ഗൂഡല്ലൂർ യതീംഖാനയുടെ നാഥൻ ഇല്ലാതായി
text_fieldsഗൂഡല്ലൂർ: ഗൂഡല്ലൂർ താലൂക്ക് മുസ് ലിം യതീംഖാനയുടെ നാഥനായി വിശേഷിക്കപ്പെട്ടിരുന്ന കെ.പി. ഹാജി എന്ന കൊല്ലേരി പാലക്കാംപോക്കിൽ മുഹമ്മദ് ഹാജി (93) ഇനി ഓർമ. വാർധക്യ സഹജമായ രോഗമൂലം ഏറെ നാളായി ചികിത്സയിലായിരുന്നു. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണ് മരണം സംഭവിച്ചത്. ജി.ടി.എം. ഒ സ്ഥാപകനും ഇന്ത്യൻ യൂനിയൻ മുസ് ലിം ലീഗ് ജില്ല പ്രസിഡന്റും ഗൂഡല്ലൂർ വലിയ ജുമാ മസ്ജിദ് മഹല്ല് പ്രസിഡന്റുമായിരുന്നു. ദേവർഷോല ശിഹാബ് തങ്ങൾ അറബി കോളജ് പ്രസിഡന്റ്, ഗൂഡല്ലൂരിലെ ശിഹാബ് തങ്ങൾ സെൻറർ ഫോർ ഹ്യുമാനിറ്റി പാലിയേറ്റിവ് ഹോം കെയർ യൂനിറ്റിന്റെ അമരരംഗത്തും ഉണ്ടായിരുന്നു. ഗൂഡല്ലൂരിന്റെ സാമൂഹിക സൗഹാർദം കാത്തുസൂക്ഷിക്കാൻ അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിച്ചു. ജി.ടി.എം.ഒ ഓർഫനേജ് ആൻഡ് എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച അദ്ദേഹം പാവപ്പെട്ടവരുടെ ജീവിതത്തിലേക്ക് വെളിച്ചം കൊണ്ടുവന്നു. അദ്ദേഹത്തിന്റെ നഷ്ടം നികത്താനാവാത്തതാണെന്ന് കോൺഗ്രസ്, ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ, സി.പി.എം, സി.പി.ഐ, ഇന്ത്യൻ യൂനിയൻ മുസ് ലിം ലീഗ്, വിടുതലൈ ശിരുത്തൈകൾ കക്ഷി, മനിതനേയ മക്കൾ കക്ഷി, വെൽഫെയർ പാർട്ടി ഉൾപ്പെടെയുള്ള സാമൂഹിക രാഷ്ട്രീയ രംഗത്തെ നേതാക്കൾ അനുശോചിച്ചു. യത്തീമുകളുടെ കാവൽക്കാരൻ, നിറഞ്ഞ സാമൂഹിക സ്നേഹി, നേതൃപാടവം, ഏതൊരു കാര്യവും ചെയ്തു തീർക്കാനുള്ള വേഗത, സമയത്തെ തന്റെ വരുതിക്കുള്ളിലാക്കി അറിഞ്ഞുപ്രവർത്തിച്ച നേതാവ് എന്നൊക്കെയാണ് നേതാക്കൾ അനുശോചനത്തിൽ സൂചിപ്പിച്ചത്.
പാണക്കാട് തങ്ങന്മാരുടെ അനുഗ്രഹാശിസ്സുകളോടെ 100 രൂപയുടെ മൂലധനത്തിലാണ് ഗൂഡല്ലൂർ യതീംഖാന സ്ഥാപിതമായതെന്ന് ഓരോ വർഷവും നടത്തപ്പെടുന്ന ജി.ടി. എം.ഒ വനിത സന്ദർശനത്തോടനുബന്ധിച്ച് വിളിച്ചു ചേർക്കുന്ന വാർത്തസമ്മേളനത്തിൽ കെ.പി.ഹാജി എപ്പോഴും പറയാറുള്ളത്. മഞ്ചേരിയിലെ നെല്ലിക്കുത്ത് ജുമാ മസ്ജിദിൽ ചൊവ്വാഴ്ച വൈകീട്ട് നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷം ഗൂഡല്ലൂരിലെ യതീംഖാന കാമ്പസിലേക്ക് രാതി ആറര മണിയോടെ പൊതുദർശനത്തിനായി എത്തിച്ച മയ്യിത്ത് വീണ്ടും അദ്ദേഹത്തിൻറെ നാട്ടിലേക്ക് കൊണ്ടുപോയി. വിവിധ മേഖലയിലെ പ്രമുഖർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.