അറ്റകുറ്റപ്പണികളില്ല; ആദിവാസി വീടുകളിൽ ചോർച്ചയുടെ മഴക്കാലം
text_fieldsതരിയോട്: മഴക്കാലം എത്തുന്നതിന് മുമ്പേ അറ്റകുറ്റപ്പണി നടത്താൻ ത്രാണിയില്ലാത്ത ആദിവാസി കുടുംബങ്ങളെ കാത്തിരിക്കുന്നത് ചോർച്ചയുടെ മഴക്കാലം. മഴക്കാലം ആരംഭിക്കാനിരിക്കെ കയറികിടക്കാൻ വാസയോഗ്യമായ വീടുകളില്ലാതെ ദുരിതത്തിലാണിവർ. തരിയോട് ഗ്രാമപഞ്ചായത്തിലെ കോമരംകൊണ്ടി, മഞ്ഞളംക്കോട്ടുമ്മൽ, കരിങ്ങണി, ശാന്തിനാഗർ തുടങ്ങിയ ആദിവാസി കോളനികളിലാണ് വീടുകളുടെ ശോച്യാവസ്ഥ. പണിയ വിഭാഗക്കാരാണ് കോളനികളിൽ ഭൂരിഭാഗവും. ഇവർക്കായി നിർമിക്കുന്ന വീടുകൾ പെട്ടെന്ന് തന്നെ ചോരുകയാണ്.
ട്രൈബൽ വകുപ്പിൽനിന്ന് ലഭിക്കുന്ന 4.5 ലക്ഷം രൂപക്ക് 450 ചതുരശ്ര അടി വീടാണ് നിർമിക്കുന്നത്. കരാറുകാർ സിമന്റ്, മണൽ, കമ്പി തുടങ്ങിയ നിർമാണ വസ്തുക്കൾ കുറക്കുന്നതാണ് വീടുകളുടെ തകർച്ചക്ക് കാരണമാകുന്നതെന്നാണ് പരാതി. ഭവനപദ്ധതി പ്രകാരം നിർമാണം ഏറ്റെടുക്കുന്ന കരാറുകാർ തേപ്പ്, വാതിൽ എന്നിവ സ്ഥാപിക്കാതെ വീടുപണി പാതിവഴിയിൽ ഉപേക്ഷിക്കുന്ന സംഭവങ്ങളും നിരവധിയാണ്.
മഴക്കാലം തുടങ്ങുമ്പോൾ മിക്ക കുടുംബാംഗങ്ങളും ചോർച്ച തടയാൻ കോൺക്രീറ്റ് വീടിന് മുകളിൽ പ്ലാസ്റ്റിക്ക് വലിച്ചുകെട്ടിയിരിക്കുകയാണ്. ഭക്ഷണം പാകം ചെയ്യലും ഊണും ഉറക്കവുമെല്ലാം ഭിത്തിയിൽ ബലക്ഷയം സംഭവിച്ച ഈ വീട്ടിലാണ്. പ്രാഥമികാവശ്യം നിറവേറ്റാന്‍ ഇതുവരെയും ഒരു ശൗചാലയം പോലുമില്ലാത്ത കുടുംബങ്ങളുമുണ്ട്. നിരവധി പരാതികളും അപേക്ഷകളും നൽകിയിട്ടും തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ലെന്ന നിരാശയിലാണ് ആദിവാസി കുടുംബങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.