കുടുക്കസമ്പാദ്യത്താൽ കുരുന്നുകൾ നൽകി മേശകളും കസേരകളും
text_fieldsമേപ്പാടി: മുണ്ടക്കൈയിലെയും ചൂരൽമലയിലെയും കൂട്ടുകാർക്കൊപ്പം ഞങ്ങളും എന്ന് പ്രഖ്യാപിച്ച് അമ്പലവയൽ ഗവ. എൽ.പി സ്കൂളിലെ കുട്ടികൾ സഹായവുമായി മേപ്പാടി ഗവ. ഹൈസ്കൂളിലെത്തി.
തങ്ങളുടെ ചെറു സമ്പാദ്യക്കുടുക്കകൾ പൊട്ടിച്ച് കിട്ടിയ തുകകൊണ്ട് 15 പഠന മേശകളും 15 കസേരകളുമാണ് കൂട്ടുകാർക്കായി അവർ കൊണ്ടുവന്നത്. പുനഃപ്രവേശനോത്സവ ചടങ്ങിൽ അവർ ഫർണിച്ചർ കൈമാറി. മനസ്സു നിറയെ സ്നേഹവും മിനിലോറിയിൽ കയറ്റിയ മേശകളും കസേരകളുമായാണ് അമ്പലവയൽ ഗവ. എൽ.പി സ്കൂളിലെയും പ്രീ പ്രൈമറി സ്കൂളിലെയും പിഞ്ചു കുട്ടികളെത്തിയത്. കൂട്ടിന് പി.ടി.എ കമ്മിറ്റി ഭാരവാഹികളുമുണ്ടായിരുന്നു.
നേരിട്ടു പരിചയമില്ലെങ്കിലും മുണ്ടക്കൈയിലെയും ചൂരൽമലയിലെയും കൂട്ടുകാരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ സന്തോഷത്തോടെയാണവർ എത്തിയത്. ചടങ്ങിനെത്തിയ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, ഒ.ആർ. കേളു എന്നിവർ നേരിട്ടെത്തി കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു. നന്നായി പഠിച്ച് മിടുക്കരായി വളരണമെന്ന ഉപദേശവും മന്ത്രി ഒ.ആർ. കേളു അവർക്ക് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.