നരഭോജി കടുവയെ വെടിവെച്ചത് താപ്പാനയുടെ പുറത്തിരുന്ന്; ഭീതിയൊഴിഞ്ഞ് ജനം
text_fieldsഗൂഡല്ലൂർ: ഒരുവർഷത്തിനിടെ ഒരു സ്ത്രീയടക്കം നാലുപേരെ കൊന്ന നരഭോജി കടുവയെ 21 ദിവസങ്ങൾക്ക് ശേഷം മയക്കുവെടിവെച്ച് പിടികൂടി. മസിനഗുഡി വനംവകുപ്പ് ചെക്ക്പോസ്റ്റിനടുത്ത് നിന്ന് നാല് കിലോമീറ്റർ അകലെ കർണാടക അതിർത്തി ഒട്ടമ്പറ വന ഭാഗത്ത് വെച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.10 ഓടെയാണ് കടുവയെ വെടിവെച്ചത്. താപ്പാനയുടെ പുറത്തിരുന്ന് വെറ്റിനറി വിഭാഗം ഡോക്ടർ ആണ് വെടിവെച്ചത്. തുടർന്ന് കൂട്ടിൽ ആക്കിയ കടുവയെ നിരീക്ഷണത്തിൽ വെച്ചശേഷം ഗ്ലൂക്കോസ് നൽകി.
വനം വകുപ്പ് മന്ത്രി കെ. രാമചന്ദ്രൻ, ചീഫ് സെക്രട്ടറി സുപ്രിയ സാഹു മറ്റ് ഉന്നത അധികൃതർ സ്ഥലത്ത് എത്തിയ ശേഷം അഞ്ച് മണിയോടെയാണ് കടുവയെ വനത്തിനു പുറത്തേക്ക് കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചത്. ഇതിനിടെ മന്ത്രിക്ക് വേണ്ടപെട്ട മാധ്യമപ്രവർത്തകനെ മാത്രം വാഹനത്തിൽ കയറ്റി കടുവയെ പിടികൂടിയ ഭാഗത്തേക്ക് കൊണ്ടുപോയതും ഒരു കുട്ടിയടക്കമുള്ള ജഡ്ജിയുടെ കുടുംബത്തെ വനം വകുപ്പ് ജീപ്പിൽ പോകാൻ അനുവദിച്ച വനപാലകരുടെ നടപടിയിൽ പ്രതിഷേധിച്ചും മാധ്യമ പ്രവർത്തകർ റോഡ് ഉപരോധിച്ചു.
ഇതിനിടെ ആറ് മണിയോടെ കടുവയുമായി എത്തിയ വാഹനത്തെ മാധ്യമപട തടഞ്ഞു. കടുവയെ കാണിക്കാതെ പോകാൻ പറ്റില്ലന്ന് പറഞ്ഞതോടെ വാഹനം നിർത്തി കാണിച്ചശേഷം വാഹനം മൈസൂർ മൃഗശാലയിലേക്ക് പുറപ്പെട്ടു. നാല് വെറ്റിനറി ഡോക്ടർമാരുടെ സംഘം ഒപ്പമുണ്ട്. അവിടെ ചികിത്സ നൽകിയ ശേഷം ചെെന്നെയിലേക്ക് മാറ്റും. ചികിത്സ പെട്ടെന്ന് നൽകാനാണ് മൈസൂരുവിലേക്ക് കൊണ്ടുപോയത്.
13 വയസുള്ള കടുവയാണ് പിടിയിലായത്. മസിനഗുഡി, മുതുമല,ശ്രീമധുര,ദേവൻ,മേഫീൽഡ് മേഖയിൽ 21 ദിവസമായി ജനങ്ങളുടെയും തെരച്ചിൽ ദൗത്യസംഘത്തെയും ഉറക്കം കെടുത്തിയ നരഭോജി കടുവ പിടിയിലായതോടെ ഭീതയൊഴിഞ്ഞു.വെള്ളിയാഴ്ച രാവിലെ 9.30നാണ് കടുവ ചെക്ക്പോസ്റ്റ് കടന്നത്. ഇതോടെയാണ് കടുവയെ പിൻതുടർന്ന് 2.10ന് കുങ്കിയാനക്ക് പുറത്തിരുന്ന് ഒരു മയക്കുവെടി വെച്ചത്. ഒരുവർഷം മുമ്പാണ് മസിനഗുഡിക്കടുത്ത് ഗൗരിയെന്ന ആദിവാസിയെ കടുവ ആദ്യമായി കൊന്നത്. കഴിഞ്ഞ മെയ് മാസത്തിൽ മുതുമല മുതുകുളിയിൽ കുഞ്ഞികൃഷ്ണനെ ആക്രമിച്ചു . ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സെപ്റ്റംബർ 24ന് ദേവൻ എസ്റ്റേറ്റിൽ ചന്ദ്രൻ എന്ന തൊഴിലാളിയേയും ഒക്ടോബർ ഒന്നിന് മസിനഗുഡിയിൽ മങ്കളബസുവൻ എന്ന ആദിവാസി വയോധികനെയും കടുവ ഇരയാക്കി. ചന്ദ്രൻ കൊല്ലപെട്ട അന്ന് മുതലാണ് കടുവക്കായി തെരച്ചിൽ ആരംഭിച്ചത്. വയനാട് വന്യജീവി സങ്കേതം റാപിഡ് റെസ്പോണ്ട് ടീം ഡി.എഫ്.ഒ നരേന്ദ്രബാബുവിൻെറ നേതൃത്വത്തിൽ തെരച്ചിലിന് സഹായിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.