വികസനം കാത്ത് മുള്ളന്‍കൊല്ലി പഞ്ചായത്ത് സ്റ്റേഡിയം
text_fieldsമുള്ളന്‍കൊല്ലി: കാൽ നൂറ്റാണ്ടിലേറെ കാലം വികസനത്തിനായി കാത്ത് മുള്ളന്‍കൊല്ലി പഞ്ചായത്ത് സ്റ്റേഡിയം. രണ്ട് ഏക്കറോളം വരുന്ന സ്റ്റേഡിയം ഗ്രൗണ്ട് പഞ്ചായത്തിന്റെ ഇച്ഛാശക്തിയില്ലായ്മമൂലം മുരടിപ്പിലാണ്. ഓരോ വർഷവും സ്റ്റേഡിയം മികച്ച രൂപഘടനയിലേക്ക് മാറ്റുമെന്നും മത്സരങ്ങൾക്ക് സജ്ജമാക്കുമെന്നും വാഗ്ദാനങ്ങള്‍ നൽകുമെങ്കിലും പാഴ്വാക്കുകയാണ്.
ഫുട്ബാൾ, വോളിബാൾ, ക്രിക്കറ്റ് ടൂർണമെന്റുകൾ സ്റ്റേഡിയത്തിൽ നടത്തിയിരുന്നു. ഈ ഗ്രൗണ്ടിൽനിന്ന് കളിച്ചുവളർന്നവർ നിരവധിയാണ്. എന്നാൽ, പുതിയ തലമുറക്ക് കളിക്കാൻ ഇളകിയ കല്ലുകളും ഒരു മഴപെയ്താൽ ചെളിയാകുന്ന ഗ്രൗണ്ടുമാണുള്ളത്. ഇവിടെ പശുക്കൾ മേഞ്ഞു നടക്കുന്നു. പല ഘട്ടങ്ങളിലായി ഗേറ്റ്, സ്റ്റേജ് തുടങ്ങിയവ നിർമിച്ച് ലക്ഷങ്ങൾ വെറുതെ കളഞ്ഞുവെന്നാണ് നാട്ടുകാരുടെ ആരോപണം.
ആദ്യഘട്ടങ്ങളിൽ ഗ്രൗണ്ടിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കല്ലുകൾ ഇളക്കിമാറ്റി വിസ്തൃതി കൂട്ടുന്ന പ്രവൃത്തികൾ ആരംഭിക്കുകയും ഭാഗികമായി നടപ്പാക്കുകയും ചെയ്തു. ഈ കല്ലുകൾ മറ്റെവിടേക്കോ കൊണ്ടുപോയെന്നും നാട്ടുകാർ പറയുന്നു. ഇതുസംബന്ധിച്ച് നാട്ടുകാർ വലിയ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഗ്രൗണ്ടിലെ പാറക്കൂട്ടം നീക്കാതെ ഇപ്പോള്‍ നടക്കുന്ന പ്രവൃത്തികളും അശാസ്ത്രീയമാണെന്ന് നാട്ടുകാർ പറയുന്നു. പാറ മൊത്തം നീക്കിയാൽ 200 മീറ്റർ ട്രാക്ക്, ബാസ്കറ്റ് ബാള്‍ ഗ്രൗണ്ട്, ഷട്ട്ൽ കോർട്ട്, ഗാലറി തുടങ്ങിയവ നിർമിക്കാന്‍ സാധിക്കും. എന്നാൽ, ഇതൊന്നും അധികൃകർ പരിഗണിക്കുന്നില്ല.
പുൽപ്പള്ളി മുള്ളൻകൊല്ലി ഭാഗങ്ങളിൽ നല്ല ഗ്രൗണ്ടുകളില്ല. ഉള്ളതൊക്കെയും സ്കൂളുകളുമായി ബന്ധപ്പെട്ട ഗ്രൗണ്ടുകൾ മാത്രമാണ്.
അത് ഉപയോഗിക്കാൻ പൊതുജനങ്ങൾക്ക് പരിമിതികളുണ്ട്. എന്നാൽ, മുള്ളൻകൊല്ലി പഞ്ചായത്തിന് സ്വന്തമായുള്ള ഗ്രൗണ്ട് ഉപയോഗപ്രദമല്ലാതെ കാടുപിടിച്ചുകിടക്കുകയാണ്. ആവശ്യമായ ഫണ്ടില്ലെന്ന കാരണമാണ് പഞ്ചായത്ത് എപ്പോഴും പറയാറ്. സ്റ്റേഡിയം നവീകരണത്തിന് പുതിയ വഴികൾ തേടണമെന്ന് നാട്ടുകാരും കായികപ്രേമികളും ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.