വെള്ളമില്ല, കുടിക്കാനും നനക്കാനും
text_fieldsവേനൽ കടുക്കുന്നതോടെ കുടിക്കാനും കൃഷി നനക്കാനുമൊക്കെ ആളുകൾക്ക് വെള്ളമേറെ വേണം. എന്നാൽ, ചിലയിടത്ത് അതിനുവേണ്ട കൃത്യമായ പ്രവർത്തനങ്ങളില്ല, ചിലയിടത്ത് മോട്ടോർ പ്രവർത്തിക്കുന്നില്ല. ചിലയിടങ്ങളിൽ മാലിന്യങ്ങൾ നിറച്ച് വെള്ളം മുട്ടിക്കുന്നത് ജനംതന്നെയാണ്. വിവിധ ആവശ്യങ്ങൾക്കുള്ള ജലവിതരണങ്ങളിൽ ചില പ്രദേശങ്ങളിൽ നേരിടുന്ന പ്രതിസന്ധികളുടെ നേർക്കാഴ്ചകളിലൂടെ...
ടാങ്കുകളിൽ ആവശ്യത്തിന് വെള്ളമെത്തുന്നില്ല; പൂതാടിയിലെ 'ജലനിധി' താളം തെറ്റുന്നു
സുൽത്താൻ ബത്തേരി: ടാങ്കുകളിൽ ആവശ്യത്തിന് വെള്ളമെത്താത്തതിനെത്തുടർന്ന് പൂതാടി പഞ്ചായത്തിലെ ജലനിധി പദ്ധതി താളം തെറ്റുന്നു. കുടിവെള്ളം കൃത്യമായി ലഭിക്കാതെ ഗുണഭോക്താക്കൾ നട്ടംതിരിയുമ്പോൾ അധികൃതർ നിസ്സംഗതയിലാണ്. പുഴയിൽ ആവശ്യത്തിന് വെള്ളം ഇല്ലാത്തതാണ് ടാങ്കുകൾ നിറയാതിരിക്കാൻ കാരണമെന്നും പറയുന്നു.
പനമരം പുഴയിൽനിന്നുള്ള വെള്ളമാണ് പൂതാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നത്. ചീങ്ങോട്, അതിരാറ്റുകുന്ന്. വട്ടത്താനി, ഇരുളം എന്നിങ്ങനെ വിവിധ ടാങ്കുകളിലൂടെയാണ് വിതരണം. അടുത്തിടെയായി മൂന്നും നാലും ദിവസങ്ങൾ കാത്തിരിക്കേണ്ടി വരുകയാണ്. ചിലപ്പോൾ ഒരാഴ്ചയിലേറെ നീളുന്നതായും വിവിധ പ്രദേശങ്ങളിലുള്ളവർ പറയുന്നുണ്ട്.
പനമരം പുഴയിൽനിന്ന് എട്ട് കിലോമീറ്റർ അകലെയാണ് ചീങ്ങോട് ടാങ്ക്. അവിടെനിന്ന് അത്രയുംതന്നെ ദൂരം അതിരാറ്റുകുന്ന് ടാങ്കിലേക്കുമുണ്ട്. അതിരാറ്റുകുന്ന് കൂറ്റൻ ടാങ്കിൽനിന്ന് ശുദ്ധീകരിച്ചതിന് ശേഷമാണ് ഇരുളം, വട്ടത്താനി ടാങ്കുകളിലേക്ക് മാറ്റുന്നത്. ഒമ്പതു മണിക്കൂർ തുടർച്ചയായി പമ്പ് ചെയ്താൽ മാത്രമേ അതിരാറ്റുകുന്ന് ടാങ്ക് നിറയൂ. ഇതേ രീതിയിൽ ഇരുളം ടാങ്കിലേക്കും വെള്ളം മാറ്റണം. ഇരുളം ടാങ്ക് ഒമ്പത് മണിക്കൂർ തുറന്നുവിട്ടു വേണം വട്ടത്താനി ടാങ്ക് നിറക്കാൻ. കൃത്യമായി ഇതു നടക്കുന്നില്ലെന്നതാണ് ജലവിതരണത്തിലെ താളപ്പിഴക്ക് വഴിയൊരുക്കുന്നതെന്നാണ് ആക്ഷേപം. പൈപ്പ് പൊട്ടലും ഇതിനിടയിലുണ്ട്.
പത്തു വർഷം മുമ്പ് ജപ്പാൻ കുടിവെള്ളം എന്ന പേരിലായിരുന്നു പനമരം പുഴയിൽനിന്ന് ചീങ്ങോട് വഴി അതിരാറ്റുകുന്നിലേക്ക് വെള്ളമെത്തിക്കുന്ന പദ്ധതി തുടങ്ങിയത്. പിന്നീട് പഞ്ചായത്തിലെ ജലനിധി പദ്ധതിയായി ഇതു മാറി. ഇതോടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചെറിയ കുടിവെള്ള പദ്ധതികളൊക്കെ അടച്ചുപൂട്ടി. നല്ല നിലയിൽ പ്രവർത്തിച്ച ചെറുകിട പദ്ധതികളിലെ ഗുണഭോക്താക്കളൊക്കെ വൻകിട പദ്ധതിയിലേക്ക് മാറാൻ നിർബന്ധിതരായി. വെള്ളം കൃത്യമായി കിട്ടാത്ത അവസ്ഥയിലുമായി. ജപ്പാനെന്ന് നാട്ടുകാർ വിളിച്ച വൻകിട പദ്ധതിക്കും ജലനിധിക്കുമായി ചെലവാക്കിയ കോടികളുടെ കണക്ക് അമ്പരപ്പിക്കുന്നതാണ്.
ഇനി 2024ഓടെ കാരാപ്പുഴയിൽനിന്നുള്ള വെള്ളം പൂതാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാനുള്ള ഒരുക്കം നടക്കുന്നുണ്ട്. ഇപ്പോഴത്തെ കുടിവെള്ള പ്രശ്നം അപ്പോൾ പരിഹരിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് ജലനിധിയിലെ ഒട്ടുമിക്ക ഗുണഭോക്താക്കളും. അതേസമയം, ജലനിധിയിൽ പുതിയ കണക്ഷനായി 1300ഓളം അപേക്ഷകൾ പഞ്ചായത്തിൽ കെട്ടിക്കിടക്കുന്നതായും അധികൃതർ പറയുന്നു.
പുഴകളിൽ മാലിന്യം നിറയുന്നു; കുടിവെള്ള പദ്ധതികൾ ആശങ്കയിൽ
വെള്ളമുണ്ട: പുഴകളിൽ മാലിന്യം നിറയുന്നത് ആശങ്കയുയർത്തുന്നു. വെള്ളമുണ്ട-പടിഞ്ഞാറത്തറ പഞ്ചായത്തുകൾക്ക് അതിരുവരക്കുന്ന പാലയാണ, കക്കടവ്, പുതുശ്ശേരിക്കടവ് പുഴകളിലാണ് അടുത്ത കാലത്തായി വ്യാപകമായി മാലിന്യങ്ങൾ അടിയാൻ തുടങ്ങിയത്. പായൽ നിറഞ്ഞ പുഴകളിൽ കോഴിമാലിന്യം, പ്ലാസ്റ്റിക് തുടങ്ങിയവ വന്നടിയുന്നത് കുടിവെള്ള പദ്ധതിയെയടക്കം ബാധിച്ചിട്ടുണ്ട്. പ്രദേശവാസികൾ കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന കടവുകളിൽ മാലിന്യം വന്നടിയുന്നത് ആരോഗ്യ ഭീഷണിയുയർത്തുന്നതായി നാട്ടുകാർ പറയുന്നു.
പ്ലാസ്റ്റിക് കവറുകളിലും ചാക്കിലും കെട്ടി മാലിന്യം പുഴയിൽ തള്ളുകയാണ്. നിരവധി കുടിവെള്ള പദ്ധതികളും ജലസേചന പദ്ധതികളും ഈ പുഴവെള്ളത്തെ ആശ്രയിച്ച് പ്രവർത്തിക്കുന്നുണ്ട്. വേനൽ കനക്കുന്നതോടെ ആദിവാസികളടക്കമുള്ള നൂറുകണക്കിന് കുടുംബങ്ങൾ കുടിക്കാനായി ഈ പുഴയിലെ വെള്ളമാണ് ശേഖരിക്കുന്നത്.
രാത്രിയുടെ മറവിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മാലിന്യത്തിനൊപ്പം പുഴകളിൽ പായൽ നിറയുന്നതും പതിവു കാഴ്ചയാണ്. വെള്ളത്തിന്റെ മുകൾഭാഗം പോലും കാണാത്ത വിധം വ്യാപകമായി വളരുന്ന പായൽചെടികൾ പുഴയുടെ സ്വാഭാവികതയേയും നശിപ്പിക്കുന്നു.
മോട്ടോർ തകരാറിൽ; മരക്കടവിൽ ജലസേചനം മുടങ്ങി
പുൽപള്ളി: മോട്ടോർ തകരാറിലായതിനെത്തുടർന്ന് മരക്കടവ് പ്രദേശത്ത് ജലസേചന പദ്ധതി മുടങ്ങി. രണ്ടാഴ്ചയായി ജലവിതരണം നടത്താൻ കഴിയാതായതോടെ നെൽകൃഷിയടക്കം ചെയ്യുന്നവർ ആശങ്കയിൽ. കബനി നദിയിലെ ജലം ഉപയോഗപ്പെടുത്തിയാണ് മരക്കടവിലെ പാടശേഖരത്തിൽ നെൽകൃഷി നടത്തുന്നത്. മോട്ടോർ തകരാറിലായതിനെത്തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ജലവിതരണം മുടങ്ങിയിരിക്കുകയാണ്.
ഇത് നന്നാക്കാൻ നടപടി ഉണ്ടായിട്ടില്ല. മരക്കടവ് കോളനിയിലെ ആദിവാസി കുടുംബങ്ങളടക്കം നെൽകൃഷിയിൽ ശ്രദ്ധിക്കുന്നുണ്ട്. ജലവിതരണം മുടങ്ങിയതോടെ കൃഷി നടത്തുന്നവർ ബുദ്ധിമുട്ടുകയാണ്.
പുൽപള്ളി മേഖലയുടെ മറ്റു ഭാഗങ്ങളിലെല്ലാം മഴ ലഭിച്ചപ്പോഴും ഈ മേഖലയിൽ മഴ ലഭിച്ചിട്ടില്ല. പ്രദേശത്ത് ജലസേചന പദ്ധതിയുടെ പോരായ്മകൾ പരിഹരിച്ച് എല്ലായിടത്തും വെള്ളമെത്തിക്കാനുള്ള നടപടി ഉണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.