പുഴമൂലയിൽ കാട്ടാനകളുടെ വിഹാരം
text_fieldsകാട്ടാന നശിപ്പിച്ച കാർഷിക വിളകൾ
മേപ്പാടി: ഗ്രാമപഞ്ചായത്ത് 16ാം വാർഡ് പുഴമൂല-22ലെ 150ൽപരം കുടുംബങ്ങളുടെ ഉറക്കം കെടുത്തി പ്രദേശത്ത് കാട്ടാനകൾ വിഹരിക്കുന്നു. വൈകീട്ട് അഞ്ചുമണി കഴിഞ്ഞാൽ പ്രദേശത്തേക്ക് ഒന്നിനു പിറകെ ഒന്നായി കാട്ടാനകളെത്തുകയാണ്. തെങ്ങുകൾ, കമുക്, കാപ്പി തുടങ്ങിയ കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നതും പതിവാണ്.
സന്ധ്യ കഴിഞ്ഞാൽ റോഡിലൂടെ കാട്ടാനകൾ നടക്കുന്നത് പതിവായതിനാൽ ആളുകൾ യാത്ര ചെയ്യാനും പുറത്തിറങ്ങാനും ഭയപ്പെടുന്നു. വിവരമറിയിച്ചാൽ വനപാലകർ വന്ന് പടക്കം പൊട്ടിക്കും. അവർ മടങ്ങിപ്പോയാൽ ഉടൻതന്നെ ആനകൾ തിരികെയെത്തുന്നു. തെരുവുവിളക്കിന്റെ ചുവട്ടിൽപോലും കാട്ടാനകൾ നിലയുറപ്പിക്കുകയാണ്. വേലികളൊക്കെ തകർത്ത് വീട്ടുമുറ്റങ്ങളിൽ ആനകൾ എത്തുന്നതിനാൽ ഉറക്കമിളച്ച് പേടിച്ചുവിറച്ചാണ് ആളുകൾ വീടുകൾക്കുള്ളിലിരുന്ന് നേരം വെളുപ്പിക്കുന്നത്.
കാട്ടാനകൾ നാട്ടിലിറങ്ങുന്നത് തടയാൻ വനം വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. എം.എൽ.എ ഫണ്ട് 25 ലക്ഷം രൂപകൊണ്ട് മേഖലയിൽ വൈദ്യുതി ഫെൻസിങ് നിർമാണത്തിന് തുടക്കം കുറിച്ചെങ്കിലും ആറുമാസത്തോളമായി പ്രവൃത്തി മുടങ്ങിക്കിടക്കുകയാണ്. അത് പൂർത്തീകരിക്കാൻപോലും അധികൃതർ താൽപര്യമെടുക്കുന്നില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം.
വനത്തിനുള്ളിൽ ആനകൾക്ക് ആവശ്യമായ ഭക്ഷണവും വെള്ളവുമില്ല എന്നതാണ് ആനകൾ കാടുവിട്ട് ഇറങ്ങാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിനായി വനംവകുപ്പ് കാര്യമായി ഒന്നും ചെയ്യുന്നില്ല എന്നും ആരോപണമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.