തെപ്പക്കാട് ആന ക്യാമ്പിലെ മോഴയാന ചെരിഞ്ഞു
text_fieldsമുതുമല: തെപ്പക്കാട് ആന ക്യാമ്പിലെ 59 വയസ്സുള്ള മൂർത്തി എന്ന മോഴയാന ചെരിഞ്ഞു. കേരളത്തിൽ 23ഓളം പേരെ ആക്രമിച്ച് കൊലപ്പെടുത്തിയതിനാൽ ഒരുകാലത്ത് വാർത്തകളിൽ നിറഞ്ഞ ആനയായിരുന്നു മൂർത്തി. മനുഷ്യരെ വകവരുത്തുന്നത് പതിവായതോടെ ആനയെ വെടിവെച്ച് പിടികൂടാൻ കേരള ചീഫ് ലൈഫ് വാർഡൻ ഉത്തരവിട്ടു. ഇതിനിടെ ആന തമിഴ്നാട്ടിലെ ഗൂഡല്ലൂർ വനമേഖലയിൽ കയറി രണ്ട് പേരെ കൊലപ്പെടുത്തി. തുടർന്ന് തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആനയെ മയക്കുവെടിവെച്ച് പിടികൂടാൻ ഉത്തരവിടുകയായിരുന്നു.
1998 ജൂലൈയിൽ പാടന്തറക്ക് സമീപം വാച്ചിക്കോലിയിൽ വച്ച് ആനയെ പിടികൂടി. വെറ്ററിനറി ഡോക്ടർ കൃഷ്ണമൂർത്തി ആനയുടെ പരിക്കുകൾ ചികിത്സിച്ച് ഭേദമാക്കിയതോടെയാണ് അദ്ദേഹത്തിന്റെ പേരു തന്നെ ആനക്കുമിട്ടത്. മുതുമല ക്യാമ്പിലാണ് ആനയെ മെരുക്കിയത്. പിന്നീട് പലതരം ജോലികൾക്ക് മൂർത്തിയെ ഉപയോഗിച്ചു. ശനിയാഴ്ച രാത്രി ചെരിഞ്ഞ ആനയെ ഞായറാഴ്ച പോസ്റ്റുമോർട്ടത്തിനുശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.