തേൻ ശേഖരിക്കുന്നതിനിടെ മരിച്ചവരുടെ മൃതദേഹങ്ങൾ പുറത്തെത്തിച്ചത് സാഹസികമായി
text_fieldsമേപ്പാടി: വനത്തിൽ തേൻ ശേഖരിക്കുന്നതിനിടെ മധ്യവയസ്കൻ മരത്തിൽനിന്ന് വീണും ഓടിയെത്തിയ യുവതിയുടെ കൈയിൽനിന്ന് തെറിച്ചുവീണ് പിഞ്ചുകുഞ്ഞും മരിച്ച സംഭവത്തിൽ മൃതദേഹങ്ങൾ പുറത്തെത്തിച്ചത് വളരെ സാഹസികമായി.
ഞായറാഴ്ച രാവിലെ പത്തോടെയാണ് കൽപറ്റ അഗ്നിരക്ഷ നിലയത്തിലേക്ക് വനത്തിൽ തേൻ ശേഖരിക്കാൻ പോയ മൂപ്പൈനാട് പഞ്ചായത്ത് പരപ്പൻപാറ കോളനിയിലെ രാജന് അപകടം സംഭവിച്ചതായി സന്ദേശം ലഭിച്ചത്. ഉടൻ അസി. സ്റ്റേഷൻ ഓഫിസർ പി.ഒ. വർഗീസിന്‍റെ നേതൃത്വത്തിൽ സംഘം പുറപ്പെടുകയായിരുന്നു. അപകടവിവരം പൊലീസിനെ അറിയിക്കുകയും മൃതദേഹം കൊണ്ടുവരാനുള്ള സഹായം ആവശ്യപ്പെടുകയും ചെയ്തു.
സംഭവസ്ഥലത്ത് നിന്നും അഞ്ചു കിലോമീറ്റർ അകലെ വരെ മാത്രമെ വാഹനത്തിനെത്താൻ കഴിയുമായിരുന്നുള്ളൂ. അവിടെ നിന്ന് കയറുകളും സ്ട്രെച്ചറും തലയിലേറ്റി കുന്നിൻ ചരിവിലൂടെ സഞ്ചരിച്ചാണ് മൃതദേഹങ്ങൾ കണ്ടെത്താനായത്. മൃതദേഹങ്ങൾ രണ്ട് സ്ട്രെച്ചറുകളിലാക്കി രണ്ടര മണിക്കൂറോളം ദുർഘടപാതയിലൂടെ ചുമലിലേറ്റിയാണ് സേനാംഗങ്ങൾക്ക് വാഹനത്തിനടുത്തെത്താനായത്.
ശേഷം പൊലീസിന് കൈമാറി. അസി. സ്റ്റേഷൻ ഓഫിസർ വി. വിജയൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ടി.പി. സൈനുദ്ദീൻ, എം.എസ്. സുജിത്, പി.ആർ. രഞ്ജിത്, പി.എസ്. അരവിന്ദ് കൃഷ്ണ, ഹോം ഗാർഡ് കെ. ശിവദാസൻ എന്നിവരും ഉണ്ടായിരുന്നു.
മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡൻറ് റഫീഖ്, വാർഡ് മെംബർ, മേപ്പാടി പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ, പൾസ് എമർജൻസി സന്നദ്ധ സേന പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവരും സേനാംഗങ്ങൾക്ക് വഴികാട്ടാനും സഹായിക്കാനുമായി രക്ഷാപ്രവർത്തനത്തിലുടനീളം കൂടെയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.