പരിക്കേറ്റിട്ടും പിഞ്ചുകുഞ്ഞിനെ കൈവിടാതെ നിയാസ്
text_fieldsവൈത്തിരി: വിമാനത്തിെൻറ നാലാമത്തെ വരിയിലായിരുന്നു നിയാസ് ഇരുന്നത്. വിമാനം കോഴിക്കോട് ലാൻഡിങ്ങിന് തയാറെടുക്കുന്ന സമയത്ത് നിയാസ്, ഉപ്പ കുഞ്ഞുമുഹമ്മദിനെ ഇറങ്ങാൻ പോകുന്ന വിവരം ഫോണിൽ അറിയിച്ചിരുന്നു. ലാൻഡ് ചെയ്ത ഉടനെയും വിളിച്ചെങ്കിലും സംസാരിക്കാൻ കഴിഞ്ഞില്ല. കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ ചുണ്ടേൽ ലക്ഷംവീട് കോളനിയിലെ പയ്യമ്പള്ളി മീത്തൽ നിയാസ് (26) കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വിമാനം കുലുങ്ങിത്തെറിച്ച് മറിഞ്ഞതോടെ, ഭക്ഷണം വിതരണം ചെയ്യുന്ന േട്ര ശക്തമായി നിയാസിെൻറ വാരിയിൽ വന്നിടിച്ചു. വേദനയോടെ തിരിഞ്ഞപ്പോൾ പിഞ്ചുകുഞ്ഞ് നിയാസിെൻറ ദേഹത്ത് വന്നു വീണു. വേദനക്കിടയിലും കുഞ്ഞിനെ കൈയിൽ ചേർത്തുപിടിച്ചു. എഴുന്നേൽക്കാൻ നോക്കുമ്പോഴാണ് കാൽ സീറ്റിനടിയിൽ കുടുങ്ങിയിരിക്കുകയാണെന്ന് മനസ്സിലായത്. കുഞ്ഞിനെ തൊട്ടടുത്തകണ്ട ആരുടെയോ കൈകളിലേൽപിച്ചു.
എട്ടുമാസം മുമ്പാണ് നിയാസ് സെയിൽസ്മാനായി ഷാർജയിലേക്ക് പോയത്. കല്യാണ നിശ്ചയവും മോതിരമിടലും കഴിഞ്ഞാണ് പോയത്. വിവാഹത്തിനുള്ള വരവാണ് അപകടത്തിൽ കലാശിച്ചത്. ഉപ്പ കുഞ്ഞുമുഹമ്മദും ഉമ്മ റുഖിയയും പരിചരണത്തിനായി കൂടെയുണ്ട്. ജീവൻ തിരിച്ചുകിട്ടിയതിെൻറ ആശ്വാസത്തിലാണ് കുടുംബം. തസ്‌നിയാണ് നിയാസിെൻറ സഹോദരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.