ജോലിസമയം പുനഃക്രമീകരിച്ചില്ല; വേനൽച്ചൂടിൽ വെന്തുരുകി തോട്ടം തൊഴിലാളികൾ
text_fieldsമേപ്പാടി: ജില്ലയിൽ വേനൽച്ചൂടും വെയിലിന്റെ കാഠിന്യവും രൂക്ഷമായിട്ടും തോട്ടം തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിക്കാൻ നടപടിയില്ല. ചൂട് വലിയരീതിയിൽ അധികരിച്ചതിനാൽ അടിയന്തരമായി തോട്ടം തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരണമെന്നാണ് ആവശ്യം. തോട്ടംരംഗത്തെ വിവിധ യൂനിയനുകൾ ഇതിനകം ഈ ആവശ്യമുന്നയിച്ചെങ്കിലും തൊഴിൽ വകുപ്പിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടാവുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.
ജില്ലയിൽ പകൽ സമയങ്ങളിൽ താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിലായ സാഹചര്യത്തിൽ തൊഴിലാളികൾക്ക് സൂര്യാതപം ഏൽക്കാനുള്ള സാധ്യത ഏറെയാണ്. മുൻവർഷങ്ങളിൽ തോട്ടം തൊഴിലാളികളുടെ തൊഴിൽ സമയത്തിൽ പുനഃക്രമീകരണം നടത്തിയിരുന്നെങ്കിലും ഈവർഷം തൊഴിൽ വകുപ്പ് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് ആരോപണം.
പല ട്രേഡ് യൂനിയനുകളും ഇതേ ആവശ്യമുന്നയിച്ച് രംഗത്തു വന്നെങ്കിലും ജോലിസമയം പുനഃക്രമീകരിച്ച് ഉത്തരവിറക്കാൻ തൊഴിൽവകുപ്പും ജില്ല ഭരണകൂടവും തയാറായിട്ടില്ലെന്ന് യൂനിയൻ ഭാരവാഹികൾ ആരോപിക്കുന്നു. രാവിലെ എട്ടു മുതൽ ഉച്ചക്ക് 12 വരെയും ഒരു മണി മുതൽ വൈകീട്ട് അഞ്ചുവരെയുമാണ് സാധാരണ തൊഴിൽസമയം. ചൂടുകുടൂന്ന സമയങ്ങളിൽ രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ടുവരെയായിരുന്നു മുൻവർഷങ്ങളിലെ സമയ പുനഃക്രമീകരണം. രാവിലെ എട്ടു മുതൽ ഉച്ചക്ക് 12 വരെയും വൈകീട്ട് മൂന്നു മുതൽ ഏഴുവരെയും എന്ന രീതിയിൽ എട്ടു മണിക്കൂർ ജോലി സമയം എന്നത് ക്രമീകരിക്കാമെന്നായിരുന്നു അന്ന് സർക്കാർ നിശ്ചയിച്ചിരുന്നത്. അതിൽ പ്രായോഗിക പ്രശ്നങ്ങൾ ഉണ്ടെന്നതിനാൽ അംഗീകരിക്കപ്പെട്ടിരുന്നില്ല.
യൂനിയനുകളുമായി ചർച്ച ചെയ്ത് പ്രായോഗിക തീരുമാനമെടുക്കാനും തൊഴിൽ വകുപ്പിന് സർക്കാർ നിർദേശമുണ്ടായിരുന്നു. രാവിലെ ഏഴു മുതൽ ഉച്ചസമയം രണ്ടുവരെ എന്ന രീതിയിലാണ് അത് നടപ്പാക്കിയത്. ഇക്കുറി ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പോ ജില്ല ഭരണകൂടമോ തീരുമാനമെടുത്തിട്ടില്ല. സമയ പുനഃക്രമീകരണം നടപ്പാക്കണമെന്ന് എ.ഐ.ടി.യു.സി, എച്ച്.എം.എസ് യൂനിയനുകൾ ജില്ല ലേബർ ഓഫിസർക്ക് രേഖാമൂലം കത്തു നൽകിയിട്ടുമുണ്ട്. തീരുമാനമെടുക്കേണ്ടവർ നിസംഗത കാണിക്കുന്നുവെന്ന ആക്ഷേപവും ഉയരുന്നു. ഇത്തവണ ഫെബ്രുവരി മാസത്തിൽ തന്നെ ചൂടുകൂടിയ അവസ്ഥയാണുള്ളത്. വരും ദിവസങ്ങളൽ ജോലിസമയം പുനഃക്രമീകരണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തിപ്രാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.