വിവരാവകാശ അപേക്ഷയിൽ മറുപടിയില്ല; ഉദ്യോഗസ്ഥർക്ക് 25,000 പിഴ
text_fieldsകാരാട്: വിവരാവകാശ അപേക്ഷക്ക് വ്യക്തമായ വിവരം നൽകാത്തതിന് വാഴയൂർ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ, ഹെഡ് ക്ലർക്ക് എന്നിവർക്കെതിരെ വിവരാവകാശ കമീഷന്റെ നടപടി. അസിസ്റ്റന്റ് എൻജിനീയറായിരുന്ന ഒ. ബിബിൻ, ഹെഡ് ക്ലർക്കായിരുന്ന എൻ.എസ്. സുജ എന്നിവർക്കെതിരെയാണ് സംസ്ഥാന വിവരാവകാശ കമീഷണർ എ. അബ്ദുൽ ഹഖീം 12,500 രൂപ വീതം പിഴചുമത്തിയത്.
വാഴയൂർ ഗ്രാമപഞ്ചായത്തിൽ സി.എം.എൽ.ആർ.ആർ.പി ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി നിർമിച്ച റോഡ് സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിന് വിവരാവകാശ നിയമപ്രകാരം കുളപ്പുറത്ത് ശംസുദ്ദീൻ നൽകിയ അപേക്ഷക്ക് നൽകിയ മറുപടിയാണ് നടപടിക്കാധാരം. ഹരജിക്കാരൻ ആവശ്യപ്പെട്ട വിവരങ്ങൾ നൽകാതെ ഉദ്യോഗസ്ഥർ പരസ്പരം കുറ്റം പറഞ്ഞ് അപേക്ഷകനെ കളിയാക്കുന്നരീതിയിലാണ് പെരുമാറിയതെന്ന് നേരത്തെ കമീഷണർ കണ്ടെത്തുകയും ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു.
തുടർന്ന് നൽകിയ വിശദീകരണങ്ങൾ തള്ളിയാണ് കമീഷൻ അന്തിമ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇരുവരും തുക ട്രഷറിയിൽ അടച്ച് ഈ മാസം 30നകം കമീഷനെ ബോധ്യപ്പെടുത്തണമെന്നും അല്ലാത്തപക്ഷം അവരുടെ ശമ്പളത്തിൽനിന്ന് പിടിച്ച് മേലധികാരികൾ ഡിസംബർ അഞ്ചിനകം റിപ്പോർട്ട് ചെയ്യണമെന്നും ഉത്തരവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.