ഫീസടക്കാൻ വഴിയില്ല; ആദിവാസി വിദ്യാർഥിനിയുടെ പി.ജി പഠനം മുടങ്ങി
text_fieldsപുൽപള്ളി: ബിരുദധാരിയായ ആദിവാസി വിദ്യാർഥിനിക്ക് സർട്ടിഫിക്കറ്റും ടി.സിയുമടക്കം ലഭിക്കാത്തതിനാൽ തുടർപഠനം മുടങ്ങുന്നു. ഇരുളം മരിയനാട് ഭൂസമര കേന്ദ്രത്തിലെ രാമൻ -ലില്ലി ദമ്പതികളുടെ മകൾ ദിന്യക്കാണ് ബിരുദാനന്തരബിരുദം എന്ന മോഹം ഉപേക്ഷിക്കേണ്ടിവന്നത്.
കോളജിൽ ഫീസിനത്തിൽ നല്ലൊരുതുക നൽകാനുണ്ട്. ഇക്കാരണത്താൽ എസ്.എസ്.എൽസി ബുക്കും മറ്റും തിരിച്ച് കൊടുത്തിട്ടില്ലെന്നും ഇവർ പറയുന്നു. പഠനത്തിൽ മികവ് പുലർത്തുന്ന ദിന്യയെ സഹായിക്കാൻ ഉദാരമനസ്കരുടെ സഹായം തേടുകയാണ് കുടുംബം. സാമ്പത്തിക പ്രയാസത്തിലായ കുടുംബത്തിന് തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണ്.
2020 -21 വർഷത്തിലാണ് ദിന്യ ബിരുദപഠനം പൂർത്തിയാക്കിയത്. ബി.എ സോഷ്യോളജി പരീക്ഷ വിജയിച്ചെങ്കിലും ഇപ്പോൾ വീട്ടിൽ തന്നെ മാതാപിതാക്കളെ സഹായിച്ച് കഴിയുകയാണ്. നടവയൽ പാതിരിയമ്പം, കായക്കുന്ന് കോളനിയിലാണ് ഇവരുടെ വീട്. മഴക്കാലം വന്നാൽ വീടുൾപ്പെടെ വെള്ളത്തിലാകും. വീടിരിക്കുന്ന സ്ഥലം മാത്രമാണ് ഇവർക്കുള്ളത്. എല്ലാവർഷവും ഇവരെ ഇവിടെ നിന്നും മാറ്റി പാർപ്പിക്കുന്നതും പതിവാണ്.
ഈ സാഹചര്യത്തിലാണ് രാമനും ലില്ലിയും മക്കളായ ദിന്യയും ദിലീപുമടക്കം മരിയനാട് ഭൂസമരകേന്ദ്രത്തിൽ കുടിൽകെട്ടി താമസം തുടങ്ങിയത്. സ്വന്തമായി ഭൂമിക്ക് വേണ്ടിയുള്ള സമരത്തിലാണ് ഈ കുടുംബം. തിരുനെല്ലി ആശ്രമം സ്കൂളിലാണ് 12 വരെ പഠിച്ചത്. തുടർന്ന് പനമരത്തെ സ്വകാര്യ കോളജിൽ ഡിഗ്രിക്ക് ചേർന്നു. പഠിക്കാൻ ഏറെ ഇഷ്ടമുണ്ടെങ്കിലും ഇതിന് പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ദിന്യ പറയുന്നു.
സമരകേന്ദ്രത്തിൽ വീടിനോട് ചേർന്നുള്ള സ്ഥലത്ത് ജോലികൾ ചെയ്ത് കഴിയുകയാണ് ദിന്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.