പ്ലസ് ടു കഴിഞ്ഞാൽ നെട്ടോട്ടം; വികസിക്കാതെ വിദ്യാഭ്യാസ മേഖല
text_fieldsവിദ്യാഭ്യാസമേഖലയിൽ വയനാട് ഒരുപാട് മുന്നേറാനുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സ്കൂൾ, കോളജ്തലത്തിൽ ജില്ലയിലെ വിദ്യാർഥികൾ അസൗകര്യങ്ങളുടെ നടുവിലാണ്. മികച്ച പഠനത്തിനും പരിശീലനത്തിനും നിരവധി വിദ്യാർഥികൾ മറ്റ് ജില്ലകളിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. ഗോത്രവിഭാഗങ്ങൾ കൂടുതലായി അധിവസിക്കുന്ന ജില്ലയായിട്ടും അവരുടെ വിദ്യാഭ്യാസ പുരോഗതി ഇപ്പോഴും പരിതാപകരമാണ്. ജില്ലയിലെ വിവിധ വിദ്യാഭ്യാസ പ്രശ്നങ്ങൾ മാധ്യമം വിലയിരുത്തുന്നു.
കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തിപങ്കിടുന്ന ജില്ലയിൽ വിദ്യാഭ്യാസരംഗം നേരിടുന്ന അവഗണന നാടിെൻറ പുരോഗതിയിൽ കരിനിഴൽ വീഴ്ത്തുന്നു. മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ വിഭവ വിതരണവും പിന്തുണ സൗകര്യവും താരതമ്യേന കുറഞ്ഞ ജില്ലയിൽ ഡിഗ്രി പഠനം വിദ്യാർഥികൾക്ക് കീറാമുട്ടിയാണ്.
ഹയർ സെക്കൻഡറി പരീക്ഷ കഴിഞ്ഞാൽ ഇഷ്ടാനുസരണം കോഴ്സുകൾ തിരഞ്ഞെടുക്കാനുള്ള സർക്കാർ സംവിധാനങ്ങളും സ്ഥാപനങ്ങളും ജില്ലയിൽ പരിമിതമാണ്. പ്ലസ് ടു വിജയിക്കുന്ന നാലിലൊന്ന് വിദ്യാർഥികൾക്ക് മാത്രമാണ് ഡിഗ്രിതലത്തിൽ സീറ്റുകളുള്ളത്. ആവശ്യത്തിന് സർക്കാർ പ്രഫഷനൽ കോഴ്സുകളും ജില്ലയിലില്ല.
ഹയര്‍സെക്കൻഡറി പരീക്ഷയില്‍ ഇത്തവണ വയനാട് ജില്ലയില്‍ 83.23 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ 9465 വിദ്യാര്‍ഥികളില്‍ 7878 പേരാണ് ഉപരിപഠനത്തിന് അര്‍ഹരായത്. 910 പേര്‍ക്കാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്. ഓപണ്‍ സ്കൂള്‍ വിഭാഗത്തില്‍ 52.89 ശതമാനമാണ് ജില്ലയിലെ വിജയം. 1261 പേര് രജിസ്റ്റർ ചെയ്തതില്‍ 1195 പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍ 632 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.
ഈ വിഭാഗത്തില്‍ ഏഴുപേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ജില്ലയില്‍ നിരവധി സ്കൂളുകള്‍ ഇത്തവണ തിളക്കമാര്‍ന്ന വിജയമാണ് നേടിയത്. എന്നാൽ, ഹയർ സെക്കൻഡറി കഴിഞ്ഞ് പുറത്തിറങ്ങുന്ന വിദ്യാർഥികളിൽ പകുതിയോളം കുട്ടികൾക്കും തുടർപഠന സൗകര്യങ്ങളില്ല. തുടർപഠനത്തിനാവശ്യമായ സർക്കാർ സ്ഥാപനങ്ങളും സ്പെഷലൈസ്ഡ് കോഴ്സുകളും കുറവാണ്. ജില്ലയിൽ 2238 ബിരുദ സീറ്റുകളും 390 പി.ജി സീറ്റുകളുമാണ് വിവിധ സ്ഥാപനങ്ങളിലായി ഉള്ളത്.
മാനന്തവാടി എൻജിനീയറിങ് കോളജിൽ 300ഉം വിംസിലെ മെഡിക്കൽ കോഴ്സിലും ജില്ലക്കാർ വിരലിലെണ്ണാവുന്നവർ മാത്രമാണ്. 450 പോളിടെക്നിക് സീറ്റും 450 ഐ.ടി.ഐ സീറ്റും രണ്ട് ബി.എഡ് സെൻററും ജില്ലയിലുണ്ട്. എന്നാൽ, പാരാമെഡിക്കൽ കോഴ്സും ഹിന്ദി, മലയാളം, ജിയോഗ്രഫി, സോഷ്യോളജി ബിരുദ കോഴ്സുകൾ ഇതുവരെ ചുരം കയറിയിട്ടില്ല.
കേരളത്തിലെ മറ്റേത് ജില്ലക്കാർക്കും അയൽജില്ലയെ ആശ്രയിക്കാൻ കഴിയും. വയനാട്ടിലെ വിദ്യാർഥികൾക്ക് ചുരമിറങ്ങി മറ്റ് ജില്ലകളിലെത്തൽ പ്രയാസകരമാണ്. ഗതാഗത തടസ്സവും മണിക്കൂറുകൾ നീളുന്ന യാത്രയും തിരിച്ചടിയാണ്. സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവർക്ക് ഹോസ്റ്റൽ സൗകര്യം ഉപയോഗപ്പെടുത്തി മറ്റ് ജില്ലകളെ ആശ്രയിക്കാം. അല്ലാത്തവർ സ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടിവരുന്നു. ഗോത്രവർഗ, കർഷക വിദ്യാർഥികളുടെ പഠനം പാതിവഴിയിൽ പൊഴിയുന്നതിന് കാരണങ്ങളിൽ ഒന്നാണിത്. മാനന്തവാടിയിലെ റൂസ്സ കോളജ് വർഷങ്ങളായിട്ടും യാഥാർഥ്യമായിട്ടില്ല. പൂക്കോട് വെറ്ററിനറി കോളജിൽ തൃശൂർ ആസ്ഥാനത്തെ ഒരു ഭാഗം കോഴ്സുകൾ മാത്രമേ ഉള്ളൂ.
മികച്ച പ്രവേശന പരീക്ഷ പരിശീലനവും ജില്ലയിൽ അന്യമാണ്. നീറ്റ് അടക്കമുള്ളവക്ക് പരീക്ഷാ കേന്ദ്രങ്ങളില്ലാത്തതും ജില്ലയോടുള്ള അവഗണനയുടെ സാക്ഷ്യപത്രാണ്. ഒഴിവുകൾ നികത്താത്തതിനാൽ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിെൻറ പ്രവർത്തനം താളംതെറ്റുന്നതും പതിവാണ്. വിദ്യാഭ്യാസ ഓഫിസർമാരുടെയും പ്രധാന അധ്യാപകരുടെയും അധ്യാപകരുടെയും കസേരകൾ ഒഴിഞ്ഞുകിടക്കുന്നത് പതിവുകാഴ്ചയാണ്.
തുടരും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.