വെള്ളം സംഭരിക്കാൻ പദ്ധതികളില്ല; നേട്ടം കർണാടകക്ക്
text_fieldsപുൽപള്ളി: തുടർച്ചയായി ലഭിച്ച മഴയിൽ കബനീനദി കരകവിഞ്ഞ് ഒഴുകുമ്പോഴും വയനാട്ടിൽ വെള്ളം സംഭരിക്കാൻ പദ്ധതികളില്ല. കാവേരി നദിയുടെ പ്രധാന സ്രോതസ്സാണ് കബനി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ നദി ജലസമൃദ്ധമായി. എന്നാൽ, മഴക്കാലം മാറുന്നതോടെ വരൾച്ചയിൽ അമരുന്ന പുൽപള്ളി മേഖലയിൽ പദ്ധതികൾ ആവിഷ്കരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്നു നടപടിയില്ല. മുൻവർഷങ്ങളിൽ ഒട്ടേറെ പദ്ധതികൾ വിഭാവനം ചെയ്തെങ്കിലും ഒന്നും ഫലപ്രാപ്തിയിലെത്തിയില്ല.
ജില്ലക്ക് ഉപയോഗപ്പെടുത്താൻ പദ്ധതികളില്ലാത്തതിനാൽ വെള്ളം അയൽ സംസ്ഥാനങ്ങളിലേക്ക് പാഴായി ഒഴുകുകയാണ്. വയനാട്ടിൽനിന്ന് ഉത്ഭവിക്കുന്ന കബനിജലം ഉപയോഗപ്പെടുത്തി കർണാടക പതിനായിരക്കണക്കിന് ഏക്കർ സ്ഥലത്ത് കൃഷി നടത്തുന്നു. കബനിജലം ഉപയോഗപ്പെടുത്താൻ കൃത്യമായ പദ്ധതികൾ ഉണ്ടായാൽ പുൽപള്ളി മേഖലയിലെ കർഷകർക്ക് ഏറെ ഉപകാരപ്പെടും. ഒരു വർഷം 96 ടി.എം.സിയോളം വെള്ളം കബനിയിൽനിന്ന് കർണാടകയിലെത്തുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 21 ടി.എം.സി ജലം വയനാടിന് അവകാശപ്പെട്ടതാണ്. നിലവിലുള്ള മൂന്നു പദ്ധതികൾക്കുമായിട്ട് വയനാട്ടിൽ ഉൾപ്പെടുത്തുന്നത് മൂന്ന് ടി.എം.സി ജലം മാത്രമാണ്.
കബനിജലം വിവിധ ആവശ്യങ്ങൾക്കായി കർണാടക ഉപയോഗപ്പെടുത്തുന്നുണ്ട്. കാർഷിക ആവശ്യങ്ങൾക്കു പുറമെ വൈദ്യുതി നിർമാണത്തിനും ബംഗളൂരുവിലേക്കടക്കം കുടിവെള്ളത്തിനും ഉപയോഗിക്കുന്നു. വയനാട്ടിൽ ലഭിക്കുന്ന മഴയാണ് ബീച്ചനഹള്ളി ഡാമിനെ ജലസമൃദ്ധമാക്കുന്നത്. പുൽപള്ളി മേഖലയിൽ വരൾച്ച ലഘൂകരണ പദ്ധതിക്കായി 80 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും കബനിയിൽനിന്നു വെള്ളം ഉപയോഗപ്പെടുത്തിയുള്ള പദ്ധതികൾക്ക് നയാപൈസ പോലും നീക്കിവെച്ചിട്ടില്ല. കബനിയിലേക്ക് ഒഴുകിപ്പോകുന്ന വെള്ളം സംഭരിക്കാൻ തോടുകളിലും പുഴകളിലും പുതിയ പദ്ധതികൾ വർഷങ്ങളായി നടപ്പാക്കിയിട്ടില്ല. കടമാൻ തോട് പദ്ധതിയുടെ പ്രവർത്തനങ്ങളും നിശ്ചലാവസ്ഥയിലാണ്.
1975ലാണ് കർണാടക ബീച്ചനഹള്ളിയിൽ അണക്കെട്ട് നിർമിച്ചത്. 80 അടി ഉയരത്തിലാണ് അണക്കെട്ട്. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിൽ അണക്കെട്ട് നിറഞ്ഞു. ബീച്ചനഹള്ളിയിൽനിന്ന് കനാലുകളിലൂടെ വെള്ളം തിരിച്ചുവിട്ട് നൂഗു, താരക അണക്കെട്ടുകളും ബീച്ചനഹള്ളിയിൽനിന്ന് ഏറെ അകലെയല്ലാത്ത സ്ഥലങ്ങളിൽ നിർമിച്ചിട്ടുണ്ട്.
ബീച്ചനഹള്ളിയിൽനിന്ന് വെള്ളം തുറന്നുവിടുന്നുണ്ടിപ്പോൾ. ഈ വെള്ളം തമിഴ്നാട്ടിലെ മേട്ടൂർ ഡാമിലേക്കാണ് പോകുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 10 ടി.എം.സി വെള്ളം ബീച്ചനഹള്ളി അണക്കെട്ടിൽ എത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഇതോടെ നാലു ഷട്ടറുകളും തുറന്നിട്ടിരിക്കുകയാണ്. 50,000 ക്യുസെക്സ് ജലം പ്രതിദിനം തുറന്നുവിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.