ഗോത്ര വിദ്യാര്‍ഥികള്‍ക്കായി സഞ്ചരിക്കുന്ന പഠനമുറികള്‍
text_fieldsവെള്ളമുണ്ട: ഗോത്ര വിദ്യാര്‍ഥികള്‍ക്കായി സഞ്ചരിക്കുന്ന പഠനമുറികള്‍ വ്യത്യസ്തമാകുന്നു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വാരാമ്പറ്റ ഗവ. ഹൈസ്‌കൂള്‍ അധ്യാപകരാണ് കോളനികളിലെത്തി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണുന്നതിനുള്ള സൗകര്യം ഒരുക്കുന്നത്.
വിക്‌ടേഴ്‌സ് ചാനല്‍ വഴിയുള്ള വിവിധ ക്ലാസുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ലാപ്ടോപ്പുമായി കോളനികളിലെത്തി അധ്യാപകർ കുട്ടികള്‍ക്ക് ക്ലാസുകൾ പരിചയപ്പെടുത്തും. സ്‌കൂളിന് കീഴില്‍ കാട്ടുനായ്ക്ക പണിയ വിഭാഗത്തിലെ ഒട്ടേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്.
വിദൂരത്തുള്ളതും മലയോരങ്ങളിലുമുള്ള കോളനികളില്‍ നേരിട്ട് അധ്യാപകരെത്തി കുട്ടികളുടെ പഠന വിവരങ്ങള്‍ വിലയിരുത്തുന്നു. സ്ക്വാഡുകളാക്കിയാണ് പ്രവർത്തനം. കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസുകളുമായി ബന്ധപ്പെട്ട സംശയങ്ങളും ദൂരീകരിക്കും. കൂടുതല്‍ കുട്ടികളുള്ള കോളനികളില്‍ ഇതിനകം സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ ടെലിവിഷന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കോളനികളില്‍ വിദ്യാര്‍ഥികള്‍ ഈ സൗകര്യം ഉപയോഗിക്കുന്നുണ്ട് എന്നതും അധ്യാപകര്‍ നേരിട്ടെത്തി വിലയിരുത്തും. മിക്ക കോളനികളിലും കുട്ടികള്‍ക്ക് ഒണ്‍ലൈന്‍ സൗകര്യം ലഭ്യമാക്കിയിട്ടും ഇതില്‍ നിന്നു അകന്നു പോകുന്ന പ്രവണത പഞ്ചായത്തിെൻറ മറ്റിടങ്ങളിലുണ്ട്.
ഇക്കാര്യങ്ങള്‍ക്ക് പരിഹാരമായാണ് അധ്യാപകരുടെ മേല്‍നോട്ടം കുട്ടികളിലെത്തുന്നത്. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ച് സാമൂഹിക അകലം ഉറപ്പാക്കിയാണ് കോളനികളില്‍ അധ്യാപകര്‍ ഇടപെടുന്നത്. അതോടൊപ്പം കോളനികളില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അധികൃതരുടെ മുന്നിലെത്തിക്കാനും ഉടൻ പരിഹാരം കാണാനും അധ്യാപകരുടെ കോളനി സന്ദര്‍ശനം ഉപകരിക്കുന്നു.
വാരാമ്പറ്റ ഹൈസ്‌കൂളിന് സമീപ പ്രദേശത്തുള്ള ബാണാസുരമലയിലെ വാളാരം കുന്ന് കോളനി, ബപ്പനം മലയിലെ അംബേദ്കര്‍ കോളനി, കൊച്ചാറ കോളനി തുടങ്ങിയ സ്ഥലങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ ടെലിവിഷന്‍ ലഭ്യമാക്കി കുട്ടികള്‍ക്ക് ക്ലാസുകള്‍ നല്‍കുന്നുണ്ട്. ഇതിനു പുറമെയുള്ള കോളനികളിലാണ് ലാപ്‌ടോപ്പടക്കം എത്തിച്ച് അധ്യാപകര്‍ ക്ലാസ് സൗകര്യം ഏര്‍പ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.