തീരില്ല, വയനാടിെൻറ സങ്കടം; വയനാട് പാക്കേജ്, മെഡിക്കൽ കോളജ് എന്നിവയെ കുറിച്ച് ബജറ്റിൽ ഒന്നും പറയുന്നില്ല
text_fieldsകൽപറ്റ: കഴിഞ്ഞ ജനുവരിയിലെ ബജറ്റ് പുതുക്കി അവതരിപ്പിച്ചെങ്കിലും വയനാടിന് നിരാശ. മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച 7000 കോടിയുടെ വയനാട് പാക്കേജിനെ കുറിച്ച് ബജറ്റിൽ ഒന്നും പരാമർശിക്കുന്നില്ല. മെഡിക്കൽ കോളജിനെ കുറിച്ചും മൗനം പാലിക്കുന്നു. കഴിഞ്ഞ ബജറ്റിൽ ജില്ലക്കായി വൻ പദ്ധതികളൊന്നും പ്രഖ്യാപിച്ചിരുന്നില്ല.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ല ആശുപത്രിയെ മെഡിക്കൽ കോളജായി ഉയർത്തി, പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള തസ്തികകൾ സൃഷ്ടിച്ചിരുന്നു. എന്നാൽ, തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല. വയനാട് പാക്കേജിന് പ്രത്യേക നീക്കിയിരിപ്പും ജനം പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ ഏതാനും ബജറ്റുകളിൽ മുൻ വർഷങ്ങളിൽ വിളമ്പിയ വിഭവങ്ങൾ ഒന്നുകൂടി ചൂടാക്കി വിളമ്പുന്നതാണ് പതിവ്. തകർന്നു കിടക്കുന്ന കാർഷിക, ടൂറിസം മേഖലകളുടെ പുനരുജ്ജീവനത്തിനും കാര്യമായ നിർദേശങ്ങളൊന്നും ബജറ്റിലില്ല.
ആരോഗ്യ മേഖലയിലെ നീക്കിയിരിപ്പിെൻറ ഒരു വിഹിതം ജില്ലക്ക് ലഭിക്കുന്നത് പ്രത്യാശ നൽകുന്നതാണ്. സി.എച്ച്.സി, താലൂക്ക്, ജനറൽ ആശുപത്രികളിൽ പകർച്ചവ്യാധികൾക്കായി 10 കിടക്കകൾ വീതമുള്ള ഐസൊലേഷൻ വാർഡുകൾക്ക് പണം നീക്കിവെച്ചിട്ടുണ്ട്. കുടുംബാരോഗ്യ ഉപകേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ ശക്തിപ്പെടുത്തും. പട്ടികവർഗ വിഭാഗത്തിന് 10 ലക്ഷം വരെ 100 പേർക്ക് സംരംഭകത്വ സഹായം നൽകുന്നതിെൻറ ഗുണം ജില്ലക്ക് ലഭിക്കും.
വയനാടിനെ അവഗണിച്ചു – ഐ.സി. ബാലകൃഷ്ണന്
വയനാടിനെ പൂര്‍ണമായി അവഗണിച്ച ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ. വയനാട് പോലുള്ള കാര്‍ഷിക ജില്ലകളില്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോള്‍ അവരെ സഹായിക്കുന്ന രീതിയിലുള്ള ഒരു പ്രഖ്യാപനവുമില്ല.
കോവിഡ് വ്യാപനവും ലോക്ഡൗണുംമൂലം കടുത്ത ദുരിതത്തിലേക്ക് നീങ്ങുന്ന കാര്‍ഷിക മേഖലയെ ഒന്നാകെ വഞ്ചിക്കുന്ന ബജറ്റാണിത്. വയനാടിെൻറ ആരോഗ്യമേഖലയെയും ബജറ്റ് അവഗണിച്ചു.
ജില്ലയിലെ ജനങ്ങളൊന്നാകെ ഉറ്റുനോക്കിയിരുന്ന വയനാട് മെഡിക്കല്‍ കോളജിനായി ഒന്നും നീക്കിവെക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. കേവലം ഒരു രാഷ്ട്രീയ പ്രസംഗത്തിെൻറ ലാഘവത്തോടെ മാത്രം അവതരിപ്പിക്കപ്പെട്ട ബജറ്റ് നിരാശജനകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമ്മാനിച്ചത് നിരാശ – അഡ്വ. ടി. സിദ്ദീഖ്
നിരാശജനകവും വയനാട് ജില്ലയോട് തികഞ്ഞ ഉത്തരവാദിത്വമില്ലായ്മയും കാണിച്ച ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏഴായിരം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ട്, ബജറ്റ് അവതരണം നടത്തിയപ്പോള്‍ ഏഴായിരം പോയിട്ട് ഏഴു രൂപയുടെ പാക്കേജുപോലും ജില്ലക്ക് വെച്ചില്ല. മെഡിക്കല്‍ കോളജിെൻറ കാര്യത്തില്‍ മൗനം പാലിച്ചു.
കൂടാതെ ജില്ലയില്‍ മൂലധന നിക്ഷേപം വര്‍ധിപ്പിക്കാനുള്ള ഒരു നടപടിയും കാതലായ ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല. തകർന്നുകിടക്കുന്ന കാര്‍ഷിക മേഖലയെയും ടൂറിസത്തെയും രക്ഷപ്പെടുത്താനുള്ള കാതലായ ഒരു നടപടിയും ബജറ്റിലില്ല.
കോവിഡ് കാലത്ത് ജോലിയില്ലാതെ പ്രയാസപ്പെടുന്നവർക്ക് ആശ്വാസ നടപടികളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡ് അതിജീവന ബജറ്റ് – ഒ.ആർ. കേളു
മാനന്തവാടി: കോവിഡ് മഹാമാരി കാലഘട്ടത്തെ പ്രതിസന്ധിയെ അതിജീവിക്കാൻ നാടിനെ പ്രാപ്തമാക്കുന്ന ബജറ്റാണ് ഇത്തവണത്തേതെന്ന് ഒ.ആർ. കേളു എം.എൽ.എ. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ എല്ലാംതന്നെ നടപ്പാക്കും എന്നുള്ളതും തികച്ചും സ്വാഗതാർഹമായ കാര്യമാണ്. കഴിഞ്ഞ ബജറ്റിലെ ബൃഹദ്പദ്ധതികളും വയനാട് പാക്കേജും ഏറെ പ്രതീക്ഷ നൽകുന്നതാണ്. ലോക
സാമ്പത്തിക മേഖലയാകെ കോവിഡ് പ്രതിസന്ധിയിൽ ഉഴറിനിൽക്കുമ്പോൾ ഒരു നികുതിഭാരവും അടിച്ചേൽപിക്കാതെ പരമാവധി ക്ഷേമ പ്രവർത്തനങ്ങളെ സാധ്യമാക്കുന്ന സാമ്പത്തിക ഉത്തേജന പാക്കേജ് ആയി മാറിയിരിക്കുകയാണ് കേരള ബജറ്റെന്നും എം.എൽ.എ അഭിപ്രായപ്പെട്ടു.
കർഷകരെ ചേർത്തുപിടിക്കാത്ത ബജറ്റ്–സ്വതന്ത്ര കർഷക സംഘം
കൽപറ്റ: പ്രതികൂല കാലാവസ്ഥയും കോവിഡ് മഹാമാരിയും തളർത്തിയ കാർഷികമേഖലയുടെ പുനരുദ്ധാരണത്തിന് സഹായകമായ പദ്ധതികളൊന്നും ബജറ്റിൽ ഇല്ലെന്ന് സ്വതന്ത്ര കർഷക സംഘം.
നിലവിലുള്ള പദ്ധതികളുടെ ആവർത്തനമാണ് ബജറ്റിലുള്ളത്. കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുമെന്ന പ്രഖ്യാപനമാണ് പ്രധാനമായിട്ടുള്ളത്. ഈ പ്രഖ്യാപനത്തിന് ഒരു പുതുമയുമില്ല. കാർഷിക മേഖലയെ ചേർത്തുപിടിക്കുന്ന കൂടുതൽ പദ്ധതികൾ ബജറ്റ് ചർച്ചവേളയിൽ ഉൾപ്പെടുത്താൻ സർക്കാർ മുന്നോട്ടുവരണമെന്ന് ജില്ല ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.