വെള്ളാർമല, മുണ്ടക്കൈ സ്കൂളുകൾ രണ്ടിന് തുറക്കും; മാനസികാരോഗ്യത്തിന് സമഗ്ര ശിക്ഷ കേരളം
text_fieldsമേപ്പാടി: ദുരന്ത ബാധിത മേഖലയിലെ വെള്ളാര്‍മല വൊക്കേഷനൽ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മുണ്ടക്കൈ ഗവ. എല്‍.പി എന്നിവ മേപ്പാടിയിൽ പ്രവർത്തനം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് മാനസികാരോഗ്യ പിന്തുണ പരിപാടി. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളയുമായി ചേര്‍ന്നാണ് വിദ്യാലയ മുന്നൊരുക്ക പരിശീലന പരിപാടി നടത്തിയത്. ഈ സ്കൂളുകളിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്ക് മൂപ്പൈനാട് സെന്റ് ജോസഫ്സ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടന്ന പരിശീലന പരിപാടി ഓണ്‍ലൈനില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
ഉരുൾപൊട്ടലില്‍ വലിയ നഷ്ടങ്ങളും ഭീകരമായ അനുഭവങ്ങളും അതിജീവിച്ച് കടന്നുവന്ന കുഞ്ഞുങ്ങളെ പരിപാലിച്ച് ആശങ്കകള്‍ പരിഹരിക്കേണ്ടത് പൊതു സമൂഹത്തിന്റെയും അധ്യാപകരുടേയും രക്ഷിതാക്കളുടേയും ചുമതലയാണെന്ന് അദ്ദേഹം പറഞ്ഞു. വലിയ ദുരന്തമുഖത്ത് നിന്നും പുതിയ ജീവിത സാഹചര്യങ്ങളിലേക്ക് ജനതയുടെ ഇച്ഛാശക്തിയോടെയുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്.
സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ കണക്കനുസരിച്ച് 17 കുട്ടികളെ കാണാതാവുകയും 36 കുട്ടികള്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. വീട് നഷ്ടമായ കുട്ടികള്‍ 408 പേരാണ്. താല്‍ക്കാലിക സംവിധാനം എന്ന നിലയില്‍ സെപ്റ്റംബര്‍ രണ്ട് മുതല്‍ വെള്ളാര്‍മല സ്കൂളിലെയും മുണ്ടക്കൈ സ്കൂളിലെയും 614 വിദ്യാര്‍ഥികള്‍ക്ക് മേപ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലും മേപ്പാടി കമ്യൂണിറ്റി ഹാളിലുമായി പഠനം പുനരാരംഭിക്കുകയാണ്. പുനരധിവാസത്തില്‍ ഏറ്റവും പ്രധാനമാണ് കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസമെന്നും അദ്ദേഹം പറഞ്ഞു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാരായ ഡോ. പി.ടി. സന്ദിഷ്, ഡോ. ജി. രാഗേഷ്, സൈക്കോളജിസ്റ്റ്മാരായ ജിന്‍സി മരിയ, സി. റജിന്, അധ്യാപകന് കൈലാസ്, സൈക്യാട്രിസ്റ്റ് ഡോ. ജയപ്രകാശ്, എസ്.സി ഇ.ആര്.ടി റിസര്‍ച്ച് ഓഫിസര്‍ ഡോ. വിനീഷ്, ബി.ആര്.സി കോഴിക്കോട് ബി.പി.സി ഒ. പ്രമോദ് തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.