കൈവിരലിന് നിസ്സാര പരിക്ക്: കുട്ടിയെ കോഴിക്കോട്ടേക്ക് റഫര്‍ ചെയ്ത ഡോക്ടര്‍ കുറ്റക്കാരനെന്ന് റിപ്പോര്‍ട്ട്
text_fieldsമാനന്തവാടി: കൈവിരലിന് നിസ്സാരമുറിവ് പറ്റിയ കുട്ടിയെ വയനാട് മെഡിക്കല്‍ കോളജില്‍നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫര്‍ ചെയ്ത സംഭവത്തില്‍ ഡോക്ടറുടെ ഭാഗത്ത് പിഴവെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഈ മാസം എട്ടിനാണ് പീച്ചങ്കോട് കേളോത്ത് മുഹമ്മദലിയുടെ നാല് വയസ്സുള്ള കുട്ടി മിനിഹാലിന്റെ കൈവിരലിന് മുറിവ് പറ്റിയത്.
പിതാവ് മുഹമ്മദലി ആദ്യം ചികിത്സ തേടിയത് പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലായിരുന്നു. ഇവിടെനിന്ന് മകനെ വയനാട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. വൈകീട്ട് അഞ്ചരയോടെ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെത്തിച്ചു. ഡ്യൂട്ടി ഡോക്ടര്‍ പരിശോധിച്ച ശേഷം ആറരയോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു.
എത്രയും വേഗത്തിലെത്തിക്കണമെന്നാവശ്യപ്പെട്ടതിനാല് ആംബുലന്‍സ് വാടകക്കെടുത്താണ് കുട്ടിയെ കൊണ്ടുപോയത്. രാത്രി ഒമ്പതോടെ മെഡിക്കല്‍ കോളജിലെത്തിച്ച കുട്ടിയെ എക്സ്റേ എടുത്ത് പരിശോധിച്ച് തുന്നലിട്ട ശേഷം തിരിച്ചയക്കുകയും ചെയ്തു.
ഒരു ക്ലിനിക്കില്‍നിന്ന് ചെയ്യാവുന്ന കാര്യത്തിനാണോ നിങ്ങള്‍ ഇവിടെ വന്നതെന്ന് ഡോക്ടര്‍ കുറ്റപ്പെടുത്തുകയും ചെയ്തു. മാനസിക സംഘര്‍ഷത്തിന് പുറമെ സാമ്പത്തികനഷ്ടവും സമയനഷ്ടവും അനുഭവിച്ച മുഹമ്മദലി ഇത് സംബന്ധിച്ച് വയനാട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് പരാതി നല്‍കുകയായിരുന്നു.
അന്വേഷണ റിപ്പോര്‍ട്ടിലാണ് ഡോക്ടറുടെ വീഴ്ച ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അന്നേ ദിവസം മെഡിക്കല്‍ കോളജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയര്‍ ഡോക്ടര്‍ പി.കെ. റന്ന കുട്ടിയെ പരിശോധിച്ച് പരിശോധനാവിവരങ്ങള്‍ കോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ റസിഡന്റ് ഡോക്ടര്‍ റോഡ്നി ലോറന്‍സിനെ ചിത്രസഹിതം അറിയിച്ചു.
എന്നാല്‍, സീനിയര്‍ ഡോക്ടര്‍ നേരില്‍ വന്ന് കുട്ടിയെ പരിശോധിക്കാതെ പ്ലാസ്റ്റിക് സര്‍ജറി സൗകര്യമുള്ള ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാനാവശ്യപ്പെടുകയായിരുന്നുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. ഇതിനുത്തരവാദിയായ ഡോക്ടര്‍ റോഡ്നി ലോറന്‍സിനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.