അവഗണനയുടെ ആദിവാസി ഭൂസമരം, പാർട്ടികൾ ഒപ്പമുണ്ടെങ്കിലും ഭൂമി അകലെ
text_fieldsജില്ലയിലെ ആദിവാസികളെക്കുറിച്ചുള്ള എല്ലാ പഠനങ്ങളും ചർച്ചകളും ചെന്നെത്തുക അവരുടെ ഭൂമിപ്രശ്നത്തിലായിരിക്കും. കൂട്ടത്തിലൊരാൾ മരിച്ചാൽ മൃതദേഹം മറവുചെയ്യാൻ പോലും ഭൂമിയില്ലാത്ത അവസ്ഥയിലേക്ക് ഇവർ മാറ്റപ്പെട്ടതിന് പിന്നിൽ മാറിമാറി വന്ന ഭരണകൂടങ്ങളുടെ പങ്ക് വലുതാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുപോലെ സമരത്തിനിറങ്ങിയിട്ടും പരിഹാരം ഉണ്ടാവാത്തതിനു പിന്നിൽ ദുരൂഹതയുണ്ട്. ഒരേസമയം, വൻകിടക്കാരുടെ താൽപര്യം സംരക്ഷിക്കപ്പെടുകയും മറുവശത്ത് ആദിവാസികളെ ഉപയോഗിച്ച് സമരനാടകം ആടുകയുമാണ് ചെയ്യുന്നത്. കേന്ദ്ര-കേരള സർക്കാർ ഭരിക്കുന്ന പാർട്ടിയുടെ പിന്തുണയുണ്ടായിട്ടും സമരം ചെയ്യുന്ന ആദിവാസികൾ രണ്ടു പതിറ്റാണ്ടിനു ശേഷവും ഭൂമി ലഭിക്കാതെ സമരം തുടരേണ്ടി വരുന്നു. 2001ൽ തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയിൽനിന്നാണ് ഭൂമി കൈയേറ്റ സമരത്തിെൻറ ചരിത്രം തുടങ്ങുന്നത്. പരാജയമായിരുന്നെങ്കിലും സമരങ്ങളുടെ നീണ്ട പ്രയാണങ്ങൾക്ക് അത് തിരികൊളുത്തി.
ആദിവാസി ക്ഷേമസമിതി നേതൃത്വത്തില്‍ 2002 ജനുവരി ഒമ്പതുമുതല്‍ ഭൂരഹിതരും നാമമാത്ര ഭൂമിയുള്ള ആദിവാസി കുടുംബങ്ങളും 19 കേന്ദ്രങ്ങളില്‍ കുടില്‍കെട്ടി ഭൂസമരം ആരംഭിച്ചു. അന്നത്തെ ആൻറണി സര്‍ക്കാര്‍ ഇവരെ അറസ്റ്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും കോഴിക്കോട്, വൈത്തിരി സബ്ജയിലുകളിലും അടച്ചു. ഇതില്‍ വയോധികരും ഗര്‍ഭിണികളും അടങ്ങുന്ന 1476 ആദിവാസികളും 445 കുട്ടികളുമുണ്ടായിരുന്നു. ഭൂമിയില്‍ അവകാശം സ്ഥാപിച്ച എല്ലാ ആദിവാസികളെയും ജയിലിലടച്ചു. വയനാട്ടില്‍ ജയിലിലടക്കപ്പെട്ട ആദിവാസികള്‍ ജാമ്യമെടുക്കാന്‍ തയാറാകാതെ വന്നപ്പോള്‍ സര്‍ക്കാര്‍ മുട്ടുമടക്കി. അറസ്റ്റ് ചെയ്യപ്പെട്ട എല്ലാ ആദിവാസികളെയും മജിസ്ട്രേറ്റുമാര്‍ ജയിലിലെത്തി നിരുപാധികം മോചിപ്പിക്കേണ്ടി വന്നു. ഇത് ആദിവാസി ഭൂസമരത്തിെൻറ കരുത്തും വീര്യവും തെളിയിച്ച സംഭവമായി. ജയിലിനു പുറത്തുവന്ന ആദിവാസികള്‍ അവര്‍ അവകാശം സ്ഥാപിച്ച മണ്ണില്‍ സമരം തുടര്‍ന്നു.
മുത്തങ്ങയില്‍ 2003 ജനുവരി അഞ്ചിന് ഗോത്രമഹാസഭ നേതൃത്വത്തില്‍ സമരം ആരംഭിച്ചു. ഫെബ്രുവരി 19ന് വെടിവെപ്പും ക്രൂരമായ ലാത്തിച്ചാര്‍ജും നടന്നു. വെടിവെപ്പില്‍ ഒരു ആദിവാസിയും സംഘട്ടനത്തില്‍ ഒരു പൊലീസുകാരനും മരിച്ചു. സമരത്തില്‍ പങ്കെടുത്ത ആദിവാസികളെയടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. സര്‍ക്കാറിെൻറ എല്ലാ മര്‍ദനമുറകളെയും ഭീഷണികളെയും അതിജീവിച്ച് സമരത്തില്‍ ഉറച്ചുനിന്ന 4251 ഭൂരഹിത കുടുംബങ്ങള്‍ക്ക് അവര്‍ അവകാശം സ്ഥാപിച്ച അയ്യായിരത്തിലധികം ഏക്കര്‍ ഭൂമിക്ക് എൽ.ഡി.എഫ് സര്‍ക്കാര്‍ രേഖ നല്കി എന്നാണ് കണക്ക്. എൽ.ഡി.എഫ് സര്‍ക്കാറിെൻറ കാലത്ത് 24,149 കുടുംബത്തിന് 32,546 ഏക്കര്‍ ഭൂമിയുടെ രേഖ നല്‍കിയെന്നും യു.ഡി.എഫ് സര്‍ക്കാര്‍ 443 കുടുംബത്തിന് 470 ഏക്കര്‍ ഭൂമിയുടെ രേഖ നൽകിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, എ.കെ.എസിെൻറ നേതൃത്വത്തിൽ സമരകേന്ദ്രങ്ങളിൽ കഴിയുന്ന ആയിരത്തിലധികം കുടുംബങ്ങൾക്കും ഇതുവരെ ഭൂമി ലഭിച്ചിട്ടില്ല. മറ്റു സമരകേന്ദ്രങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. തെക്കേ വയനാട്, വടക്കേവയനാട് വനം ഡിവിഷനുകളിൽ ഇപ്പോഴും പകുതിയോളം പേർക്കും ഉപയോഗപ്രദമായ രീതിയിൽ ഭൂമി ലഭിച്ചിട്ടില്ല. ഭൂരഹിതരും ഭൂമിയുടെ രേഖ ലഭിച്ചിട്ടും ഭൂമി കണ്ടെത്താനാവാതെയും നൂറുകണക്കിന് കുടുംബങ്ങൾ സമരം തുടരുകയാണ്.
ഒന്നാംഘട്ട ഭൂസമരത്തിെൻറ ഭാഗമായി കാടു കൈയേറിയ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കു വനാവകാശ രേഖ ലഭിച്ചിരുന്നു. എ.കെ.എസ് ആഹ്വാനം ചെയ്ത രണ്ടാംഘട്ട സമരത്തില്‍ നൂറുകണക്കിനു പട്ടികവര്‍ഗ കുടുംബങ്ങളാണ് പങ്കാളികളായത്. സൗത്ത് വയനാട് വനം ഡിവിഷനില്‍ ഇരുളം, ചീയമ്പം, മൂന്നാനക്കുഴി, വാകേരി, മൂടക്കൊല്ലി, കൃഷ്ണഗിരി ആവയല്‍, ചൂണ്ടേല് ആനപ്പാറ, മേപ്പാടി കുന്നമ്പറ്റ, പൂത്തകൊല്ലി എന്നിവിടങ്ങളിലാണ് ഭൂസമരം. ഏകദേശം 600 ഏക്കര്‍ വനഭൂമിയാണ് ആദിവാസികളുടെ കൈവശത്തില്‍. സമരമുഖത്തുള്ള കുടുംബങ്ങളുടെ എണ്ണം 500നടുത്തുവരും. സൗത്ത് വയനാട് വനം ഡിവിഷനില്‍ ബത്തേരി താലൂക്കിലെ ഇരുളം വില്ലേജിലെ മൂന്നാനക്കുഴി, ചീയമ്പം സമരകേന്ദ്രങ്ങളിലാണ് കൂടുതല്‍ ആദിവാസി കുടുംബങ്ങളുള്ളത്. ആദിവാസി ക്ഷേമ സമിതിയില്‍പെട്ടവരാണ് ചീയമ്പം സമരകേന്ദ്രത്തില്‍. കേരള ആദിവാസി ഫോറം, ആദിവാസി കോണ്‍ഗ്രസ് എന്നിവയുടെ നേതൃത്വത്തില്‍ വനം കൈയേറിയവരാണ് മൂന്നാനക്കുഴിയിലുള്ളതില്‍ അധികവും. ചീയമ്പം സമരകേന്ദ്രത്തില്‍ പണിയ, അടിയ, കാട്ടുനായ്ക്ക, ഊരാളി വിഭാഗങ്ങളിലെ 200ഓളം കുടുംബങ്ങളാണ് സമരം ചെയ്യുന്നത്.
നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ മാനന്തവാടി, പേരിയ, ബേഗൂര്‍ റേഞ്ചുകളിലായി 332 ഹെക്ടര്‍ നിക്ഷിപ്ത വനഭൂമിയാണ് ആദിവാസി കുടുംബങ്ങള്‍ കൈയേറിയത്. മാനന്തവാടി റേഞ്ചില്‍ മക്കിയാട് തുമ്പശേരി, ചമോലി, നെല്ലേരി, പെരടശേരി, പാതിരിമന്ദം, വേടബേരി, വട്ടോളി എന്നിവിടങ്ങളിലാണ് ആദിവാസി ഭൂസമരം. ബേഗൂര്‍ റേഞ്ചില്‍ കല്ലോടുകുന്ന്, തവിഞ്ഞാല്‍, പിലാക്കാവ്, താരാട്ട്, പഞ്ചാരക്കൊല്ലി, റസല്‍, അമ്പുകുത്തി, പനവല്ലി പുളിമൂടുകുന്ന്, തിരുനെല്ലി ബി എസ്റ്റേറ്റ്, മക്കിമല, പൊയില്‍, വീട്ടിക്കുന്ന്, ഭഗവതിമൊട്ട, കുമാരമല എടപ്പടി എന്നിവിടങ്ങളിലാണ് സമരകേന്ദ്രങ്ങള്‍. പേരിയ റേഞ്ചിലെ മാനോത്തിക്കുന്ന്, അച്ചിലാന്‍കുന്ന്, അയ്യാനിക്കല്‍, കാപ്പാട്ടുമല, പാലക്കോളി, പേരിയ പീക്ക്, കരിമാനി, എടത്തന, കൊല്ലങ്കോട്, നാൽപത്തിയൊന്നാം മൈല്‍, ഇല്ലത്തുമൂല, പണിക്കര്‍കുഴിമല, വരയാല്‍ കരിമാനി, കണിപ്പുര ചമ്പക്കുന്ന് എന്നിവിടങ്ങളിലാണ് സമരം. നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ വിവിധ കേന്ദ്രങ്ങളിലായി 1500ഓളം ആദിവാസികളാണ് വനം കൈേയറിയത്. സമരകേന്ദ്രങ്ങളില്‍ 16 എണ്ണം എ.കെ.എസ് നിയന്ത്രണത്തിലാണ്.
കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിെൻറ ഭാഗമായി 2012 ജൂലൈയില്‍ നോര്‍ത്ത് വയനാട് ഡിവിഷനില്‍ 1,287 കുടിലുകള്‍ വനപാലകര്‍ പൊളിച്ചുനീക്കിയിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം 826 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. എന്നാല്‍, ആദിവാസികള്‍ ജാമ്യം ലഭിച്ചമുറക്ക് സമരകേന്ദ്രങ്ങളില്‍ തിരിച്ചെത്തി. ഇവര്‍ക്കെതിരായ കേസുകള്‍ 2012 ജൂലൈ ആറിനും ആഗസ്റ്റ് ഒന്നിനുമായി പുറപ്പെടുവിച്ച ഉത്തരവുകളിലൂടെയാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. കൈയേറ്റം ഒഴിപ്പിക്കാന്‍ പിന്നീട് വനം വകുപ്പ് നീക്കം നടത്തിയില്ല.
ഭൂസമര നേതൃത്വം
- ആദിവാസി ക്ഷേമ സമിതി (സി.പി.എം),
- ആദിവാസി കോൺഗ്രസ്, ആദിവാസി
- മഹാസഭ (സി.പി.ഐ),
- ആദിവാസി സംഘം (ബി.ജെ.പി),
- ആദിവാസി ഗോത്രമഹാസഭ
- (സി.കെ. ജാനു),
- പട്ടികജാതി വർഗ കോഒാഡിനേഷൻ
- കമ്മിറ്റി (യു.ഡി.എഫ്)
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.