ചെമ്പ്രമല താഴ്വാരങ്ങളിൽ ഉറക്കംകെടുത്തി കാട്ടാനക്കൂട്ടം
text_fieldsമേപ്പാടി: പശ്ചിമഘട്ടത്തിെൻറ ഭാഗമായ ചെമ്പ്ര മലയടിവാരത്തിലെ ഗ്രാമീണരുടെ ഉറക്കംകെടുത്തി കാട്ടാനക്കൂട്ടം. ആനകൾ കാടിറങ്ങുന്നത് പതിവായതോടെ, രാത്രികാലങ്ങളിൽ വഴിനടക്കാനോ, വീടിന് പുറത്തിറങ്ങാനോ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് ജനങ്ങൾ.
ചെമ്പ്ര, എരുമക്കൊല്ലി, പൂളക്കുന്ന്, കുന്നമ്പറ്റ, എരുമക്കൊല്ലി -22, കോട്ടനാട്, നാൽപത്താറ്, കുന്നമംഗലം വയൽ, മണ്ണാത്തിക്കുണ്ട്, കടൂർ, ഏലമല, ചുളിക്ക തുടങ്ങി ചെമ്പ്രമലയടിവാരത്തിലുള്ള പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളുടെ സുരക്ഷിതജീവിതത്തിന് കാട്ടാനകൾ ഭീഷണിയാകുകയാണ്. മൂപ്പൈനാട് പഞ്ചായത്തിലെ ചോലാടി, ചെല്ലങ്കോട്, അരമംഗലം ചാൽ, കാടാശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലും കാട്ടാനകൾ ഭീതിപരത്തുന്നുണ്ട്.
ചെമ്പ്ര, നിലമ്പൂർ വനമേഖലകളിൽനിന്നാണ് നേരം ഇരുട്ടുന്നതോടെ കാട്ടാനകൾ ജനവാസമേഖലകളിലേക്കിറങ്ങുന്നത്. കാർഷികവിളകൾ വ്യാപകമായി നശിപ്പിക്കപ്പെടുമ്പോഴും നിസ്സഹായരായി നോക്കിനിൽക്കാനേ ഇവിടത്തുകാർക്ക് കഴിയാറുള്ളൂ. ആനയുടെ ആക്രമണത്തിൽ ചിലരുടെയൊക്കെ ജീവനും ഇതിനകം നഷടപ്പെട്ടിട്ടുണ്ട്. കാട്ടാനശല്യത്തിന് പരിഹാരമാവശ്യപ്പെട്ട് മേപ്പാടി ഫോറസറ്റ് റേഞ്ച് ഓഫിസിന് മുന്നിൽ പലതവണ സമരം നടത്തിയിരുന്നു. വനത്തോട് ചേർന്നുകിടക്കുന്ന ചില പ്രദേശങ്ങളിൽ വനംവകുപ്പ് സോളാർ ഫെൻസിങ് സംവിധാനം പലപ്പോഴായി സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ആനകൾ നാട്ടിലിറങ്ങുന്നത് തടയാൻ പര്യാപ്തമല്ല എന്ന് ഇതിനകം തെളിഞ്ഞു.
പലസ്ഥലങ്ങളിലും ആനകൾതന്നെ ഇത് തകർത്തു. ആനശല്യത്തിന് ശാശ്വത പരിഹാരം ഇനിയും അകലെയാണ്. റെയിൽ ഫെൻസിങ് സംവിധാനം ആനകളെ തടയാൻ പര്യാപ്തമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പക്ഷേ, ഇത് ചെലവേറിയ സംവിധാനമായതിനാൽ പ്രയോഗത്തിൽ കൊണ്ടുവരുന്നതിന് കാലതാമസം നേരിടും എന്നത് വനംവകുപ്പിനും വെല്ലുവിളിയാണ്.
മേപ്പാടി പഞ്ചായത്ത് ഏഴാം വാർഡിൽപെട്ടതും മേപ്പാടി ടൗണിെൻറ ഭാഗവുമായ 37 കുടുംബങ്ങൾ അധിവസിക്കുന്ന മണ്ണാത്തിക്കുണ്ടിൽ ഒട്ടുമിക്ക ദിവസങ്ങളിലും രാത്രി ആനകളെത്തുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. തൊട്ടടുത്ത 15ാം വാർഡിൽപെട്ട കുന്നമംഗലം വയൽ, പൂളക്കുന്ന്, എരുമക്കൊല്ലി പ്രദേശങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. വീടുകൾക്കുള്ളിലിരുന്നാൽ തൊട്ടടുത്ത് പറമ്പിലെ തെങ്ങ്, കമുക്, വാഴ, കാപ്പി മുതലായ കൃഷികൾ ആന തകർക്കുന്ന ശബ്ദം കേൾക്കാമെന്ന് ആളുകൾ പറയുന്നു.
പൂളക്കുന്ന് പ്രദേശത്തെ നിരവധി യുവാക്കൾ കൽപറ്റ, മേപ്പാടി എന്നിവിടങ്ങളിലെ പല സ്വകാര്യസ്ഥാപനങ്ങളിൽ ജോലിക്ക് പോകുന്നവരാണ്. ഇരുചക്രവാഹനങ്ങളിൽ രാത്രി വൈകി വീടുകളിലേക്ക് മടങ്ങിവരുന്ന പലരും ഇരുട്ടിൽ റോഡിൽ നിൽക്കുന്ന ആനകളുടെ മുന്നിൽച്ചെന്ന് പെടാറുണ്ട്. ഭാഗ്യം കൊണ്ടുമാത്രമാണ് ഇവർ രക്ഷപ്പെടുന്നത്.
wild elephant menace at mepopadi chembraഇവിടങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചാൽ ആനകളെ അകലെനിന്ന് കാണാൻ കഴിയും. എന്നാൽ, നിരന്തരം ആവശ്യമുന്നയിച്ചിട്ടും അതിന് ഗ്രാമപഞ്ചായത്തിൽനിന്ന് നടപടിയുണ്ടായിട്ടില്ല. ആനകൾ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നതിനെ പ്രതിരോധിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷ സമരപരിപാടികൾക്ക് ഒരുങ്ങുകയാണ് ജനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.