മേപ്പാടി-കൽപറ്റ റൂട്ടിൽ ഗതാഗത നിയന്ത്രണം; ജനങ്ങൾക്ക് ദുരിതയാത്ര
text_fieldsമേപ്പാടി: കൽപറ്റ-മേപ്പാടി റൂട്ടിൽ കാപ്പംകൊല്ലി വരെ റോഡ് പ്രവൃത്തി നടക്കുന്നു എന്ന കാരണത്താൽ പൊതുമരാമത്ത് വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണം നൂറു കണക്കിന് ജനങ്ങൾക്ക് കടുത്ത യാത്രാദുരിതമെന്ന് ആക്ഷേപം.
ഏപ്രിൽ 18 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വടുവഞ്ചാലിൽനിന്ന് കൽപറ്റക്കുള്ള ബസുകൾ ചുണ്ടേൽ വഴി പോകേണ്ടിവരുന്നു. ഇത് മൂന്നു കി.മീ. അധികദൂരവുമുണ്ട്. കൽപറ്റ ബൈപാസ് ജങ്ഷൻ മുതൽ കാപ്പംകൊല്ലി വരെയുള്ള ഭാഗത്ത് താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾക്ക് ബദൽ യാത്രാസൗകര്യമില്ല. പരീക്ഷകൾ നടക്കുന്ന സമയമായതിനാൽ ഇവിടങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് പരീക്ഷകേന്ദ്രങ്ങളിലെത്താനും തിരികെ വീടുകളിലെത്താനും വാഹനങ്ങളില്ല എന്ന പ്രശ്നവുമുണ്ട്.
വർഷങ്ങൾക്ക് മുമ്പ് നടത്തിയ നവീകരണ പ്രവൃത്തിയുടെ രണ്ടാംഘട്ട ടാറിങ്ങാണിപ്പോൾ നടക്കുന്നത്.
ഇതിനകം ടാറിങ് തകർന്ന ഭാഗങ്ങൾ നന്നാക്കുന്ന പ്രവൃത്തിയും ഇതോടൊന്നിച്ച് നടക്കുന്നു. വലിയ യന്ത്രങ്ങൾ ഉപയോഗിച്ചുള്ള ടാറിങ് നടക്കുന്നിടത്തു കൂടി ബസുകൾ അടക്കമുള്ള വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയില്ല എന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്. ചെറിയ വാഹനങ്ങളെ ഇടക്കിടെ കടത്തിവിടുന്നുണ്ട്.
ബസുകൾ ഓടുന്നതിന് വിലക്ക് ഏർപ്പെടുത്തിയപ്പോൾ പുത്തൂർവയൽ, കോട്ടവയൽ, ചുങ്കത്തറ, മാനിവയൽ മുതലായ പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്ര ദുരിതത്തിന് പരിഹാരമുണ്ടാക്കുക എന്നതിനെക്കുറിച്ച് അധികൃതർ ചിന്തിച്ചുപോലുമില്ലെന്നാണ് ആക്ഷേപമുയർന്നത്. മേപ്പാടിയിൽനിന്ന് ചുണ്ടേൽ വഴി കൽപറ്റയ്ക്ക് പോകുന്ന ബസുകൾ അധികചാർജ് ഈടാക്കാമോ, കാപ്പം കൊല്ലിക്കും ചുണ്ടേലിനുമിടയിൽ നിന്ന് യാത്രക്കാരെ കയറ്റാമോ തുടങ്ങിയ കാര്യങ്ങളെപ്പറ്റി ആലോചിച്ച് വ്യക്തമായ ധാരണയിലെത്തേണ്ടതായിരുന്നു എന്നും അഭിപ്രായമുയർന്നിട്ടുണ്ട്.
ഇത്രയും തിരക്കുള്ള റൂട്ടിൽ 15 ദിവസത്തിലധികം നീണ്ടുനിൽക്കുന്ന യാത്രാവിലക്ക് ഏർപ്പെടുത്തുമ്പോൾ പകരം സംവിധാനമെന്ത്, ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ എങ്ങനെ ഒഴിവാക്കാം എന്ന കൂടി അധികൃതർ ചിന്തിക്കേണ്ടതായിരുന്നു എന്നും ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.