രണ്ടു മാസമായി വയനാട് മെഡിക്കൽ കോളജിലെ താൽക്കാലിക ജീവനക്കാർക്ക് ശമ്പളമില്ല
text_fieldsകൽപറ്റ: വയനാട് മെഡിക്കൽ കോളജിലെ താൽക്കാലിക ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് രണ്ടുമാസം. 110ഓളം ജീവനക്കാരാണ് ശമ്പളം ലഭിക്കാതെ പ്രയാസപ്പെടുന്നത്.
ഫെബ്രവരി 12ന് സർക്കാർ ജില്ല ആശുപത്രിയെ മെഡിക്കൽ കോളജ് ആക്കി ഉയർത്തിയതോടെ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ചെയർമാനായ ആശുപത്രി മാനേജ്മെൻറ് കമ്മിറ്റിയിൽനിന്ന് ആശുപത്രിയുടെ നടത്തിപ്പുചുമതല കലക്ടർ ചെയർമാനായ ആശുപത്രി ഡെവലപ്മെൻറ് കമ്മിറ്റിക്കായി.
എന്നാൽ, വയനാട്ടിലെ ആശുപത്രി മെഡിക്കൽ കോളജ് ആണോ, ജില്ല ആശുപത്രിയാണോ എന്നതിൽ സർക്കാർ വ്യക്തത വരുത്താത്തതിനാൽ രണ്ട് കമ്മിറ്റികൾക്കും ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടാനാകാത്ത അവസ്ഥയാണ്. ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി ജനുവരി വരെയുള്ള വേതനം ജീവനക്കാർക്ക് കൃത്യമായി കൊടുത്തിരുന്നു. നിലവിലും വേതനം നൽകാൻ അവർ തയാറാണ്.
എന്നാൽ, തങ്ങളുടെ അധീനതയിലല്ലാത്ത സ്ഥാപനത്തിലെ ജീവനക്കാർക്ക് പണം ചെലവഴിക്കുന്നത് ഓഡിറ്റിങ്ങിൽ അടക്കം പ്രതികൂലമായി ബാധിക്കുമെന്ന് ജില്ല പഞ്ചായത്ത് ഭരണസമിതിയും ആശുപത്രി മാനേജ്മെൻറ് കമ്മിറ്റിയും ചൂണ്ടിക്കാട്ടുന്നു. സർക്കാർ ഇറക്കിയ ഉത്തരവ് പ്രകാരം ആശുപത്രി മെഡിക്കൽ കോളജായെന്നും സ്ഥാപനത്തിെൻറ നടത്തിപ്പുചുമതല ജില്ല പഞ്ചായത്തിൽനിന്ന് ഒഴിവാക്കപ്പെട്ടതായും ജില്ല പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ പറഞ്ഞു.
ഈ വിഷയം ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിന് മുമ്പുതന്നെ അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ, അനുകൂല നടപടികളൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സെക്യൂരിറ്റി, ക്ലീനിങ്, സ്റ്റാഫ് നഴ്സ്, ഡയാലിസിസ് യൂനിറ്റ് ജീവനക്കാരടക്കമുള്ളവരാണ് നിലവിൽ ശമ്പളം ലഭിക്കാതെ പ്രയാസപ്പെടുന്നത്. മറ്റ് ജില്ലകളിൽ ഇത്തരത്തിൽ ജില്ല ആശുപത്രികൾ മെഡിക്കൽ കോളജായി ഉയർത്തിയതോടെ സർക്കാർ ഇറക്കിയ ഉത്തരവുകളിൽ ജില്ല പഞ്ചായത്തിന് താൽക്കാലിക നടത്തിപ്പ് അനുമതി നൽകിയിരുന്നു. എന്നാൽ, വയനാട് ജില്ല ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തിയപ്പോൾ അത്തരത്തിലൊരു നിർദേശം ഉത്തരവിൽ രേഖപ്പെടുത്തിയിട്ടില്ല.
ഇതാണ് പ്രതിസന്ധിക്ക് കാരണം. വിഷയത്തിൽ അടിയന്തര നടപടികൾ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് േട്രഡ് യൂനിയനുകളടക്കം രംഗത്തെത്തിയിട്ടുണ്ടെങ്കിലും ഉത്തരവിൽ വ്യക്തത വരാതെ പ്രശ്നപരിഹാരം ഉണ്ടാകില്ലെന്നതാണ് വസ്തുത.
കാസർകോട്, പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ ജില്ല ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തിയ സർക്കാർ ഉത്തരവുകളിൽ കോളജിെൻറ നടത്തിപ്പിനായി ജില്ല പഞ്ചായത്ത് പ്രസിഡൻറ്, കലക്ടർ, ഡി.എം.ഒ, എക്സിക്യൂട്ടിവ് എൻജിനീയർ അടക്കമുള്ള ആളുകൾ അംഗങ്ങളായി ഒരു സമിതി രൂപവത്കരിക്കണമെന്നും ആ സമിതിയുടെ തീരുമാനത്തിനനുസരിച്ച് കോളജിെൻറ തുടർപ്രവർത്തനങ്ങൾ ഉണ്ടാവണമെന്നും പ്രത്യേകം പരാമർശിച്ചിരുന്നു.
എന്നാൽ, ഇത്തരത്തിലൊന്ന് വയനാട് ജില്ല ആശുപത്രിയെ മെഡിക്കൽ കോളജാക്കി ഉയർത്തിയ ഉത്തരവിൽ ഇല്ലാതെപോയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.