കുടിവെള്ളമില്ല: ഇരുളം കോളനിയിൽ 23 കുടുംബം ദുരിതത്തിൽ
text_fieldsഇരുളം: പൂതാടി പഞ്ചായത്തിലെ നാലാം വാർഡ് അങ്ങാടിശ്ശേരി ഉൾപ്പെടുന്ന ഇരുളം പണിയ കോളനിയിലെ 23ഓളം കുടുംബങ്ങൾ കുടിവെള്ളമില്ലാതെ വലയുന്നു. ഇരുളം പണിയ കോളനിയിൽ രണ്ട് പഞ്ചായത്ത് കിണറുകൾ ഉണ്ടെങ്കിലും ഉപയോഗിക്കാനാകാതെ കുറച്ചു വെള്ളം മാത്രമാണുള്ളത്. കോളനി നിവാസികൾ കുടിവെള്ളം ദൂരത്തുനിന്ന് സ്വകാര്യ വ്യക്തിയുടെ കിണറിൽ നിന്ന് തലച്ചുമടായി കൊണ്ടുവന്നാണ് ഉപയോഗിക്കുന്നത്. കുട്ടികളും പ്രായമായവരുമുള്ള വീടുകളിൽ വെള്ളമില്ലാതെ കോളനിവാസികൾ പ്രയാസപ്പെടുന്നു. ജൽജീവൻ മിഷൻ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒരു തുള്ളി വെള്ളം വിതരണം ചെയ്തിട്ടില്ലെന്നാണ് കോളനി നിവാസികൾ പറയുന്നത്. കോളനികളിലെ ഒരു കിണറിൽ അത്യാവശ്യത്തിന് വെള്ളമുണ്ട്. എന്നാൽ, ഇരുളം ടൗണിൽ നിന്നുള്ള അഴുക്കുചാൽ കിണറിന് സമീപത്തോടെ ഒഴുകുന്നതിനാൽ അഴുക്കുവെള്ളം ഇറങ്ങി കിണറിൽ മാലിന്യം നിറഞ്ഞിരിക്കുകയാണ്.
എല്ലാ വർഷവും വേനൽ കനക്കുന്നതോടെ കുടിവെള്ളത്തിനായി കഷ്ടപ്പെടുകയാണ് ഇരുളം പണിയിലെ നിവാസികൾ. കോളനിയിൽ സ്ഥാപിച്ച പൈപ്പുകളിലൂടെ പെട്ടെന്ന് കുടിവെള്ളം ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു. വേനൽ കടുത്തതോടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോളനികളിൽ രണ്ടുദിവസം ഇടപെട്ട് വെള്ളം എത്തിച്ചു കൊടുക്കുന്നുണ്ടെന്ന് വാർഡ് മെംബർ ഷൈലജ പറഞ്ഞു. ജൽ ജീവൻമിഷൻ പദ്ധതിയിലൂടെ കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.