പിഞ്ചുകുഞ്ഞുമായി പ്ലാസ്റ്റിക് കൂരയിൽ ദുരിതജീവിതം: ഇനിയും ദുരിതം പേറണോ ?
text_fieldsവെള്ളമുണ്ട: ഇഴജന്തുക്കൾ കയറുന്ന പ്ലാസ്റ്റിക് കൂരയിലെ പൊടി മണ്ണിൽ പിഞ്ചു കുഞ്ഞിനൊപ്പം ദുരിതജീവിതം നയിക്കുകയാണ് ആദിവാസി വീട്ടമ്മയായ മുരുടിയും കുടുംബവും. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ 16ാം വാർഡിലെ ആറുവാൾ മുടപ്പിലാവിൽ പണിയ കോളനിയിലാണ് കാറ്റടിച്ചാൽ പറന്നുപോവുന്ന ഇവരുടെ കൊച്ചു കൂരയുള്ളത്. അഞ്ചുവർഷം മുമ്പ് പെയ്ത കനത്ത മഴയിലാണ് ഇവരുടെ വീട് തകർന്നത്.
എന്നാൽ, ഇതുവരെ പുതിയ വീടു നിർമിച്ച് നൽകാൻ അധികൃതർ തയാറായിട്ടില്ല. ഇരുപതുവർഷം മുമ്പ് 90 സെന്റ് സ്ഥലം കോളനിക്കായി പഞ്ചായത്ത് വാങ്ങിച്ചിരുന്നു. അവിടെ നിലനിന്നിരുന്ന പഴയവീട് മുരുടിക്കും കുടുംബത്തിനും നൽകി. തകർന്ന വീടിനരികിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയാണ് മുരുടിയും മകളും മകളുടെ മക്കളും ഇപ്പോൾ താമസിക്കുന്നത്.
പലതവണയായി വീട് അനുവദിച്ചുകിട്ടാൻ അപേക്ഷ നൽകിയെങ്കിലും പാസായിട്ടില്ല. ഭൂമിക്ക് രേഖയില്ലെന്നാണ് അധികൃതരുടെ മറുപടി. പഞ്ചായത്ത് ഏറ്റെടുത്ത ഭൂമി ആർക്കുംതന്നെ വീതിച്ചുനൽകിയിട്ടുമില്ല. എട്ടു വീടുകളിലായി പതിനഞ്ചിലധികം കുടുംബങ്ങളാണ് താമസിക്കുന്നത്.
60 വയസ്സ് പിന്നിട്ട മുരടിക്ക് രണ്ട് പെൺമക്കളാണ്. പ്രസവം കഴിഞ്ഞ് രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെയുമായി കൂരക്കകത്ത് സദാ കഴിയുന്ന കാഴ്ചയും ദയനീയമാണ്. പഞ്ചായത്ത് ഏറ്റെടുത്ത് നൽകിയ സ്ഥലത്തിന്റെ രേഖകൾ ആരാണ് ശരിയാക്കേണ്ടതെന്ന കാര്യവും പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും തീരുമാനമായിട്ടില്ല. ട്രൈബൽ പ്രമോട്ടർമാരും മറ്റു അധികൃതരും കോളനി സന്ദർശിക്കാറുണ്ടെങ്കിലും നടപടികൾ എങ്ങുമെത്താത്ത സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.