നവകേരള ബസ് യാത്രക്കാരുടെ ശ്രദ്ധക്ക്...
text_fieldsമാനന്തവാടിക്കും വയനാടിനും വേണം കാത്ത് ലാബ്
മാനന്തവാടി മണ്ഡലത്തിൽ ചികിത്സ, ഗതാഗത പ്രശ്നങ്ങളാണ് മുഖ്യം. മെഡിക്കൽ കോളജ് വയനാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്നു. 2021 ഫെബ്രുവരിയിൽ മാനന്തവാടി ജില്ല ആശുപത്രിയെ മെഡിക്കൽ കോളജായി ഉയർത്തി. ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ നിയമനവും നടന്നു. എന്നാൽ രണ്ടു വർഷം പിന്നിട്ടിട്ടും കാര്യമായ ഗുണം ലഭിച്ചിട്ടില്ല. വിദഗ്ധ ചികിത്സക്ക് ചുരമിറങ്ങേണ്ട സ്ഥിതിയാണ് പലപ്പോഴും. കാത്ത് ലാബ് പ്രഖ്യാപിച്ച് അഞ്ചാണ്ട് പിന്നിട്ടിട്ടും യാഥാർഥ്യമായിട്ടില്ല. നഴ്സിങ് കോളജ് അടുത്ത അധ്യയന വർഷം യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ്.
രാത്രിയാത്ര നിരോധനത്തിന് പരിഹാരം വേണം
● ബാവലി മൈസൂരു സംസ്ഥാന പാതയിൽ രാത്രിയാത്ര നിരോധനം ഏർപ്പെടുത്തിയിട്ട് ഒന്നര പതിറ്റാണ്ടുകഴിഞ്ഞു. വൈകീട്ട് ആറ് മുതൽ രാവിലെ ആറ് വരെയാണ് നിരോധനം. ഇത് മൈസൂരുവിനെ ആശ്രയിക്കുന്ന കച്ചവടക്കാരെയും വിദ്യാർഥികളെയുമാണ് ഏറെ ബുദ്ധിമുട്ടിലാക്കുന്നത്. നിരോധന സമയം രാത്രി ഒമ്പത് മണിയിലേക്ക് മാറ്റിയാൽ ഒരു പരിധിവരെ ദുരിതം പരിഹരിക്കാനാകും.
റോഡ് നിർമാണം പൂർത്തിയാക്കണം
● മലയോര ഹൈവേ നിർമാണം പുരോഗമിക്കുന്നു. സ്ഥലം വിട്ടുകിട്ടാത്തത് ചിലയിടങ്ങളിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
● മാനന്തവാടി -കൊയിലേരി -കൈതക്കൽ റോഡ് നിർമാണം അഞ്ച് വർഷമായിട്ടും പൂർത്തിയായില്ല.
● മാനന്തവാടി -മട്ടന്നൂർ വിമാനത്താവള നാലുവരിപ്പാത കടലാസിൽതന്നെ.
ഇഴഞ്ഞിഴഞ്ഞ് ലൈഫ്
● നിരവധി വീടുകളാണ് നിർമാണത്തിന്റെ പാതിയിൽ നിൽക്കുന്നത്. ഇതിൽ ആദിവാസി വീടുകളും ഉൾപ്പെടും.
ആരോഗ്യ മേഖലയിൽ സൗകര്യങ്ങൾ വേണം
● അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ കാര്യക്ഷമമല്ല.
● വനമേഖലയായതിനാൽ ആംബുലൻസ് സേവനം ഉറപ്പുവരുത്തണം.
● പേര്യ പി.എച്ച്.സിയിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണം.
പ്ലസ് ടു സീറ്റുകൾ വേണം
● കോളജുകളും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണ്ടെങ്കിലും അടിസ്ഥാന സൗകര്യവും ജീവനക്കാരുടെ കുറവും പ്രതിസന്ധി.
● പ്ലസ് വൺ പ്രവേശനത്തിന് ആവശ്യമായ സീറ്റുകൾ ഇല്ല. വിദ്യാർഥികൾക്ക് ആശ്രയം സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
● ആദിവാസി വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ചുള്ള പ്ലസ് ടു കോഴ്സുകൾ വേണം.
● ‘ഗോത്ര സാരഥി’ നിലച്ചതോടെ ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് വർധിച്ചു. പരിഹരിക്കാൻ നടപടിയില്ല.
മാലിന്യ സംസ്കരണം തലവേദന
● മാലിന്യ സംസ്കരണം വെല്ലുവിളിയാണ്. ഹരിത കർമസേനയെ ഉപയോഗിച്ച് മാലിന്യം ശേഖരിക്കുന്നുണ്ടെങ്കിലും സംസ്കരിക്കാൻ സ്ഥലം കണ്ടെത്താനായിട്ടില്ല.
കാർഷിക മേഖലക്ക് പരിഗണന വേണം
● വി.എഫ്.പി.സി.കെ കമ്മനയിൽ ആരംഭിച്ച പഴം-പച്ചക്കറി സംഭരണ കേന്ദ്രം ശൈശവാവസ്ഥയിൽത്തന്നെ. യന്ത്രങ്ങൾ നശിക്കുന്ന സ്ഥിതി
● കാർഷിക മേഖലയിൽ വിലത്തകർച്ച വലിയ പ്രയാസം സൃഷ്ടിക്കുന്നത്.
● വന്യമൃഗശല്യം മൂലം തിരുനെല്ലി, പാൽവെളിച്ചം, പേര്യ, കുഞ്ഞോം മേഖലകളിൽ കർഷകർക്ക് ദുരിതം.
● ജലസേചന സൗകര്യത്തിന്റെ അഭാവം മൂലം ബാവലി പോലുള്ള സ്ഥലങ്ങളിൽ വയലുകളിൽ നഞ്ചകൃഷി മാത്രം.
● സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പദ്ധതികൾ ഇല്ല. ആശ്രയം കുടുംബശ്രീ സംരംഭങ്ങൾ
ആദിവാസി കോളനികളിൽ പ്രശ്നങ്ങളേറെ
● ആദിവാസി കോളനികളിൽ ഇന്നും അടിസ്ഥാന പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.
● ഭൂരിഭാഗം കോളനികളും വൈദ്യുതീകരിച്ചിട്ടുണ്ടെങ്കിലും വൈദ്യുതി ചാർജ് അടക്കാത്തതിനാൽ മിക്ക വീടുകളിലും ബൾബ് പ്രകാശിക്കാറില്ല.
● വീടുകൾ, റോഡ്, കുടിവെള്ള പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ട്.
പ്രളയം തകർത്ത ടൂറിസം മേഖല
● വിനോദസഞ്ചാര മേഖലയെ തുടർച്ചയായ രണ്ട് പ്രളയവും കോവിഡും തളർത്തി.
● കുറുവ ദ്വീപ്, തോൽപ്പെട്ടി, തിരുനെല്ലി, തുടങ്ങിയ സ്ഥലങ്ങളിൽ വിനോദസഞ്ചാരികളെ പ്രതീക്ഷിച്ച് തുടങ്ങിയ സംരംഭങ്ങൾ പ്രതിസന്ധിയെ അതിജീവിച്ചുവരുന്നതേയുള്ളൂ. *കുഞ്ഞോം കുങ്കിച്ചിറയിൽ മ്യൂസിയം തൊണ്ടർനാട് മേഖലയിൽ വിനോദ സഞ്ചാരത്തിന് ഉണർവേകി
കൽപറ്റ കുറച്ചുകൂടി അർഹിക്കുന്നു
മലബാറിലെ ഏറ്റവും പ്രധാന ടൂറിസം ഡെസ്റ്റിനേഷൻ നഗരവും ജില്ലാ ആസ്ഥാനവുമായ കൽപറ്റ വികസനത്തിന്റെ കാര്യത്തിൽ കുറച്ചുകൂടി പരിഗണന അർഹിക്കുന്നുണ്ട്. ഗതാഗത സൗകര്യങ്ങളുടെ കുറവ്, മലയോര ഹൈവേ നിർമാണം, ചുരത്തിന് ബദൽ പാത, ടൂറിസം രംഗത്തെ പ്രശ്നങ്ങൾ, വന്യമൃഗ ശല്യം, കുടിവെള്ള പ്രശ്നം, ആദിവാസികളുടെ ജീവിത സാഹചര്യങ്ങൾ, വിദ്യാഭ്യാസ രംഗത്ത് വേണ്ടത്ര ശ്രദ്ധയില്ലായ്മ, ആരോഗ്യ രംഗത്തെ ന്യൂനത തുടങ്ങിയവയാണ് പരിഹരിക്കേണ്ട പ്രധാന വിഷയങ്ങൾ.
വേണം ബദൽപാത
● മലയോര ഹൈവേ നിർമാണം നിലച്ച മട്ടാണ്.
● ജില്ല ആസ്ഥാനത്ത് നിത്യവും ഗതാഗതക്കുരുക്ക്.
● ബൈപാസ് റോഡുണ്ടെങ്കിലും ശോച്യാവസ്ഥയിൽ.
● ചെറുവിമാനത്താവളത്തിന് സ്ഥല പരിശോധനയും മറ്റും നടന്നെങ്കിലും മുന്നോട്ടു പോയില്ല.
● ചുരത്തിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് നിത്യസംഭവം.
● 1980ൽ തുടങ്ങിയ ബദൽപാത ചർച്ചകൾ ഇന്നും തുടരുന്നു
● ദേശീയപാതയിൽ കിലോമീറ്ററുകളോളം തെരുവുവിളക്കില്ല.
● മേപ്പാടി ചൂരൽമല റോഡിന് ടെൻഡർ നടപടിയായി.
പൂർത്തിയാകാതെ കുടിവെള്ള പദ്ധതികൾ
● കുടിവെള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയെങ്കിലും കാലഹരണപ്പെട്ടു.
● കാരാപ്പുഴയിൽനിന്നും കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിയും പൂർണതയിലെത്തിയിട്ടില്ല.
● ജൽജീവൻ മിഷൻ പദ്ധതിയിൽ വീടുകളിൽ പൈപ്പുകൾ സ്ഥാപിച്ചെങ്കിലും വെള്ളമെത്തിയില്ല.
പ്രതീക്ഷയോടെ ഭവനരഹിതർ
● ഭവനരഹിതർക്ക് വേണ്ടിയുള്ള പദ്ധതികൾ മന്ദഗതിയിൽ.
● എങ്കിലും ഒരോ വർഷവും നിരവധി പേർക്ക് പദ്ധതിയിൽ മുനിസിപ്പാലിറ്റി/പഞ്ചായത്ത് തലങ്ങളിൽ വീട് നൽകിവരുന്നുണ്ട്.
● ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച പരാതി വ്യാപകം.
● എസ്റ്റേറ്റ് പാടികളിൽ വീടുകളുടെ അവസ്ഥ ശോചനീയം.
അസൗകര്യങ്ങൾക്കു നടുവിൽ
ആശുപത്രികൾ
● സ്വകാര്യ രംഗത്താണ് മണ്ഡലത്തിൽ ആശുപത്രികൾ കൂടുതലുള്ളത്.
● സി.എച്ച്.സി, പി.എച്ച്.സികൾ കഴിഞ്ഞാൽ ഒരു ജനറൽ ആശുപത്രിയും മറ്റൊരു ഗവ. ആശുപത്രിയും താലൂക്ക് ആശുപത്രിയുമാണ് ഉള്ളത്.
● ജനറൽ ആശുപത്രി ഏറെ മെച്ചപ്പെട്ടെങ്കിലും ഇപ്പോഴും അസൗകര്യങ്ങളുടെ നടുവിൽ തന്നെയാണ്.
● ക്രിട്ടിക്കൽ കെയർ യൂനിറ്റ്, ഡയാലിസിസ് സെൻറർ, ബ്ലഡ് ബാങ്ക് തുടങ്ങിയവക്ക് ഫണ്ട് അനുവദിച്ചെങ്കിലും സ്ഥലമില്ലാത്തതിനാൽ നടന്നില്ല.
● താലൂക്ക് ആശുപത്രിയിലും ആവശ്യത്തിന് ഡോക്ടർമാരോ സൗകര്യങ്ങളോ ഇല്ല
● മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ പണി വർഷങ്ങളായിട്ടും പൂർത്തിയായിട്ടില്ല.
● മേപ്പാടി സി.എച്ച്.സിയിൽ ഐസൊലേഷൻ വാർഡ് പൂർത്തീകരണത്തിൽ.
സ്കൂളുകൾക്ക് കെട്ടിടങ്ങൾ വേണം
● അച്ചൂർ, വൈത്തിരി സ്കൂളുകളുടെ കെട്ടിട നിർമാണം അവസാന ഘട്ടത്തിൽ.
● പിണങ്ങോട്, കോട്ടത്തറ സ്കൂളുകൾക്ക് കെട്ടിട നിർമാണത്തിന് കിഫ്ബി ഫണ്ട് വകയിരുത്തിയിട്ടുണ്ട്.
● പടിഞ്ഞാറത്തറ, പനങ്കണ്ടി, റിപ്പൺ സ്കൂളുകളുടെ കെട്ടിട നിർമാണത്തിന് കിഫ്ബിയുമായി കരാർ ഉണ്ടാക്കാൻ നടപടിയായി.
● നിരവധി സ്കൂളുകൾക്ക് കെട്ടിടങ്ങൾ ആവശ്യമുണ്ട്.
● ഏക ഗവ. കോളജിൽ സ്ഥല പരിമിതിയുണ്ട്. പുതിയ കോഴ്സുകൾക്ക് അടുത്തിടെ അനുമതി ലഭ്യമാക്കിയിരുന്നു.
● വയനാട്ടിൽ നീറ്റ് പരീക്ഷകേന്ദ്രം ആരംഭിച്ചു. ഇതിനുള്ള പരിശീലനത്തിന് വിവിധ പദ്ധതികൾ മണ്ഡലത്തിൽ നടപ്പാക്കിവരുന്നു.
● കണിയാമ്പറ്റ സ്കൂളിന് കിഫ്ബി ഫണ്ട് അനുവദിച്ചിരുന്നെങ്കിലും സാങ്കേതിക്കുരുക്കിലാണ്.
പ്രവർത്തനം നിലച്ച് ബ്രഹ്മഗിരി
● സി.പി.എം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി ജില്ലയിൽ കോടികൾ മുടക്കി സ്ഥാപിച്ചതാണ്.
● നിലവിൽ ഇതിന്റെ പ്രവർത്തനം നിലച്ച സ്ഥിതിയിലാണ്. കോടികളുടെ ബാധ്യതയാണ് കാരണം.
വന്യജീവി ശല്യത്തിന് പരിഹാരം വേണം
● കൃഷിയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും വന്യമൃഗങ്ങളുടെ സ്വൈര വിഹാരമാണ്.
● തടയാനുള്ള ഫെൻസിങ് പലയിടത്തും തകർന്നിട്ടും നന്നാക്കാൻ നടപടിയില്ല.
● കാലാവസ്ഥ വ്യതിയാനവും വരൾച്ചയും കൃഷിയെ കാര്യമായി ബാധിച്ചു. ജലസേചന പദ്ധതികൾ പലതും കടലാസിൽ.
മറ്റ് പ്രശ്നങ്ങൾ
● ജനകീയ ഹോട്ടലുകൾ സർക്കാർ ഫണ്ട് കിട്ടാത്തതിനാൽ അടച്ചുപൂട്ടലിന്റെ വക്കിൽ.
● വൈത്തിരി താലൂക്ക് മിനി സിവിൽ സ്റ്റേഷൻ പണി ആരംഭിച്ചിട്ടില്ല.
● മേപ്പാടിയിൽ ഫോറസ്റ്റ് കെട്ടിടം പൂർത്തീകരിച്ചെങ്കിലും സ്ഥല വിവാദത്തിൽപ്പെട്ട് നശിച്ചുകൊണ്ടിരിക്കുന്നു.
തീരാതെ ആദിവാസി പ്രശ്നങ്ങൾ
● ആദിവാസി മേഖലയിൽ ചോരുന്ന കൂരകളിൽ കഴിയുന്നവർ ഇപ്പോഴും നിരവധി.
● സർക്കാർ ഗ്രാന്റുകൾ യഥാസമയം ലഭിക്കുന്നില്ല. ഇതുകാരണം വിദ്യാഭ്യാസം മുടങ്ങുന്നു.
● ചികിത്സാരംഗത്ത് വേണ്ടത്ര ശ്രദ്ധ അധികൃതരിൽനിന്ന് ഉണ്ടാവുന്നില്ല.
ടൂറിസം മേഖലയിൽ ശ്രദ്ധവേണം
● ആയിരക്കണക്കിന് ടൂറിസ്റ്റുകൾ എത്തുമ്പോഴും സഞ്ചാരികൾക്ക് വേണ്ട സൗകര്യങ്ങളില്ല.
● മതിയായ ടോയ്ലറ്റുകൾ ഇല്ല. ഉള്ളവയുടെ സ്ഥിതി ദയനീയം.
● പൂക്കോട് തടാകത്തിൽ ലൈഫ് ഗാർഡ് ഇല്ലാതായിട്ട് മാസങ്ങൾ.
● ടൂറിസത്തിന്റെ പേരിൽ മണ്ണെടുപ്പും മറ്റും നടക്കുന്നു.
പ്രളയത്തിൽനിന്ന് കരകയറുന്നു
● പുത്തുമലയും സേട്ട്കുന്നും ദുരന്തബാധിത പ്രദേശങ്ങളാണ്.
● വീട് നഷ്ടപ്പെട്ടവർക്ക് സർക്കാറും സന്നദ്ധ സംഘടനകളുമൊക്കെയായി വീടുകൾ ലഭ്യമാക്കിക്കൊണ്ടിരിക്കുന്നു.
അവഗണനയുടെ കിൻഫ്ര പാർക്ക്
● മുമ്പ് തുടങ്ങിയ കിൻഫ്ര പാർക്കിൽ ഇപ്പോൾ വലിയ പദ്ധതികളൊന്നും ഇല്ല.
രാത്രിയാത്രാ നിരോധം വികസനത്തെ പ്രതികൂലമായി ബാധിച്ച സുൽത്താൻ ബത്തേരിയിയുടെ പുനരുജ്ജീവനം ഈ പ്രശ്നത്തിന്റെ പരിഹാരത്തെ ചുറ്റിപ്പറ്റിയാണ് കിടക്കുന്നത്. ബദൽ മാർഗങ്ങൾക്കും പരിഹാരങ്ങൾക്കും പരിശ്രമങ്ങൾ തുടരണമെന്നാണ് ജനങ്ങളുടെ ആവശ്യം. നഞ്ചൻകോട് റെയിൽവേ പാത യാഥാർഥ്യമാക്കി മറ്റൊരു സാധ്യതയും കണ്ടെത്തണമെന്നത് വയനാടിന്റെ മൊത്തമായിട്ടുള്ള ആവശ്യമാണ്.
രാത്രികളില്ലാത്ത ബത്തേരി
നേരിടുന്ന പ്രതിസന്ധികൾ പലത്
● ബീനാച്ചി - പനമരം, താളൂർ - സുൽത്താൻബത്തേരി റോഡ് നിർമാണം മുടങ്ങി
● കുടിവെള്ള പ്രശ്നങ്ങൾ നിരവധി പഞ്ചായത്തുകൾ അനുഭവിക്കുന്നുണ്ട്.
ചെറുകിട പദ്ധതികൾ നല്ല രീതിയിൽ പ്രവർത്തിച്ചാൽ ഇതിന് പരിഹാരമാകും.
● ലൈഫ് വീടിനായി കാത്തിരിക്കുന്നവർ നിരവധി.
● താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രിക്ക് കെട്ടിടങ്ങൾ ഏറെ ഉണ്ടെങ്കിലും പ്രവർത്തനം പരിതാപകരം. കൂടുതൽ ഡോക്ടർമാരെ നിയമിക്കണം.
സ്കൂളുകളിൽ അധ്യാപകരുടെ കുറവ്
● സർക്കാർ അനുവദിച്ച ഗവ. കോളജ് ഇതുവരെ പ്രവർത്തനമാരംഭിച്ചില്ല.
● മാലിന്യ സംസ്കരണം വലിയ പ്രശ്നം. കരിവള്ളിക്കുന്നിലാണ് മാലിന്യ പ്ലാന്റുള്ളത്. നഗരമാലിന്യം തള്ളുന്നതല്ലാതെ സംസ്കരിക്കുന്നില്ല.
● പ്ലാന്റ് നിർമിക്കുമെന്ന് നഗരസഭ പറഞ്ഞെങ്കിലും ഒന്നും നടന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.