നവകേരള സദസ്സ്; മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് വയനാട്ടിൽ
text_fieldsകൽപറ്റ: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് വ്യാഴാഴ്ച ജില്ലയില്‍ നടക്കും. രാവിലെ ഒമ്പതിന് ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ പ്രഭാതയോഗം നടക്കും. ജില്ലയില്‍ നിന്നും ക്ഷണിക്കപ്പെട്ട ഇരുനൂറോളം അതിഥികള്‍ പ്രഭാതയോഗത്തില്‍ പങ്കെടുക്കും. ജില്ലയുടെ സമഗ്രമായ വിഷയങ്ങള്‍ പ്രഭാതയോഗത്തില്‍ ചര്‍ച്ചചെയ്യും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാണ് പ്രഭാതയോഗത്തിലേക്കുള്ള പ്രവേശനം. ഇവിടെ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാനും മറ്റുമുള്ള പ്രവേശനം അനുവദിക്കില്ല.
നവകേരള സദസ്സിന്റെ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെയും മുന്നൊരുക്കങ്ങള്‍ ജില്ല കലക്ടര്‍ ഡോ. രേണുരാജിന്റെ അധ്യക്ഷതയില്‍ വിലയിരുത്തി. സുരക്ഷാക്രമീകരണങ്ങള്‍, പ്രഭാത സദസ്സ്, പരാതി സ്വീകരണ കൗണ്ടറുകള്‍ തുടങ്ങിയവ സംബന്ധിച്ച് ജില്ല കലക്ടര്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കി. സുരക്ഷാക്രമീകരണങ്ങള്‍ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ വിലയിരുത്തി. പ്രഭാതയോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്കും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകം പാസ് നല്‍കിയാണ് പ്രവേശനം.
കല്പറ്റ നിയോജക മണ്ഡലം നവകേരള സദസ്സ് രാവിലെ 11ന് എസ്.കെ.എം.ജെ സ്കൂളില്‍ നടക്കും. അയ്യായിരത്തോളം പേര്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന പന്തലാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും പൊതുജനങ്ങളെ അഭിസംബോധന ചെയ്യും. രാവിലെ എട്ടു മുതല്‍ പൊതുജനങ്ങളില്‍ നിന്നും പരാതി സ്വീകരിക്കാനുള്ള പത്തോളം കൗണ്ടറുകള്‍ എസ്.കെ.എം.ജെ. സ്കൂളില്‍ പ്രവര്‍ത്തിക്കും. നവകേരള സദസ്സിന് മുന്നോടിയായി കലാപരിപാടികളും ഇവിടെ അരങ്ങേറും.
സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം നവകേരള സദസ്സ് ഉച്ചക്ക് മൂന്നിന് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജ് മൈതാനത്ത് നടക്കും. ഇവിടെയും വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ഉച്ചക്ക് ഒന്നു മുതല്‍ പൊതുജനങ്ങളില്‍ നിന്നും പരാതി സ്വീകരിക്കാനുള്ള കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും.
അന്വേഷണ കൗണ്ടറില്‍ നിന്നും ടോക്കണ്‍ സ്വീകരിച്ച് ഒന്നു മുതല്‍ 10 വരെയുള്ള കൗണ്ടറുകളില്‍ പരാതി നല്‍കാം. കൗണ്ടര്‍ ഒന്നില്‍ മുതിര്‍ന്ന പൗരന്മാരില് നിന്നും പരാതികള്‍ സ്വീകരിക്കും. കൗണ്ടര്‍ രണ്ട്, മൂന്ന് സ്ത്രീകള്‍, കൗണ്ടര്‍ നാല് ഭിന്നശേഷിക്കാര്‍, കൗണ്ടര്‍ അഞ്ചു മുതല്‍ 10 വരെ ജനറല്‍ വിഭാഗത്തിനും പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. പരാതി സ്വീകരിച്ച് ഡോക്കറ്റ് നമ്പര്‍ നല്‍കും.
മാനന്തവാടി നിയോജക മണ്ഡലം നവകേരള സദസ്സ് ജി.വി.എച്ച്.എസ്.എസ് മൈതാനത്ത് വൈകീട്ട് 4.30ന് നടക്കും. പ്രത്യേകം തയാറാക്കിയ വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളെ അഭിസംബോധന ചെയ്യും.
നവകേരള സദസ്സിന് മുന്നോടിയായി വിവിധ കലാപരിപാടികളും വേദിയില്‍ അരങ്ങേറും. വൈകീട്ട് മൂന്നിന് പാലാപ്പള്ളി ഫെയിം അതുല്‍ നറുകരയും സംഘവും നാടന്‍പാട്ട് സോള്‍ ഓഫ് ഫോക്ക് അവതരിപ്പിക്കും. പരാതികള്‍ സ്വീകരിക്കാനുള്ള കൗണ്ടറുകള്‍ ഉച്ചക്ക് ഒന്നു മുതല്‍ ഇവിടെ പ്രവര്‍ത്തിക്കും.
ഒന്ന് ഭിന്നശേഷിക്കാര്‍, രണ്ട്, രണ്ട് വയോജനങ്ങള്‍, നാല്, അഞ്ച്, ആറ് സ്ത്രീകള്‍, ഏഴ് മുതല്‍ 10 വരെ ജനറല്‍ വിഭാഗങ്ങളില്‍ നിന്നും പരാതികള്‍ സ്വീകരിക്കും.
മുഖ്യമന്ത്രിയോട് ഒമ്പത് ചോദ്യങ്ങളുമായി കോൺഗ്രസ്
മാനന്തവാടി: നവകേരള സദസ്സുമായി വ്യാഴാഴ്ച മാനന്തവാടിയിൽ എത്തുന്ന മുഖ്യമന്ത്രിയോട് ഒമ്പത് ചോദ്യങ്ങളുമായി കോൺഗ്രസ്. മാനന്തവാടി, പനമരം ബ്ലോക്ക് പ്രസിഡന്റുമാരായ എ.എം. നിഷാന്ത്, ജിൽസൺ തൂപ്പുങ്കര എന്നിവരാണ് വാർത്തസമ്മേളനത്തിലൂടെ ചോദ്യമുന്നയിച്ചിരിക്കുന്നത്.
1. നിർദിഷ്ട മെഡിക്കൽ കോളജിൽ പശ്ചാത്തല അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ എന്ത് ചെയ്തു?
2. മൾട്ടി പർപ്പസ് ബ്ലോക്കും കാത്ത് ലാബും കനിവ് കാത്തുനിൽക്കുന്നതിന്റെ കാരണമെന്ത്?
3. മെഡിക്കൽ കോളജിൽ അനാസ്ഥ മൂലം അവയവ നഷ്ടങ്ങളുടെ പട്ടിക ഏറിവരുമ്പോൾ എന്താണ് പറയാനുള്ളത്?
4. മെഡിക്കൽ കോളജിന് വേണ്ടി ഒരു തുണ്ട് ഭൂമി അക്വയർ ചെയ്യാൻ സർക്കാറിന് സാധിച്ചോ?
5. കർഷക മക്കൾക്ക് ആശ്വാസമേകാൻ ഒരു ചെറു പാക്കേജെങ്കിലും പ്രഖ്യാപിക്കാൻ സർക്കാറിനായോ?
6. ബദൽ പാതകൾക്കും രാത്രിയാത്ര നിരോധന ഇളവിനും സർക്കാർ എന്ത് ചെയ്തു?
7. വന്യമൃഗശല്യത്തിൽ നിന്നും കർഷകരെ രക്ഷിക്കാൻ എന്ത് നടപടി സ്വീകരിച്ചു?
8 റെയിൽവേ, എയർസ്ട്രിപ് കാര്യങ്ങളിൽ എന്ത് ചെയ്തു?
9. ലൈഫ് മിഷനിൽ ആറ് വർഷം കൊണ്ട് മാനന്തവാടി മണ്ഡലത്തിൽ എത്ര വീടു കൊടുത്തു എന്നതിന്റെ കണക്ക് പുറത്ത് വിടുമോ?
ഈ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ജനങ്ങളോട് മറുപടി പറയണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
പരാതി നല്കുന്നവര് അറിയാന്‍
നവകേരള സദസ്സ് നടക്കുന്ന കേന്ദ്രങ്ങളിലാണ് പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാനുള്ള കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക. ഓരോ കേന്ദ്രങ്ങളിലും നവകേരള സദസ്സ് തുടങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് പരാതികള്‍ സ്വീകരിച്ച് തുടങ്ങും. മന്ത്രിമാര്‍ പൊതുജനങ്ങളില്‍ നിന്നും നേരിട്ട് പരാതി സ്വീകരിക്കില്ല. പരാതി നല്കുന്നവര് പരാതിയിലും അപേക്ഷയിലും കൃത്യമായ വിലാസവും ഫോണ്‍ നമ്പറും മറ്റു അനുബന്ധ രേഖകളുടെ പകര്‍പ്പും ഉണ്ടെന്ന് ഉറപ്പുവരുത്തണം.
നിവേദനം സമര്‍പ്പിക്കുമ്പോള്‍ ലഭിച്ച രസീതിലെ നമ്പര്‍ അല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് നിവേദനത്തിന്റെ സ്ഥിതി www.navakeralasdas.kerala.gov.in.com എന്ന വെബ്സൈറ്റ് വഴി വിവരങ്ങള്‍ പിന്നീട് അറിയാം. ലഭിക്കുന്ന പരാതികള്‍ 45 ദിവസങ്ങള്‍ക്കുള്ളിൽ പരിഹാരം കാണണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
വിപുലമായ ഒരുക്കം
നവകേരള സദസ്സിന്റെ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെയും മുന്നൊരുക്കങ്ങള്‍ ജില്ല കലക്ടര്‍ ഡോ. രേണുരാജിന്റെ അധ്യക്ഷതയില്‍ വിലയിരുത്തി. സുരക്ഷാക്രമീകരണങ്ങള്‍, പ്രഭാത സദസ്സ്, പരാതി സ്വീകരണ കൗണ്ടറുകള്‍ തുടങ്ങിയവ സംബന്ധിച്ച് ജില്ല കലക്ടര്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കി. സുരക്ഷ ക്രമീകരണങ്ങള്‍ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ വിലയിരുത്തി. പ്രഭാതയോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്കും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകം പാസ് നല്‍കിയാണ് പ്രവേശനം അനുവദിക്കുക.
നവകേരള സദസ്സുമായി ബന്ധപ്പെട്ട് ട്രാഫിക് ക്രമീകരണങ്ങള്‍
കല്പറ്റ: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സുമായി ബന്ധപ്പെട്ട് കല്പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളില്‍ വ്യാഴാഴ്ച ട്രാഫിക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ല പൊലീസ് മേധാവി പദം സിങ് ഐ.പി.എസ് അറിയിച്ചു.
കല്പറ്റ എസ്.കെ.എം.ജെ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഒരുക്കിയ ക്രമീകരണങ്ങള്‍
• മാനന്തവാടി-ബത്തേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ബൈപാസ് വഴി വന്ന് ജനമൈത്രി ജങ്ഷന് വഴി പരിപാടി നടക്കുന്ന സ്ഥലത്ത് ആളെ ഇറക്കിയ ശേഷം ബൈപാസില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
• പടിഞ്ഞാറത്തറ-മുണ്ടേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ സ്ഥലത്ത് ആളെ ഇറക്കിയ ശേഷം ബൈപാസില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
• വൈത്തിരി-ചുണ്ടേല്‍-മേപ്പാടി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ സ്ഥലത്ത് ആളെ ഇറക്കിയ ശേഷം ബൈപാസില്‍ പാര്‍ക്ക് ചെയ്യണം.
• ചെറിയ വാഹനങ്ങള്‍ക്ക് കെ.ജെ ഹോസ്പിറ്റലിന് സമീപം ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.
• ഇരുചക്ര വാഹനങ്ങള്‍ മഹാറാണി ടെക്സ്റ്റൈല്‍സിന് മുന്‍വശമോ സിന്ദൂര്‍ ടെക്സ്റ്റൈല്സിനു മുന്‍വശമോ പാര്‍ക്ക് ചെയ്യാവുന്നതാണ്.
• മറ്റു യാത്ര വാഹനങ്ങളും ചരക്ക് വാഹനങ്ങളും യാത്രക്കായി ബൈപാസ് റോഡ് ഉപയോഗിക്കേണ്ടതാണ്.
ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഒരുക്കിയ ക്രമീകരണങ്ങള്‍
• മുത്തങ്ങ, നായ്ക്കട്ടി ഭാഗങ്ങളില്‍ നിന്ന് വരുന്ന ബസുകള്‍ മന്തണ്ടികുന്ന് എത്തി സപ്ത റിസോര്‍ട്ട് വഴി കുപ്പാടി ഗവണ്മെന്റ് സ്കൂളിന് സമീപം നിര്‍ത്തിയിടേണ്ടതാണ്.
• വടക്കനാട് ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ കുപ്പാടി ഗവണ്മെന്റ് സ്കൂളിന് സമീപം നിര്‍ത്തിയിടേണ്ടതാണ്.
• പുല്പള്ളി ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ കുപ്പാടി ഫോറസ്റ്റ് ഡിപ്പോ തിരിഞ്ഞ് കടമാഞ്ചിറ വഴി നിര്‍മല മാതാ സ്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
• കേണിച്ചിറ, മീനങ്ങാടി, വടുവഞ്ചാല്‍, അമ്പലവയല്‍, താളൂര്‍, ചുള്ളിയോട്, ചീരാല്‍, പാട്ടവയല്‍ എന്നീ ഭാഗത്തുനിന്നും വരുന്ന ബസുകള്‍ സെന്റ് മേരീസ് കോളജ് ഹെലിപാഡില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
• പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്ന മറ്റ് ചെറുവാഹനങ്ങള്‍ ഹെലിപാഡ് ഗ്രൗണ്ടിലും സമീപത്തെ ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.
• ജില്ലയിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റ് വാഹനങ്ങള്‍ സെന്റ് മേരീസ് കോളജ് ഗേറ്റ് കടന്ന് അകത്ത് പാര്‍ക്ക് ചെയ്യേണ്ടതാണ്.
മാനന്തവാടി ഗവ. എച്ച്.എസ് സ്കൂളില്‍ നടക്കുന്ന പരിപാടിയിലേക്ക് വരുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഒരുക്കിയ ക്രമീകരണങ്ങള്‍
• മാനന്തവാടി ടൗണ്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ബിഷപ് ഹൗസിന് സമീപം ആളുകളെ ഇറക്കിയ ശേഷം ഹൗസിങ് ബോര്‍ഡ് ഗ്രൗണ്ടിലും കെ.എസ്.ആര്.ടി.സി ഡിപ്പോക്ക് പരിസരത്തുള്ള ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതാണ്. കൂടുതലായി വരുന്ന വാഹനങ്ങള്‍ എല്‍.എഫ് സ്കൂള്‍ ഗ്രൗണ്ടിലും മൈസൂര്‍ റോഡിലെ കോഓപറേറ്റിവ് കോളജിന് സമീപത്തും പാര്‍ക്ക് ചെയ്യേണ്ടതാണ്.
• നാലാം മൈൽ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ചങ്ങാടക്കടവ് പാലത്തിന് സമീപം(മെറ്റലക്സിന് അടുത്ത്) ആളുകളെ ഇറക്കി പായോട് റോഡ് സൈഡിലും മാനന്തവാടി ഗവ. കോളജ് ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.
• കല്ലോടി ഭാഗത്തുനിന്നുംവരുന്ന വാഹനങ്ങള്‍ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിന് മുന്‍വശം ആളുകളെ ഇറക്കി ഹൗസിങ് ബോര്‍ഡ് ഗ്രൗണ്ടിലും, കെ.എസ്.ആര്.ടി.സി ഡിപ്പോക്ക് പരിസരത്തുള്ള ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.
• കാട്ടിക്കുളം ഭാഗത്തുനിന്നും കല്പറ്റ ഭാഗത്തേക്കുള്ള സ്വകാര്യ വാഹനങ്ങള്‍ ചെറ്റപ്പാലം, കൊയിലേരി വഴി പോകേണ്ടതാണ് .
• മാനന്തവാടി ടൗണില്‍ നിന്നും നാലാം മൈല്‍ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ വാഹനങ്ങള്‍ പെരുവക, കമ്മന, കുണ്ടാല വഴി പോകേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.