അടിസ്ഥാന സൗകര്യങ്ങളില്ല: ദുരിതം പേറി നായ്കോട്ടുമ്മൽ കോളനി
text_fieldsപൊഴുതന: വിവിധ ആവശ്യങ്ങൾക്കായി കോളനിയിൽ എത്തുന്ന അധികൃതർക്ക് മുന്നിൽ നായ്കോട്ടുമ്മൽ കോളനിവാസികള്‍ക്ക് പങ്കുവെക്കാന്‍ സങ്കടങ്ങളേറെയാണ്. വാസയോഗ്യമായ വീടില്ലാത്തതും വെള്ളമില്ലാത്തതും ഇവർക്കു മുന്നിൽ വലിയ ദുരിതമായി നിലനിൽക്കുന്നു.
തങ്ങളുടെ ദുരിതങ്ങളെല്ലാം കഴിഞ്ഞ പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകാലത്ത് വോട്ടു തേടിയെത്തിയവരോട് വിവരിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും ഇവർ പറയുന്നു.
പൊഴുതന പഞ്ചായത്തിലെ വാർഡ് 11 അച്ചുർ നോർത്ത് പ്രദേശത്ത് സ്ഥിതിചെയ്യുന്ന നായ്കോട്ടുമ്മൽ കോളനിയിൽ ആകെയുള്ളത് ഏഴു വീടുകളാണ്. പണിയ വിഭാഗത്തിൽപ്പെട്ട ഇവർക്ക് കുടിവെള്ളം, വാസയോഗ്യമായ വീട് എന്നിവ അത്യാവശ്യമാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച മിക്ക വീടുകളും കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലുമായി. വീടുകൾ കരാർ എടുത്തവർ നിർമാണം പൂർത്തീകരിക്കാതെ മുങ്ങിയതായും പറയുന്നു.
വീടുകൾ നിർമിച്ചതിലും അപാകതയുണ്ട്. മേല്‍ക്കൂരക്കും ചുവരുകൾക്കും കേടുപാടുകള്‍ സംഭവിച്ചതുകൊണ്ട് മഴപെയ്താല്‍ വീടുകള്‍ ചോര്‍ന്നൊലിക്കും. വേനൽ കടുത്തതോടെ ജലക്ഷാമവും രൂക്ഷമായി. അമിത മദ്യപാനവും സ്കൂളിൽ നിന്ന് കുട്ടികളുടെ കൊഴിഞ്ഞുപോക്കും കുടുതലുള്ള കോളനിയുടെ വികസനത്തിന് അടിയന്തര കർമപദ്ധതി ആവിഷ്കരിക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.