വിരമിച്ച് 18 വർഷം കഴിഞ്ഞിട്ടും പെൻഷനില്ല; ഉടൻ നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsകൽപറ്റ: വിരമിച്ച് 18 വർഷം കഴിഞ്ഞിട്ടും പെൻഷനും മറ്റു ആനുകൂല്യങ്ങളും ലഭിക്കാത്ത മുൻ കൃഷി വകുപ്പ് ജീവനക്കാരെൻറ പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. അനധികൃതമായി അവധിയെടുത്തെന്ന പേരിലാണ് 2007ൽ സർവിസിൽനിന്നു കൃഷി അസിസ്റ്റൻറായി വിരമിച്ച ബത്തേരി താഴത്തൂർ സ്വദേശി കെ.സി. പത്രോസിെൻറ പെൻഷനും മറ്റും തടഞ്ഞുവെച്ചത്.
പരാതിക്കാരെൻറ സേവന കാലയളവിൽ അദ്ദേഹത്തിൽ നിന്നു ഈടാക്കിയ പ്രോവിഡൻറ് ഫണ്ട്, സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ്, ഗ്രൂപ് ഇൻഷുറൻസ് തുക എത്രയും വേഗം നൽകാൻ നടപടിയെടുക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
പ്രിൻസിപ്പൽ കൃഷി ഓഫിസർക്കും പൊഴുതന കൃഷി ഓഫിസർക്കുമാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് നൽകിയത്. 1997 ജനുവരി മുതൽ ഇടവിട്ടാണ് പരാതിക്കാരൻ അവധിയെടുത്തത്. 2007 നവംബർ 30ന് വിരമിച്ചു. പെൻഷൻ ആനുകൂല്യങ്ങളോ താൻ അടച്ച തുകയോ മടക്കിത്തന്നിട്ടില്ലെന്ന് പരാതിയിൽ പറയുന്നു. കാർഷിക വികസന ഡയറക്ടറിൽനിന്ന് കമീഷൻ റിപ്പോർട്ട് വാങ്ങി. 1998 ഡിംസംബർ 24നുശേഷം പരാതിക്കാരൻ ജോലിക്ക് ഹാജരായിട്ടില്ലെന്ന് ഡയറക്ടർ അറിയിച്ചു. പരാതിക്കാരന് സ്വയം വിരമിക്കലിന് ആവശ്യമായ സേവന കാലയളവില്ല. സ്ഥിരം നിയമനം ലഭിക്കുന്നതിനുമുമ്പ് പരാതിക്കാരൻ താൽക്കാലികമായി ജോലി ചെയ്തിട്ടുണ്ട്.
താൽക്കാലിക സേവനം കൂടി പെൻഷൻ ആനുകൂല്യങ്ങൾക്ക് കണക്കാക്കണമെന്ന അപേക്ഷ സർക്കാറിെൻറ പരിഗണനയിലാണ്. എന്നാൽ, സേവനകാലത്ത് ശമ്പളത്തിൽനിന്ന് ഈടാക്കിയ തുക നൽകാൻ കൃഷി ഓഫിസർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് കൃഷി ഡയറക്ടർ കമീഷനെ അറിയിച്ചു. സ്വീകരിച്ച നടപടികൾ രണ്ടു മാസത്തിനകം കമീഷനെ അറിയിക്കണമെന്നും വയനാട് പ്രിൻസിപ്പൽ കൃഷി ഓഫിസർക്ക് നൽകിയ ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.