കർഷക ആത്മഹത്യയിൽ ബാങ്കിന്റെ ഭാഗത്ത് അപാകതയില്ല -മനുഷ്യാവകാശ കമീഷൻ
text_fieldsകൽപറ്റ: പുൽപള്ളി ഭൂദാനം നടുകൂടിയിൽ കൃഷ്ണൻകുട്ടി എന്ന കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ സുൽത്താൻ ബത്തേരി കാർഷിക വികസന ബാങ്കിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് അപാകത ബോധ്യപ്പെട്ടിട്ടില്ലെന്ന് മനുഷ്യാവകാശ കമീഷൻ. കർഷകനെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും സർക്കാർ നൽകുന്ന ഇളവുകളെക്കുറിച്ച് സംസാരിക്കാൻ ബാങ്ക് അധികൃതർ ഭവന സന്ദർശനം നടത്തി മൂന്ന് മാസങ്ങൾക്കുശേഷം നടന്ന ആത്മഹത്യ ജപ്തി ഭീഷണി കാരണമാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നുമുള്ള ബാങ്കിന്റെ വിശദീകരണം സ്വീകരിച്ചുകൊണ്ടാണ് കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷൽ അംഗവുമായ കെ. ബൈജുനാഥിന്റെ ഉത്തരവ്.
പനമരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ഡി. സജി സമർപ്പിച്ച പരാതിയിലാണ് നടപടി. ഇക്കൊല്ലം ഫെബ്രുവരി ഒന്നിനായിരുന്നു കർഷകൻ ജീവനൊടുക്കിയത്. 2012ൽ മകളുടെ വിവാഹ ചെലവുകൾക്ക് വേണ്ടിയാണ് കർഷകൻ ഒരു ലക്ഷം രൂപ വായ്പയെടുത്തത്. തുകയൊന്നും തിരിച്ചടച്ചില്ല. 2017ൽ വായ്പ തിരിച്ചുപിടിക്കാൻ നടപടി തുടങ്ങിയെങ്കിലും 2022 വരെ സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചു.
തുടർന്ന് 2022 ഡിസംബർ 15 വരെ കുടിശ്ശികക്കാർക്ക് പലിശ ഇളവ് നൽകി. 2022 ഒക്ടോബർ 26ന് ഇളവിന്റെ കാര്യം കർഷകനെ നേരിൽ അറിയിച്ചു. സാധാരണക്കാരന്റെ സ്ഥാപനം എന്ന നിലയിൽ ബാങ്ക് ഇതുവരെ ജപ്തി നടപടികൾ തുടങ്ങിയിട്ടില്ല. 70 ശതമാനം കുടിശിക നിരക്ക് നിലനിൽക്കുന്നത് ഈ ബാങ്കിലാണ്. ആകെയുള്ള 16201 അംഗങ്ങളിൽ 3609 വായ്പക്കാർ ഉണ്ട്. ഇതിൽ 2818 വായ്പകൾ കുടിശ്ശികയാണ്. ഇതിൽ 543 വായ്പകൾ കാലാവധി കഴിഞ്ഞു. വായ്പ കുടിശ്ശികയായി 45 കോടി 81 ലക്ഷം പിരിഞ്ഞുകിട്ടാനുണ്ട്. എങ്കിലും കർശനമായ നടപടികൾ ബാങ്ക് സ്വീകരിക്കാറില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.