പൂക്കോട് തടാകം: ചളിയിൽ മുങ്ങി കോടികൾ
text_fieldsവൈത്തിരി: കോടിക്കണക്കിനു രൂപ ചെലവഴിച്ചു പൂക്കോട് തടാകത്തിൽ നടത്തിയ ചളി, പായൽ വാരൽ യജ്ഞം പരാജയം. രണ്ടു മാസമാകുമ്പോഴേക്കും തടാകത്തിെൻറ പല ഭാഗത്തും പായൽ പൊങ്ങാൻ തുടങ്ങി. പടിഞ്ഞാറു ഭാഗത്തു പലയിടത്തായി നിറച്ചും പായലാണ്.
രണ്ടു കോടിയോളം രൂപ ചെലവഴിച്ചാണ് തടാകത്തിെൻറ വിസ്തൃതി വർധിപ്പിക്കാൻ വടക്കു ഭാഗത്തെ ചളി കോരി മാറ്റിയത്. തടാകത്തിൽ നിറഞ്ഞ പായലും നീക്കം ചെയ്തു.
പൂക്കോട് തടാകം നവീകരണത്തിന് 10 കോടിയോളം രൂപയാണ് അനുവദിച്ചത്. ഇതിെൻറ കരാർ പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന നേതാവിെൻറ അടുത്ത ബന്ധുവിനാണ് ലഭിച്ചിട്ടുള്ളത്. ഇദ്ദേഹം പലർക്കായി ഉപകരാറുകൾ നൽകുകയായിരുന്നു.
ഇതിൽ ഒന്നേമുക്കാൽ കോടി രൂപയാണ് ചളിയും പായലും നീക്കം ചെയ്യുന്നതിന് നീക്കിവെച്ചത്. മാസങ്ങൾ നീണ്ട ചളിവാരലിനും പായൽ നീക്കുന്നതിനും ചെലവായതിെൻറ മൂന്നിലൊന്നുപോലും വേണ്ടെന്നാണ് പ്രവൃത്തിയുമായി അടുത്ത ബന്ധമുള്ളയാൾ പ്രതികരിച്ചത്.
തികച്ചും ധൂർത്തിെൻറ വാരലാണ് പൂക്കോട് നടന്നതെന്ന ആക്ഷേപം ശക്തമാവുകയാണ്. കരയിൽനിന്ന് ഒമ്പതു മീറ്റർ വിട്ടും പ്രതലത്തിൽനിന്നും ഒരു മീറ്റർ ആഴത്തിലുമാണ് ചളി കോരിയത്.
എന്നാൽ ഈ വ്യാപ്തി കൂട്ടിയാൽ പോലും ഇത്രയും തുക എങ്ങനെയായി എന്നാണ് നാട്ടുകാരുടെ ചോദ്യം. കോരിയ ചളിയും പായലും ദൂരെ കൊണ്ടിടണമെന്ന കരാറിന് വിപരീതമായി തടാകക്കരയിൽ തന്നെയാണ് നിക്ഷേപിച്ചത്.
ഇതുമൂലം തടാകത്തിനു ചുറ്റും ചളിക്കുളമായി. ചളി കോരാൻ കൊച്ചിയിൽനിന്നാണ് ഹിറ്റാച്ചിയടക്കമുള്ള യന്ത്രങ്ങൾ എത്തിച്ചത്. ഇവ സഞ്ചരിച്ചതിെൻറ ഫലമായി തടാകത്തിനു ചുറ്റുമുള്ള കട്ടപതിച്ച റോഡുകൾ തകർന്നു തരിപ്പണമായി. രണ്ടു വർഷം മുമ്പാണ് ലക്ഷക്കണക്കിന് രൂപ മുടക്കി ചുറ്റുറോഡ് നവീകരിച്ചത്. ഈ പാത ഇപ്പോൾ സഞ്ചാരയോഗ്യമല്ല.
ചളി സമീപത്തുതന്നെ തട്ടിയതിനാൽ മഴയത്ത് വീണ്ടും തടാകത്തിലേക്ക് തന്നെ ഒഴുകിയെത്തി. റോഡ് വശം പലയിടത്തും തടാകത്തിലേക്ക് തള്ളി നിൽക്കുകയാണ്. ഇത് തടാകത്തിലേക്ക് പതിക്കാനിടയുണ്ട്.
പദ്ധതി സമയത്ത് താൽക്കാലികമായി പൂക്കോടുണ്ടായിരുന്ന മാനേജരെ മാറ്റുകയും അധികൃതർക്ക് വേണ്ടപ്പെട്ടയാളെ നിയമിക്കുകയും ചെയ്തിരുന്നു. പായൽ വാരുന്നതിന് അനുവദിച്ച തുക അപര്യാപ്തമാണെന്നും വീണ്ടും ഒന്നേകാൽ കോടി അനുവദിക്കണമെന്നും കരാറുകാർ ഡി.ടി.പി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുക അനുവദിച്ചു കൊടുക്കാൻ അണിയറ നീക്കങ്ങൾ നടക്കുന്നതായാണ് വിവരം. മൂന്നു വർഷം മുമ്പ് പായൽ വാരാൻ തുക അനുവദിച്ചെങ്കിലും പണി മുഴുമിപ്പിക്കാതെ കാറുകാരൻ മുഴുവൻ തുകയും വാങ്ങിപ്പോകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.