'സ്മൃതി ഇറാനിയുടെ പരിപ്പ് വേവുന്ന രാഷ്ട്രീയ വറചട്ടിയല്ല വയനാട്' -കോൺഗ്രസ് എം.എൽ.എമാർ
text_fieldsകല്‍പറ്റ: സ്മൃതി ഇറാനിയുടെ പരിപ്പ് വേവുന്ന രാഷ്ട്രീയ വറവുചട്ടിയല്ല വയനാടെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ.യും ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയും കല്‍പറ്റയില്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്രമന്ത്രി പങ്കെടുത്ത പ്രാദേശിക സന്ദര്‍ശനത്തിലും അവലോകനയോഗത്തിലും ബോധപൂര്‍വം ജനപ്രതിനിധികളെ മാറ്റിനിര്‍ത്തിയത് വയനാടിനോടുള്ള അവഗണനയാണ്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടക്കം എല്ലാവരും ചേര്‍ന്നുള്ള സംയുക്തനീക്കമാണ് ആസ്പിരേഷനല്‍ ജില്ല പദ്ധതിയില്‍ വേണ്ടത്. കലക്ടറാണ് ഇക്കാര്യത്തില്‍ മറുപടി പറയേണ്ടതെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞത്.
എന്നാല്‍, കലക്ടറേറ്റില്‍നിന്നും ജനപ്രതിനിധികളുടെ മീറ്റിങ് ഉള്‍പ്പെടുത്തണമെന്ന് അഭ്യർഥിച്ചുകൊണ്ട് ഇ-മെയില്‍ സന്ദേശമയച്ചിട്ടും മറുപടി നല്‍കിയില്ല. മന്ത്രി ശരിക്കും വയനാട്ടിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നെന്നും ഇരുവരും പറഞ്ഞു.
സമയബന്ധിതമായി മുഴുവന്‍ എം.പി ഫണ്ടും ചെലവഴിച്ച അപൂർവം ജില്ലകളില്‍ ഒന്നാണ് വയനാട്. സ്മൃതി ഇറാനി അടക്കം കോവിഡ് കാലത്ത് ജനങ്ങളില്‍നിന്ന് ഒളിച്ചോടിയപ്പോള്‍ ജനങ്ങളുടെ ആവശ്യാനുസരണം പ്രവര്‍ത്തിച്ച രാഹുല്‍ഗാന്ധി എം.പിയെപ്പോലൊരാള്‍ ഇന്ത്യയിലുണ്ടാവില്ല. കോവിഡ് കാലത്ത് കിഡ്‌നി രോഗികള്‍ക്ക് ഡയലാസിസ് കിറ്റ് ഉള്‍പ്പടെയുള്ളവ രാഹുല്‍ ഗാന്ധി എം.പി എത്തിച്ചുനല്‍കി.
കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍, വായ്പ, മൊറട്ടോറിയം തുടങ്ങിയ നിരവധി വിഷയങ്ങള്‍ രാഹുല്‍ഗാന്ധി പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചിട്ടും കേന്ദ്രത്തിന് മറുപടിയില്ല. കേന്ദ്ര സർക്കാർ ചെയ്യേണ്ട ഉത്തരവാദിത്തം നിര്‍വഹിച്ചിട്ട് വേണം ഇവിടെ വന്ന് അവലോകനം നടത്താനെന്നും ഇരുവരും പറഞ്ഞു. കര്‍ഷകര്‍ ജപ്തി ഭീഷണിയില്‍ ആശങ്കയില്‍പ്പെടുമ്പോള്‍ കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എന്തുചെയ്തെന്ന് വ്യക്തമാക്കണമെന്നും എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.