മേപ്പാടിയിലെ ഗതാഗത പരിഷ്കരണം പ്രഹസനം
text_fieldsമേപ്പാടി: പ്രഖ്യാപിച്ച തീയതി കഴിഞ്ഞ് രണ്ട് ആഴ്ച പിന്നിട്ടിട്ടും മേപ്പാടിയിലെ ഗതാഗത പരിഷ്കരണങ്ങൾ എങ്ങുമെത്തിയില്ല. ഇക്കാര്യത്തിൽ പഞ്ചായത്തധികൃതർ നടത്തിയ കാര്യങ്ങളെക്കുറിച്ച് തന്നെ പരാതികളും ആക്ഷേപങ്ങളുമുണ്ട്. ട്രാഫിക് ഉപദേശക സമിതിയെത്തന്നെ നോക്കുകുത്തിയാക്കി വ്യക്തിഗത താൽപര്യങ്ങൾക്കനുസരിച്ച് കാര്യങ്ങൾ നടപ്പാക്കുന്നുവെന്ന ആരോപണവുമായി ഇടതുപക്ഷ ട്രേഡ് യൂനിയനുകൾ രംഗത്തു വന്നിട്ടുണ്ട്.
എതിർപ്പുമായി ഇടത് േട്രഡ് യൂനിയനുകളും
ഓട്ടോ, ടാക്സി സ്റ്റാൻഡുകളിൽ മാറ്റങ്ങൾ നിർദ്ദേശിക്കപ്പെട്ടതു താൽപര്യങ്ങൾ മുൻനിർത്തിയാണെന്ന് ഇടതുപക്ഷ ട്രേഡ് യൂനിയനുകൾ ആരോപിക്കുന്നു. ഇതു നടപ്പാക്കാൻ കഴിയാതെ വന്നാൽ മാറ്റം വേണ്ട എന്നതാണ് പഞ്ചായത്ത് ഭരണസമിതി നിലപാടെന്നും ഇവർ പറയുന്നു. ഉപദേശക സമിതി യോഗം വീണ്ടും ചേർന്ന് തീരുമാനമെടുത്തതിന് ശേഷമേ നിയമലംഘനങ്ങൾക്കെതിരെയുള്ള പൊലീസ് നടപടി തുടങ്ങാൻ പാടുള്ളുവെന്ന ആവശ്യം ബന്ധപ്പെട്ടവരെ ഇടതു യൂനിയനുകൾ അറിയിക്കും.
തീരുമാനങ്ങളൊന്നും നടപ്പായില്ല
വെള്ളിമൂങ്ങ ഓട്ടോ സ്റ്റാൻഡ് നിലവിലുണ്ടായിട്ടും അത് പ്രധാന ജങ്ഷനിലേക്ക് മാറ്റാനുള്ള പഞ്ചായത്തധികൃതരുടെ തീരുമാനം ട്രാഫിക് ഉപദേശക സമിതിയുടേതല്ല. ജൂൺ ഒന്നിന് മുമ്പായി സൈൻ ബോർഡുകൾ തയാറാക്കി പഞ്ചായത്ത് സ്ഥാപിക്കണമെന്ന തീരുമാനവും നടപ്പാക്കിയില്ല. ബസ് സ്റ്റാൻഡിലെ സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് പൂർണമായും ഒഴിവാക്കണമെന്ന തീരുമാനവും നടപ്പാക്കിയില്ല. അവിടെ സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് ഇപ്പോഴും പഴയതു പോലെ തന്നെ. ബസ് സ്റ്റോപ്പുകൾ പഴയ പടി തുടരുന്നു. ഗതാഗത പരിഷ്കാര നടപടികൾ ഒന്നും നടപ്പായില്ല. സൈൻ ബോർഡുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും പാതിവഴിയിലാണ്.
ആകെയുളളത് നോപാർക്കിങ് ബോർഡുകൾ മാത്രം
നോ പാർക്കിങ് ബോർഡുകൾ മാത്രമാണ് ടൗണിൽ ചിലയിടത്ത് സ്ഥാപിച്ചിട്ടുള്ളത്. പാർക്കിങ് ഏരിയകൾ നിശ്ചയിച്ചുള്ള ബോർഡുകൾ ഇനിയും സ്ഥാപിച്ചിട്ടില്ല. അതിനാൽ നിയമ ലംഘനത്തിന് കേസെടുക്കാൻ കഴിയാത്ത നിസഹായാവസ്ഥയിലാണ് പൊലീസും. അവർക്ക് വ്യക്തമായ നിർദേശങ്ങളൊന്നും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിട്ടുമില്ല.നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ചപ്പോൾത്തന്നെ അതെക്കുറിച്ച് ടൗണിലെ വ്യാപാരികൾക്കിടയിൽ പ്രതിഷേധവും ഉയർന്നു. കടകളുടെ മുന്നിൽ ഉയരം കുറഞ്ഞ ബോർഡുകൾ കാഴ്ച മറക്കുന്നുവെന്നാണ് അവരുടെ ആരോപണം. ഏറെ കൊട്ടിഘോഷിക്കപ്പെട്ട ട്രാഫിക് പരിഷ്ക്രണ നടപടികൾ എങ്ങുമെത്താത്ത സ്ഥിതിയിലാണ് കാര്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.