മണ്ണാത്തിക്കുണ്ട് പ്രദേശത്ത് വന്യമൃഗങ്ങൾ വിഹരിക്കുന്നു; ജനം ഭീതിയിൽ
text_fieldsമേപ്പാടി: ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽപെട്ട മണ്ണാത്തിക്കുണ്ടിൽ നൂറോളം കുടുംബങ്ങൾ കഴിയുന്നത് വന്യമൃഗങ്ങളെ ഭയന്ന് ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിൽ. കാട്ടാനകളുടെ വിഹാരമായിരുന്നു അടുത്തകാലംവരെ ഭീതിക്ക് കാരണമായിരുന്നതെങ്കിൽ ഇപ്പോൾ പുലി ഭീതിയും പ്രദേശവാസികളെ വേട്ടയാടുന്നു. ഗവ. പ്രസും ജീവനക്കാരുടെ ക്വാർട്ടേഴ്സും സ്ഥിതി ചെയ്യുന്നതും മണ്ണാത്തിക്കുണ്ടിലാണ്. വനമേഖലയോട് ചേർന്നു കിടക്കുന്ന പ്രദേശമാണിത്.
കഴിഞ്ഞ ദിവസം അർധരാത്രിയോടടുത്ത് ക്വാർട്ടേഴ്സിന്റെ മുറ്റത്തെത്തിയ കാട്ടുപന്നിയെ അവിടെ വെച്ച് പുലി ആക്രമിച്ച് കൊല്ലുന്ന ദൃശ്യം നേരിൽകണ്ടതിന്റെ ഭീതിയിലാണ് താമസക്കാർ. അലർച്ച കേട്ട് ലൈറ്റിട്ട് നോക്കിയ പ്രസ് ജീവനക്കാർ പുലി കാട്ടുപന്നിയെ കടിച്ച് കൊല്ലുന്നതും വലിച്ചു കൊണ്ട് അടുത്തുള്ള തേയിലത്തോട്ടത്തിലേക്ക് പോകുന്നതും കണ്ടിരുന്നു. നേരം പുലർന്ന ശേഷം തൊട്ടടുത്തുള്ള തേയിലത്തോട്ടത്തിൽ പുലി ഭക്ഷിച്ച കാട്ടുപന്നിയുടെ ശരീരാവശിഷ്ടങ്ങൾ കാണുകയും ചെയ്തു. ഇതോടെയാണ് ജനങ്ങളുടെ ഭീതി ഇരട്ടിച്ചത്. വിവരമറിയിച്ചിട്ടും വനംവകുപ്പധികൃതർ തിരിഞ്ഞു നോക്കിയില്ലെന്നും പ്രദേശവാസികൾക്ക് ആക്ഷേപമുണ്ട്.
ജനവാസ മേഖലയിലിറങ്ങുന്ന പുലികളെ കൂടുവെച്ച് പിടിക്കാനാവശ്യമായ നടപടികൾ ഉണ്ടാകണമെന്നാണിവരുടെ ആവശ്യം. വനം വകുപ്പധികൃതർ നിസ്സംഗത പാലിക്കുന്നതിൽ പ്രദേശത്തെ താമസക്കാർക്ക് അമർഷവുമുണ്ട്. രാത്രി വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ജനങ്ങൾ. തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ വനം വകുപ്പധികൃതർ തയാറാകണമെന്നാണ് ഇവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.