പാർപ്പിടവും ഭക്ഷണവുമൊരുക്കി ഉസ്മാൻ മദാരി
text_fieldsമേപ്പാടി: ദുരന്തത്തിൽ രക്ഷപ്പെട്ടവർക്കു ഭക്ഷണവും പാർപ്പിടവുമൊരുക്കുന്ന തിരക്കിലാണ് ഹണി മ്യൂസിയം ഫൗണ്ടറും പഴയ വൈത്തിരി സ്വദേശിയുമായ ഉസ്മാൻ മദാരി. ദുരന്ത ഭൂമിയിൽ പണമായിട്ടും ഭക്ഷണമായിട്ടും നിരവധി സഹായങ്ങൾ വന്ന് കൊണ്ടിരിക്കുന്നത് ചൂരൽ മല, മുണ്ടക്കൈ നിവാസികൾക്ക് ആശ്വാസകരമാണ്. രക്ഷപ്പെട്ടവർക്കും ബന്ധുക്കൾക്കും ദുരന്ത മേഖലയിലെ മറ്റു നിവാസികൾക്കും തൽക്കാലം വേണ്ടത് പാർപ്പിടവും ഭക്ഷണവുമാണ് എന്നത് മനസിലാക്കിയാണ് ഉസ്മാൻ മദാരി ഈ ദൗത്യവുമായി മുന്നിട്ടിറങ്ങിയത്.
ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട മുണ്ടക്കൈ പുഞ്ചിരി മട്ടത്തെ മുഹമ്മദലിയുടെ ഒന്നര വയസ്സുള്ള മകളുടെ രണ്ടു ഇരട്ട കുട്ടികൾ അടക്കം ഒമ്പതു പേരടങ്ങുന്ന കുടുംബത്തിനാണു ഉസ്മാൻ മദാരി ഒരാഴ്ചയോളം സ്വന്തം വീട്ടിൽ അഭയമൊരുക്കിയത്. എങ്ങോട്ട് പോകണം എന്നറിയാതെ നിന്നവരായിരുന്നു ചൂരൽ മല, മുണ്ടക്കൈയിൽ മരിച്ചവരും രക്ഷപ്പെട്ടവരും. ആ ഭാഗത്തുള്ളവരെ ജില്ല ഭരണകൂടം നിർബന്ധിച്ച് ഒഴിപ്പിക്കുകയും സുരക്ഷ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നെങ്കിൽ ദുരന്തത്തിൽ മരണ സംഖ്യ കുറയുമായിരുന്നു എന്നാണ് മുഹമ്മദലി പറയുന്നത്. കുട്ടികളും മുതിർന്നവരുമടക്കം ഒമ്പതു പേരടങ്ങുന്ന കുടുംബമാണ് മുഹമ്മദലിയുടെത്. 16 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് മുണ്ടക്കൈയിലെ ഒരു കടയിൽ ജോലി ചെയ്യുകയായിരുന്നു മുഹമ്മദലി. തന്റെ വീടിന്റെ തൊട്ടു താഴെ മുഹമ്മദലിയുടെ ജ്യേഷ്ഠനും കുടുംബവും താമസിക്കുന്നുണ്ട്.
തൊട്ടടുത്തു തന്നെ മുഹമ്മദലിയുടെ ഭാര്യ പിതാവ് കുഞ്ഞി മുഹമ്മദിന്റെ അനിയനും കുടുംബവുമുണ്ട്. മുഹമ്മദലിയുടെ കുടുംബം ഒഴികെ മറ്റെല്ലാവരും കാപ്പം കൊല്ലിയിലെ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ ഇപ്പോൾ അന്ത്യവിശ്രമം കൊള്ളുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.