60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ല; മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് ജാമ്യം
text_fieldsകൽപറ്റ: മുട്ടിൽ മരംമുറി കേസിൽ മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജയിലിൽ കഴിയുന്ന പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കും ഡ്രൈവർക്കും ജാമ്യം. മുട്ടിൽ വാഴവറ്റ മൂങ്ങനാനിയിൽ റോജി അഗസ്റ്റിൻ, ആേൻറാ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ, ഡ്രൈവർ എം.വി. വിനീഷ് എന്നിവർക്കാണ് സുൽത്താൻ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. നേരേത്ത ഹൈകോടതി പ്രതികളുടെ ജാമ്യഹരജികൾ തള്ളിയിരുന്നു. അന്വേഷണസംഘം 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെന്നതിനാൽ പ്രതികൾ സ്വാഭാവിക ജാമ്യത്തിന് അർഹരാണെന്ന് നിരീക്ഷിച്ചാണ് പാസ്പോർട്ട് മാത്രം സമർപ്പിക്കാൻ ആവശ്യപ്പെട്ട് വിചാരണ കോടതി ജാമ്യം നൽകിയത്. വെട്ടിയ ഈട്ടിത്തടികളെല്ലാം കണ്ടുകെട്ടിയ സാഹചര്യത്തിൽ നഷ്ടം ഉണ്ടായിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതികൾ വാദിച്ചത്.
മരംമുറിയുമായി ബന്ധപ്പെട്ട് മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലും മേപ്പാടി റേഞ്ച് ഓഫിസറുടെ ഡ്രൈവറെ ഭീഷണിപ്പെടുത്തിയ കേസിൽ മേപ്പാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും അഗസ്റ്റിൻ സഹോദരങ്ങൾ പ്രതികളാണ്. ഈ കേസുകളിലും കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ സമാനരീതിയിൽ ജാമ്യംനേടി പ്രതികൾക്ക് ഒരാഴ്ചക്കുള്ളിൽ ജയിലിൽനിന്ന് പുറത്തിറങ്ങാൻ കഴിയുമെന്നാണ് സൂചന.
കേസിലെ മുഖ്യപ്രതികളുടെ റിമാൻഡ് കാലാവധി ചൊവ്വാഴ്ച 60 ദിവസം പിന്നിട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി വി.വി. ബെന്നിയെ തിരൂരിലേക്ക് സ്ഥലംമാറ്റിയതോടെ കേസിലെ തുടരന്വേഷണം നിലച്ചു. പകരം ചാർജെടുത്ത ടി.പി. ജേക്കബിന് കേസിെൻറ അന്വേഷണ ചുമതല ഇതുവരെ കൈമാറിയിട്ടുമില്ല.
പിടികൂടിയ വീട്ടിത്തടികളുടെ സാമ്പിള് ശേഖരിക്കൽ, വനം-റവന്യൂ ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിക്കൽ തുടങ്ങിയ നടപടികൾ സ്വീകരിക്കാനിരിക്കെയായിരുന്നു ബെന്നിയുടെ അപ്രതീക്ഷിത സ്ഥലംമാറ്റം. ഇത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുങ്ങുമെന്നും ആരോപണമുയർന്നു. കേസ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമമെന്ന് പരിസ്ഥിതി പ്രവർത്തകരടക്കം ആരോപിച്ചിരുന്നു. മരംമുറിയുമായി ബന്ധപ്പെട്ട് വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണം ഇതിനകം പൂർത്തിയായിട്ടുണ്ട്. ഈ കേസിൽ വരുംദിവസങ്ങളിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചേക്കും.
വനം ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചു
കൽപറ്റ: മുട്ടിൽ മരംമുറി കേസിൽ സസ്െപൻഷനിലായിരുന്ന രണ്ട് വനം ഉദ്യോഗസ്ഥരെ സർവിസിൽ തിരിച്ചെടുത്തു. വയനാട് ലക്കിടി ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്ഷൻ ഫോറസ്റ്റ് ഓഫിസർ വി.എസ്. വിനേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ശ്രീജിത്ത് എന്നിവരെയാണ് നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.കെ. വിനോദ്കുമാർ സർവിസിൽ തിരിച്ചെടുത്ത് ഉത്തരവിറക്കിയത്. മേപ്പാടി റേഞ്ചിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് അനധികൃതമായി മുറിച്ച ഈട്ടിത്തടികൾ എറണാകുളത്തെ സ്വകാര്യ മരമില്ലിലേക്ക് കടത്തിക്കൊണ്ടുപോയ ലോറി, ചെക്ക് പോസ്റ്റിൽ വേണ്ടത്ര പരിശോധന നടത്താതെ കടത്തിവിട്ടതിനാണ് ഇവരെ നേരേത്ത സസ്പെൻഡ് ചെയ്തത്.
അന്വേഷണ വിധേയമായി സസ്പെൻഷനിൽ കഴിയുന്ന ജീവനക്കാരെ സർവിസിൽ തിരിച്ചെടുക്കുന്നത് തുടരന്വേഷണത്തെ ബാധിക്കില്ലെന്ന് ബോധ്യപ്പെട്ടുവെന്ന് ഉത്തരവിൽ പറയുന്നു. കുറ്റാരോപിതർ കുറ്റപത്രത്തിന് മറുപടി സമർപ്പിച്ചതിനാലും ആരോപണവുമായി ബന്ധപ്പെട്ട് സർക്കാർ സമഗ്രാന്വേഷണം പ്രഖ്യാപിച്ചതിനാലുമാണ് സർവിസിൽ തിരികെ പ്രവേശിപ്പിക്കുന്നതെന്നും ഉത്തരവിൽ വ്യക്തമാക്കി. ഇരുവരെയും വീണ്ടും ചെക്പോസ്റ്റ് ഡ്യൂട്ടിയിൽ നിയോഗിക്കരുതെന്നും നിർദേശമുണ്ട്. മരംമുറി കേസിൽ താേഴത്തട്ടിലുള്ള ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കിയെന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്ത അവസരത്തിൽ ആരോപണമുയർന്നിരുന്നു. വനം ജീവനക്കാരുടെ സമൂഹ മാധ്യമ ഗ്രൂപ്പുകളിലടക്കം ഇതിനെതിരെ ശക്തമായ വിമർശനവുമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.