് ഉണ്ടാകുക. ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള ഗ്രാമീണ റോഡാണിത്. ആവശ്യമായ ഫണ്ട് കണ്ടെത്തി റോഡ് റീ ടാറിങ് ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തു വന്നിട്ടുണ്ട്. അടിയന്തരമായി കുഴികൾ അടച്ച് നിലവിലുള്ള ഏക സ്വകാര്യ ബസ് സർവിസ് മുടങ്ങാതെ നോക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.