കാട്ടാനഭീതിയിൽ മൂപ്പൻകുന്നും കുന്നമ്പറ്റയും; കാട്ടാന ആക്രമിച്ച സ്ത്രീ ഗുരുതരാവസ്ഥയിൽ
text_fieldsമേപ്പാടി: ഗ്രാമപഞ്ചായത്തിലെ കുന്നമ്പറ്റ, മൂപ്പൻകുന്ന്, കൂട്ടുമുണ്ട പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷം. ചെമ്പ്ര വന മേഖലയോട് ചേർന്നു കിടക്കുന്ന തോട്ടങ്ങളിൽ ജോലിക്ക് പോകുന്ന തൊഴിലാളികൾ ഇതുമൂലം കടുത്ത ഭീതിയിലായി. ബുധനാഴ്ച വൈകീട്ട് നാലോടെ ജോലി കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുകയായിരുന്ന ആറുപേരടങ്ങുന്ന തൊഴിലാളികളുടെ സംഘം കാട്ടാനയുടെ ആക്രമണത്തിനിരയായത് ജനങ്ങളെ ഭീതിയിലാഴ്ത്തി. കൂട്ടത്തിലുണ്ടായിരുന്ന ചെമ്പ്ര എസ്റ്റേറ്റ് തൊഴിലാളി മൂപ്പൻ കുന്നിലെ പാർവതിയെ (50) കാട്ടാന അടിച്ചു വീഴ്ത്തി.
കൂട്ടുമുണ്ട എസ്റ്റേറ്റിലൂടെ നടന്നുവരുമ്പോഴാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മേപ്പാടി വനം വകുപ്പ് അധികൃതരാണ് ആംബുലൻസിൽ ഇവരെ ആദ്യം മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും എത്തിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന ഇവരെ ശസ്ത്രക്രിയക്ക് വിധേയയാക്കി.
ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റു തൊഴിലാളികൾ സമീപത്തെ തോട്ടത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഭാഗ്യംകൊണ്ട് മാത്രമാണ് തങ്ങൾ രക്ഷപ്പെട്ടതെന്ന് കൂടെയുണ്ടായിരുന്ന കൃഷ്ണൻ, വിജയൻ എന്നീ തൊഴിലാളികൾ പറഞ്ഞു.
ഏതാനും വർഷങ്ങൾക്ക് മുമ്പ് കുന്നമ്പറ്റയിൽ ഒരാൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അന്ന് നാട്ടുകാർ റോഡ് തടയൽ അടക്കമുള്ള സമരങ്ങളുമായി രംഗത്തു വന്നിരുന്നു. കാട്ടാനശല്യത്തിനെതിരെ അടുത്ത കാലത്തും മേപ്പാടി വനം വകുപ്പ് ഓഫിസിന് മുന്നിൽ നാട്ടുകാരുടെ സമരങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ നടപടികൾ ഒന്നുമുണ്ടായില്ല.
കാട്ടാനകൾ സ്ഥിരമായി മൂപ്പൻകുന്ന്, കുന്നമ്പറ്റ, കൂട്ടുമുണ്ട പ്രദേശങ്ങളിൽ പകൽപോലും വിലസുന്നു. കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കപ്പെടുന്നു. പ്രതിരോധത്തിന് വനാതിർത്തിയിൽ ആനക്കിടങ്ങ്, വൈദ്യുതി കമ്പിവേലി എന്നിവ സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
തോൽപെട്ടിയിൽ കാട്ടാനകൾ കടകൾ തകർത്തു
മാനന്തവാടി: തോൽപെട്ടി വന്യജീവി സങ്കേതത്തിനു സമീപം റോഡരികിലെ കച്ചവട സ്ഥാപനങ്ങൾ കാട്ടാന തകർത്തു. അഞ്ചു പെട്ടിക്കടകളാണ് തകർത്തത്. ബുധനാഴ്ച രാത്രി പത്തിനാണ് സംഭവം. അബ്ദുൽ റഹ്മാൻ, കമല, ബാലൻ, ബിന്ദു, സാബു എന്നിവരുടെ ചായക്കട, കരകൗശല ഉപകരണ വിൽപന കട, തേൻകട മുതലായവയാണ് കാട്ടാന നശിപ്പിച്ചത്.
ഒാരോരുത്തർക്കും പതിനായിരത്തോളം രൂപയുടെ നഷ്ടങ്ങൾ സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. 10 ദിവസങ്ങൾക്ക് മുമ്പ് ഇതേ ആന ഇവിടെ കച്ചവടം ചെയ്യുന്ന ഒരു സ്ത്രീയുടെ കട പൂർണമായും നശിപ്പിച്ചിരുന്നു.
പ്രദേശത്ത് കാട്ടാനകളുടെ ആക്രമണവും വീടുകളും കടകളും കൃഷിയിടങ്ങളും നശിപ്പിക്കുന്നതും പതിവായി. ഇതിന് ഒരു ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കൂടുതൽ വാച്ചർമാരെ നിരീക്ഷണത്തിനായി നിയമിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.