തലയ്ക്കടിയേറ്റ് വയോധികൻ മരിച്ച സംഭവം: ഞെട്ടൽ മാറാതെ ചൂതുപാറ
text_fieldsസുൽത്താൻ ബത്തേരി: തലയ്ക്കടിയേറ്റ് വയോധികൻ മരിച്ച സംഭവത്തെത്തുടർന്നുള്ള ഞെട്ടൽ മാറാതെ ചൂതുപാറ. 22 നാണ് ഒഴാങ്കൽ ദാമോദരൻ (82) കൊല ചെയ്യപ്പെട്ടത്. പാലക്കമൂല - സൊസൈറ്റിക്കവല റോഡിൽ ചൂതുപാറയ്ക്ക് അരക്കിലോമീറ്റർ മാറി വിക്രംനഗറിലാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. ബന്ധങ്ങൾ മറന്നുള്ള ദമ്പതിമാരുടെ കടുത്ത പകയാണ് കൊലപാതകത്തിൽ കലാശിച്ചത്.
ലക്ഷ്മിക്കുട്ടിയും ഭർത്താവ് ദാമോദരനും പത്ത് വർഷമായി സ്വരച്ചേർച്ചയിൽ ആയിരുന്നില്ല. ഏതാനും വർഷം മുമ്പ് മകൾ ജയ അസുഖബാധിതയായി മരിച്ചിരുന്നു. ദാമോദരെൻറ അനാസ്ഥകൊണ്ടാണ് മകൾ മരിച്ചതെന്ന് ലക്ഷ്മിക്കുട്ടിക്ക് പരാതിയുണ്ടായിരുന്നു. അതിനാൽ, സർക്കാർ ജീവനക്കാരനായ മകനോടൊപ്പം കാസർകോടായിരുന്നു ദാമോദരൻ താമസിച്ചിരുന്നത്. മകൻ കൽപ്പറ്റയിലെ പുതിയ വീട്ടിലേക്ക് താമസം മാറ്റിയതോടെയാണ് ദാമോദരന് സ്വന്തം വീട് സന്ദർശിക്കാൻ സാഹചര്യമുണ്ടായത്.
ഭർത്താവ് വീട്ടിലേക്കു വരുന്നതിൽ ലക്ഷ്മിക്കുട്ടി കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. 22 ന് ഉച്ചയ്ക്ക് വീട്ടിലെത്തിയ അദ്ദേഹം ഭാര്യയുമായി വാക്കു തർക്കത്തിലായി. വീടിനടുത്ത് ആശാരിപ്പണിക്കാരുടെ ഒരു ഷെഡ് ഉണ്ടായിരുന്നു. ഇതിനു മുന്നിൽ വെച്ചായിരുന്നു തർക്കം.ഇതിനിടക്ക് ലക്ഷ്മിക്കുട്ടി ദാമോദരനെ പിടിച്ചു തള്ളി. ദാമോദരൻ ഭാര്യയെ അടിക്കാൻ പട്ടികക്കഷണം എടുത്തു. അതു പിടിച്ചു വാങ്ങി ലക്ഷ്മിക്കുട്ടി തിരിച്ചടിച്ചു. ആദ്യത്തെ അടിയിൽ തന്നെ നിലത്തു വീണു. കലിപൂണ്ട ലക്ഷ്മിക്കുട്ടി തുടർച്ചയായി തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് ഭർത്താവ് മർദിച്ചതായി മീനങ്ങാടി പൊലീസിൽ വിളിച്ചറിയിച്ചിരുന്നു. പൊലീസെത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീടുള്ള അന്വേഷണത്തിലാണ് ദാമോദരെൻറ മൃതദേഹം കണ്ടെത്തിയത്.സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ബുധനാഴ്ചയാണ് ലക്ഷ്മിക്കുട്ടി (73) അറസ്റ്റിലായത്. തുടർന്ന് വീട്ടിലെത്തിച്ച് തെളിവെടുത്തു. റിമാൻഡ് ചെയ്ത പ്രതിയെ കാഞ്ഞങ്ങാട് ഹോസ്ദുർഗ് വനിത ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.
25 വർഷങ്ങൾക്ക് മുമ്പാണ് ഇതിനു മുമ്പ് ചൂതുപാറ പ്രദേശത്ത് ഒരു കൊലപാതകം നടന്നത്. ശിവരാത്രി ദിവസം രാത്രി വീട്ടിലെത്തിയ അയൽവാസിയെ ഗൃഹനാഥൻ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ദാമോദരെൻറ വീടിന് അരക്കിലോമീറ്റർ ചുറ്റളവിനുള്ളിലായിരുന്നു പഴയ സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.